തിരുവനന്തപുരം: കരിമണൽ ഖനനം ആലപ്പുഴയിലെയും കൊല്ലം തീരത്തെയും പ്രധാന വിഷയമായിട്ട് കാലം കുറച്ചായി. സർക്കാറിന്റെ നിയന്ത്രണത്തിലായിരുന്ന ഈ മേഖലയിൽ ഇനി കൂടുതൽ സ്വകാര്യ മേഖലയ്ക്കും വഴി തുറക്കുകയാണ്. കരിമണൽ ഖനനം സ്വകാര്യ മേഖലക്കും നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. പാട്ടത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതി സ്വകാര്യമേഖലയ്ക്കും വഴിതുറക്കും. ഖനനം പൊതുമേഖലയിൽത്തന്നെ നിലനിർത്തണമെന്ന നയത്തിലെ മാറ്റമാണിത്.

ഖനനാനുമതി നൽകാനുള്ള സംസ്ഥാനത്തിന്റെ അധികാരം വീതിച്ചെടുക്കും. ആണവധാതുക്കളുടെ പട്ടികയിലുള്ള 12-ൽ എട്ടെണ്ണത്തെ അതിൽ നിന്നുമാറ്റി ക്രിട്ടിക്കൽ മിനറൽസ് വിഭാഗത്തിലാക്കും. ധാതു ഖനനത്തിനായുള്ള എം.എം.ഡി.ആർ. നിയമത്തിലെ ഭേദഗതിയിലാണ് ഈ നയംമാറ്റം. ഇത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും ബാധിക്കും. മെയ്‌ 25-ന് പുറത്തിറക്കിയ ഭേദഗതിയോടുള്ള എതിർപ്പ് 15-നകം കേന്ദ്രത്തെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം.

1957-ലെ മൈൻസ് ആൻഡ് മിനറൽസ്-ഡെവലപ്പ്‌മെന്റ് ആൻഡ് റഗുലേഷൻ(എം.എം.ഡി.ആർ.) നിയമപ്രകാരം ഖനനത്തിന് അനുമതി നൽകാനുള്ള സംസ്ഥാന അധികാരമാണ് കേന്ദ്രം പങ്കിടുക. മോണോസൈറ്റ്, ഇൽമനൈറ്റ്, സിലിമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ എന്നിവയുൾപ്പെടെ എട്ടെണ്ണത്തിന്റെ പട്ടികമാറ്റമാണ് ദോഷകരമായ മറ്റൊരു ഭേദഗതി.

ആണവ ധാതുക്കളുടെ ഖനനത്തിന് സർക്കാർ സ്ഥാപനങ്ങൾക്കേ അനുമതിയുള്ളൂ എന്നിരിക്കേ മോണോസൈറ്റ് ഉൾപ്പെടെയുള്ളവ ആ പട്ടികയിൽനിന്നുമാറ്റുന്നതോടെ സ്വകാര്യവത്കരണത്തിന് കേന്ദ്രസർക്കാരിന് മുന്നിലെ തടസ്സം നീങ്ങും. ഭേദഗതി നടപ്പായാൽ സംസ്ഥാനത്തിന്റെ എതിർപ്പ് മറികടന്നും സ്വകാര്യമേഖലയ്ക്ക് അനുമതി നൽകാൻ കേന്ദ്രത്തിന് കഴിയും.

വി എസ്. സർക്കാരിന്റെ കാലത്ത്, കേരളത്തിൽ കരിമണൽ ഖനനത്തിന് സംയുക്തസംരംഭം ആകാമെന്ന വ്യവസ്ഥ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി സ്വകാര്യവത്കരണ നീക്കം ഉണ്ടായെങ്കിലും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അച്യുതാനന്ദന്റെ എതിർപ്പിൽ ആ ഭാഗം ഒഴിവാക്കേണ്ടിവന്നു. യു.ഡി.എഫിന്റെ കാലത്തും സ്വകാര്യവത്കരണശ്രമം ഉണ്ടായി. എന്നാൽ, ഖനനം പൊതുമേഖലയിൽ മതിയെന്ന നിലപാടിൽ ഇരുമുന്നണികളും പിന്നീടെത്തി.

അതേസയം സ്വകാര്യ വൽക്കരണം രാജ്യസുരക്ഷക്കും ഭീഷണിയാണെന്ന വാദം ഉയർന്നിട്ടുണ്ട്. മോണോസൈറ്റിൽനിന്നാണ് ആണവോർജത്തിനും അണുബോംബിനും ഉപയോഗപ്പെടുത്താവുന്ന മൂലകമായ തോറിയം വേർതിരിച്ചെടുക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇത് അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ. മുഖേന കയറ്റുമതി മതിയെന്നു 2018 ഓഗസ്റ്റ് 21-ന് വാണിജ്യമന്ത്രാലയം ഉത്തരവിട്ടത്. ഇപ്പോഴത്തെ നയംമാറ്റത്തോടെ സ്വകാര്യ മേഖലയിലേക്ക് ഈ മൂലകം പോകുമ്പോൾ ആത് ആശങ്കപ്പടേണ്ട വിഷയം തന്നയാണ്.

മോണോസൈറ്റും തോറിയവുമൊക്കെ സ്വകാര്യമേഖല കൈകാര്യം ചെയ്യുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനുള്ള നീക്കം ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കും. കെ.എം.എം.എൽ., ഐ.ആർ.ഇ., ടൈാറ്റാനിയം പ്രോഡക്ട്സ് എന്നീ സ്ഥാപനങ്ങൾക്ക് കരിമണൽ കിട്ടാതാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.