തിരുവനന്തപുരം മുതൽ കാസർകോട് വരെ ബ്ലാക്ക് സ്റ്റിക്കർ ഭീതി പരക്കുകയാണ്. ഇതേ കുറിച്ചു പലതരത്തിലുള്ള നിഗമനങ്ങൾ വരുന്നുണ്ട് എങ്കിലും കൃത്യമായി എന്താണു സംഭവിക്കുന്നത് എന്നു കണ്ടെത്താൻ കഴിയാത്തതായിരുന്നു ഇതിന് കാരണം. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആലപ്പുഴയിലെ പൊലീസിലെ ഫോറൻസിക് വിദഗ്ദ്ധർ. ആശങ്ക വേണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരോ മോഷ്ടാക്കളോ ഒന്നും അല്ല മാന്നാറിലെ സ്റ്റിക്കറിന് പിന്നിൽ. ഓൺലൈൻ ഗെയിമും വിവാദത്തിന് കാരണല്ല. തെറ്റിധാരണയാണ് ഇതിന് കാരണമെന്ന് അവർ വിശദീകരിക്കുന്നു.

മാന്നാറിൽ 15ഓളം വീടുകളിലാണ് സ്റ്റിക്കർ കണ്ടത്. പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ വീടുകളുടെ എണ്ണം പെരുകി. ഇതോടെയാണ് ഫോൻസിക് സംഘം പരിശോധനയ്ക്ക് എത്തിയത്. വിരലടയാളം ഉൾപ്പെടെ ശേഖരിച്ചു. അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. ഇതോടെയാണ് സ്റ്റിക്കളിലേക്ക് അന്വേഷണം കൊണ്ട് പോയത്. ഗ്ലാസുകൾ കൂടിമുട്ടി തട്ടാതരിക്കാൻ ഗ്ലാസ് കമ്പനികൾ ഒട്ടിക്കുന്ന സ്റ്റിക്കറുകളാണ് ഇതെന്ന് അപ്പോഴാണ് സംഘത്തിന് ബോധ്യമായത്. ഫോറൻസിക് എക്‌സ്‌പേർട്ട് ഡോ ജി അനിലിന്റേയും വിനോദ് കുമാറിന്റേയും നേതൃത്വത്തിലാണ് ഈ പരിശോധന പൂർത്തിയാക്കിയത്.

ഒരു വശത്ത് പശയുള്ള കൂട്ടി മുട്ടാതിരിക്കാനുള്ള തരം സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നതെന്ന് വ്യക്തമായി. ഇതിനൊപ്പം പുതിയ വീടുകൾ, അതായത് ഒരു വർഷത്തിൽ താഴെ പഴക്കമുള്ള വീടുകളിലാണ് ഇവ കണ്ടതും. ഇതിൽ നിന്ന് തന്നെ ഗ്ലാസുകൾ വാങ്ങിയപ്പോഴുള്ളവയാണ് ഇവയെന്ന നിഗമനത്തിൽ പൊലീസ് എത്തുകയാണ്. കേരളത്തിലുട നീളം കണ്ട സ്റ്റിക്കറുകളും ഇതേ തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ഗ്ലാസ് കമ്പനികൾ ഒട്ടിച്ച സ്റ്റിക്കറുകളാണ് ആശങ്ക പടർത്തുന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തുകയാണ്. ഇതിനൊപ്പം ചില വിരുതന്മാർ ആശങ്ക കൂട്ടാൻ കള്ളക്കളികളും നടത്തുന്നുണ്ടാകാം. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്ന് പൊലീസ് വിലയിരുത്തുന്നു.

ആദ്യഘട്ടത്തിൽ നിരീക്ഷണ ക്യാമറ കച്ചവടക്കാരുടെ തന്ത്രം മുതൽ ഓൺലൈൻ ഗെയിമുകളെ വരെ സംശയിച്ചാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിനുപിന്നിലെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൊലീസ് തള്ളുന്നു. കോട്ടയത്തെ ചില വീടുകളിൽ കഴിഞ്ഞ ഡിസംബറിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ മോഷ്ടാക്കളാകാമെന്ന സാധ്യതയിൽ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. എന്നാൽ. ഒരുമാസം പിന്നിട്ടിട്ടും ഇവിടങ്ങളിൽ അത്തരത്തിലുള്ള മോഷണങ്ങളൊന്നും നടന്നിരുന്നില്ല. കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന സംശയങ്ങളും അടിസ്ഥാനരഹിതമാണ്. കോട്ടയത്ത് കണ്ട സ്റ്റിക്കറും ഗ്ലാസ് കമ്പനിയുടേതായിരുന്നുവെന്നാണ് സൂചന.

വീടുകളിൽ കവർച്ചക്കാർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരകുന്നു. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കർ പതിക്കുന്നതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഇത്തരത്തിൽ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാർ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകൾ അജ്ഞാത വ്യക്തികൾ വീടുകളിൽ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണ് ഇതിനുപിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞവർഷം വടക്കൻ കേരളത്തിൽ, വിശേഷിച്ചും മലപ്പുറത്ത് ഒരു വർഷം മുൻപ് ഉണ്ടായിരുന്നു. അതേത്തുടർന്നു ജില്ലകളിലെ എല്ലാ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാനിർദ്ദേശം നൽകി. പ്രാഥമികാന്വേഷണത്തിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സമീപ ദിവസങ്ങളിലായി ചില വീടുകളിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ചതായി ശ്രദ്ധയിൽപ്പെട്ട ഉടൻ സംസ്ഥാന പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കൺട്രോൾ റൂമുകൾക്കും സൈബർ സെല്ലുകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടരുന്നു. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകൾ പതിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. കറുത്ത സ്റ്റിക്കർ മോഷ്ടാക്കളാണു പതിപ്പിക്കുന്നതെന്ന പ്രചാരണം വ്യാജമാണെന്നു വാദമുണ്ട്.

കവർച്ചക്കാർ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വീടുകൾ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഡിസംബറിൽ കോട്ടയത്താണു തുടങ്ങിയത്. ഇപ്പോൾ കേരളമാകെ വ്യാപിച്ചു. പൊലീസിന്റെ സന്ദേശം എന്ന വ്യാജേന വാട്‌സാപ് വഴിയാണു പ്രധാന പ്രചാരണം. വൈക്കം തലയോലപ്പറമ്പിനടുത്തു ചില വീടുകളുടെ ജനാലച്ചില്ലുകളിലാണു സ്റ്റിക്കറുകൾ ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതോടെ കാടിളക്കിയുള്ള പരിശോധനകളായി. കവർച്ചക്കാർ വീടുകൾ അടയാളപ്പെടുത്തിയതാണെന്ന വ്യാഖ്യാനമുണ്ടായി.

ഇതു നിഷേധിക്കാതിരുന്ന പൊലീസ് സ്വന്തം നിഗമനങ്ങളും നിരത്തി. പക്ഷെ, ഭയപ്പെട്ടതുപോലെ അടയാളപ്പെടുത്തിയ പ്രദേശത്തൊന്നും കവർച്ചകളുണ്ടായില്ല. ഒരു മാസം പിന്നിട്ടപ്പോൾ തൃപ്പൂണിത്തുറയിലും സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ തട്ടിയെടുക്കാനാണു വീടുകൾ സ്റ്റിക്കറൊട്ടിച്ച് അടയാളപ്പെടുത്തുന്നതെന്നു പൊലീസിന്റേതെന്ന രൂപത്തിൽ മുന്നറിയിപ്പുകൾ പ്രചരിച്ചു. തിരുവനന്തപുരത്തും തൊടുപുഴയിലും കണ്ണൂരിലും സ്റ്റിക്കർ ഭീതി വ്യാപിച്ചു. വാട്‌സാപ് സന്ദേശം വായിച്ചവർ സ്വന്തം വീടിന്റെ ജനാലകൾ പരിശോധിച്ചു കറുത്ത സ്റ്റിക്കർ കണ്ടെത്തിയതോടെ സംസ്ഥാനമാകെ ഭീതിയിലായി.

എന്നാൽ ഇതെല്ലാം വെറും തോന്നലാണെന്നാണ് പൊലീസ് പറയുന്നത്. വീട് വയ്ക്കുമ്പോൾ ഉപയോഗിക്കുന്ന ഗ്ലാസുകൾ ഇപ്പോൾ ശ്രദ്ധയിൽപെടുന്നതാണ് ആശങ്കയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ.