കോഴിക്കോട്: ജനങ്ങളെ എങ്ങനെ പിഴിഞ്ഞെടുക്കാമെന്ന് ഗവേഷണം ചെയ്ത് നടക്കുകയാണെന്ന് തോനുന്നു നമ്മുടെ സെൽഫോൺ കമ്പനികൾ .എന്നാൽ ആ ചൂഷണത്തിലേക്ക് ബി.എസ്.എൻ.എല്ലും ചേർന്നാലും. ഈ ക്രിസ്മസ്പുതുവൽസരത്തിൽ കേരളക്കരയിൽ സംഭവിച്ചത് അതാണ്.മൊബെൽഫോൺ കമ്പനികൾ കൂട്ടത്തോടെ ബ്‌ളാക്ക് ഔട്ട് ഡേ ആഘോഷത്തിലായതോടെ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി.

ആഘോഷദിനങ്ങളിൽ സൗജന്യ കോളുകളും ഓഫറുകളും തടയുന്ന പരിപാടിയാണ് ബ്‌ളാക്ക് ഔട്ട് ഡേ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. ഈ ദിവസങ്ങളിൽ സ്‌പെഷൽ താരിഫ് വൗച്ചറുകളിൽനിന്ന് (എസ്.ടി.വി) വിളിക്കാനോ സന്ദേശങ്ങളയക്കാനോ കഴിയില്ല. ഇതുകാരണം ഉപഭോക്താക്കൾ അതത് പ്‌ളാനുകളിലെ കൂപ്പണുകൾ റീചാർജ് ചെയ്യാൻ നിർബന്ധിതരാകും. ക്രിസ്മസ്, ന്യൂ ഇയർ എന്നീ ആഘോഷങ്ങൾ ഒരേ ആഴ്ചയിലായത് കാരണം ഉപഭോക്താക്കൾക്ക് രണ്ടു ദിവസത്തെ കാലാവധിയും നഷ്ടമായി.

ആഘോഷ ദിവസങ്ങളിൽ സന്ദേശങ്ങളും ആശംസകളുമയക്കുന്നതിന് ആളുകൾ മത്സരിക്കുന്നതിനാൽ ലൈനുകൾ തിരക്കാകും. അതിനാൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് ബ്‌ളാക്ക് ഔട്ട് ഡേ ആചരിക്കുന്നതെന്നാണ് കമ്പനികൾ പറയുന്നത്. യഥാർഥത്തിൽ അവസരം മുതലെടുത്ത് ലാഭം കൊയ്യുകയാണ് ചെയ്യുന്നത്.വർഷത്തിൽ അഞ്ച് ദിവസം ബ്‌ളാക്ക് ഔട്ട് ഡേ ആചരിക്കാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അനുമതിയുണ്ട്. ഉപഭോക്താക്കളിൽ അധികപേരും എസ്.ടി.വി ഉപയോഗിക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ അധിക ബാധ്യതയാണ് വരുന്നത്.

പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ അടക്കം ബ്‌ളാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത് ജനത്തിന് വൻ തിരിച്ചടിയായി. നേരത്തെ സ്വകാര്യ സെൽ ഫോൺ കമ്പനികളാണ് ഇത്തരത്തിൽ ചൂഷണം ചെയ്തിരുന്നതെങ്കിൽ ബി.എസ്.എൻ.എല്ലും അതേവഴി സഞ്ചരിക്കുന്നത് ജനത്തെ വലക്കുകയാണ്.