ന്യൂഡൽഹി: മധ്യഡൽഹിയിലെ ചാന്ദ്നിചൗക്കിൽ പ്രവർത്തിക്കുന്ന ആക്സിസ് ബാങ്ക് ശാഖയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ബങ്കുകളിലൊന്നായ ആക്സിസിന്റെ ഡൽഹിയിൽ പ്രവർത്തിക്കുന്ന ശാഖകളിൽ ഇത് രണ്ടാം തവണയാണ് പരിശോധന നടക്കുന്നത്.

നോട്ടുനിരോധനം പ്രാബല്യത്തിൽവന്ന നവംബർ എട്ടിനുശേഷം ചാന്ത്നിചൗക്ക് ബാങ്കിലെ 44 അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടതായാണു കണ്ടെത്തിയിരിക്കുന്നത്. 44 അക്കൗണ്ടുകളും ആരംഭിച്ചിരിക്കുന്നത് വ്യാജ രേഖകൾ സമർപ്പിച്ചാണ്.

നവംബർ എട്ടിനുശേഷം മാത്രം ഈ ബ്രാഞ്ചിൽ 450 കോടി രൂപയുടെ നിക്ഷേപം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മധ്യ ഡൽഹിയിലെ തന്നെ കശ്മീർഗേറ്റിലെ ബ്രാഞ്ചിൽ നേരത്തേ നടന്ന പരിശോധനയിൽ 3.5 കോടി രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടുപേരെ ആദായനികുതി അധികൃതർ പിടികൂടുകയുണ്ടായി. ഇവർ ബാങ്കിനു പുറത്തേക്കു വരുമ്പോഴായിരുന്നു അറസ്റ്റ്.

നോട്ടു നിരോധനം നടപ്പിലായശേഷം അനധികൃത പ്രവർത്തനങ്ങൾ ഏർപ്പെട്ട 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി നേരത്തേ ആക്സിസ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു.