ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് കേന്ദ്രസർക്കാറും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും രംഗത്തെത്തിയപ്പോൾ തന്നെ വ്യക്തമാകുന്നത് രാജ്യത്തെ ന്യൂജെൻ ബാങ്കുകളിൽ വലിയ തോതിൽ അനധികൃത പണം സൂക്ഷിക്കപ്പെടുന്നു എന്നാണ്. ഇക്കാര്യം വ്യക്തമാകുന്നതാണ് അടുത്തിടെ പുതുതലമുറ ബാങ്കുകളിൽ അടുത്ത ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നും വ്യക്തമാകുന്നത്. ആക്‌സിസ് ബാങ്കിൽ നിന്നും കോടികളുടെ അനധികൃത പണം പിടികൂടിയതിന് പിന്നാലെ തന്നെ മറ്റൊരു ബാങ്കായ എച്ച്ഡിഎഫ്‌സിയിൽ നടത്തിയ റെയ്ഡിൽ നിന്നും 150 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്.

ആക്‌സിസ് ബാങ്ക് നോയിഡ ശാഖയിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടർ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടുക്ക് ബ്രാഞ്ചുകളുള്ള ആക്‌സിസ് ബാങ്കിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. നേരത്തെ ആക്‌സിസ് ബാങ്കിന്റെ ഡൽഹി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ച് ശാഖയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കെവൈസി നിബന്ധനകൾ പാലിക്കാത്ത 44 അക്കൗണ്ടുകളിൽ 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളിൽ 70 കോടി രൂപയും ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. 450 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് വ്യക്തമായ രേഖകളില്ലെന്നും വ്യക്തമായിരുന്നു. ഇതേത്തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

എച്ച്.ഡി.എഫ്.സി ബാങ്കിെന്റ ഡൽഹിയിലെ കരോൾ ബാഗ് ബ്രാഞ്ചിൽ നിക്ഷേപിച്ച 150 കോടിയാണ് കണ്ടെത്തിയത്. ഇതും കള്ളപ്പണ നിക്ഷേപമാണെന്നാണ് സംശയം. ഇതേ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കിൽ പരിശോധന നടത്തുകയാണ്. ബാങ്കിലെ ആറ് അക്കൗണ്ടുകളിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടത് പല അക്കൗണ്ടുകളലും 30 കോടി രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സംശയത്തിലാക്കിയത്.

ഇതിൽ പല അക്കൗണ്ടുകളും വ്യാജ വിലാസങ്ങളുപയോഗിച്ച് ഹവാല ഡീലർമാർ ആരംഭിച്ച അക്കൗണ്ടുകളാണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിെന്റ അക്കൗണ്ടുകളിൽ പണം എത്തുന്നതിന് മുമ്പ് മറ്റ് അക്കൗണ്ടുകളിൽ ഈ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പല അക്കൗണ്ടുകളിൽ നിന്നും ട്രാൻസഫർ ചെയ്തതിന് ശേഷമാണ് ഇപ്പോഴുള്ള അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുള്ളത്.

എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിെന്റ സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണ് ബാങ്കിലും പരിശോധന നടത്തിയിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പുതിയ 2000 രൂപ നോട്ടുകൾ വ്യാപകമായി റെയ്ഡിൽ നിന്നും പിടികൂടിയിരുന്നു. പണം പിൻവലിക്കുന്നതിന് കടുത്ത നിയന്ത്രണം ഉള്ളപ്പോൾ തന്നെ എവിടെ നിന്നാണ് പലർക്കും വലിയ തോതിൽ കോടികളുടെ 2000 രൂപ നോട്ടുകൾ ലഭിച്ചതെന്ന ചോദ്യവും ഉയർന്നിരുന്നു. കഴിഞ്ഞദിവസം ബാംഗ്ലൂരിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽനിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ 2.89 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഛണ്ഡീഗണ്ടിലെ ഒരു വസ്ത്ര വ്യാപാരിയിൽനിന്നും മറ്റു ചില ഇടങ്ങളിൽനിന്നുമായി 2.20 കോടി രൂപയും പിടികൂടുകയുണ്ടായി. പുതുതലമുറ ബാങ്കുകളിൽ വ്യാപകമായ തോതിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നതിന്റെ തെളിവു കൂടിയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയിലൂടെ വ്യക്തമാകുന്നത്.