കൊച്ചി: ഇല്ലാത്ത കയറ്റുമതിയുടെ പേരിൽ കൊച്ചിയിൽ 59 കോടിയുടെ കള്ളപ്പണം എത്തിയതായി റിപ്പോർട്ടുകൾ. കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്കാണു പണം എത്തിയത്.

സംഭവത്തിൽ എറണാകുളം ഏലൂർ സ്വദേശി ജോസ് ജോർജിനെതിരേയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്. നടക്കാത്ത ഇടപാടിന്റെ പേരിലാണ് ബൾഗേറിയയിൽനിന്ന് പണമെത്തിയതെന്നും ഈ തുകയിൽനിന്ന് വലിയഭാഗം കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായുമാണ് സംശയം.

വിവരങ്ങൾ അന്വേഷിച്ച ബാങ്ക് അധികൃതരോട്, ബൾഗേറിയൻ കമ്പനിയിൽനിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്ക് എന്നാണ് ജോസ് ജോർജ് മറുപടി നൽകിയത്. എന്നാൽ ഇറക്കുമതിയുടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇത് സമർപ്പിക്കാൻ ജോസിന് കഴിഞ്ഞില്ല. തുടർന്ന് ബാങ്ക് അധികൃതർ വിവരം അറിയിച്ചതോടെയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന തുടങ്ങിയത്.

ബൾഗേറിയയിലെ 'സ്വസ്ത ഡി' എന്ന കമ്പനിയിൽനിന്ന് കൊച്ചി വെല്ലിങ്ടണിലുള്ള എസ്‌ബിഐ അക്കൗണ്ടിലേക്ക് ജൂലൈയിലാണ് പണമെത്തിയത്. എൻഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു കയറ്റുമതി ഇടപാട് നടന്നിട്ടില്ലെന്നു സൂചന ലഭിച്ചു. എന്നാൽ ഇടപാടിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സ്വസ്ത ഡിയുമായി ബന്ധപ്പെട്ടെങ്കിലും കമ്പനി അന്വേഷണവുമായി സഹകരിച്ചില്ലെന്നും സൂചനയുണ്ട്.

എറണാകുളം സ്വദേശിയുടെ പേരിലാണ് കോടികൾ എത്തിയതെങ്കിലും ഇടപാടിന് പിന്നിൽ വമ്പൻ സ്രാവുകളെന്നാണ് സംശയം. എളമക്കര സ്വദേശി ജോസ് ജോർജിന് പണമെത്തിയത് ഹാർബറിലെ എസ് ബി ഐ യുടെ ഓവർസീസ് ബ്രാഞ്ചിലാണ്. ഇതിൽ 29.5 കോടി രൂപ 15 ദിവസത്തിനുള്ളിൽ പിൻവലിക്കുകയും ചെയ്തു.