- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരം പുലരുവോളം സെക്സ്റ്റിങ്; അശ്ലീല വിഡിയോ കോൾ;കുടുങ്ങിയത് ഇരുപതിലേറെ പെൺകുട്ടികൾ; ആദ്യം സൗഹൃദം, പിന്നാലെ പ്രണയം; വിശ്വാസം ആർജിച്ച് 'ബാല പീഡകർ' ഒരുക്കുന്നത് ചതിക്കെണി; ഓൺലൈനിലെ പഠനം വഴിതെറ്റുന്നോ?
തിരുവനന്തപുരം: വിദ്യാലയങ്ങളുടെ വിശാലതയിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് പഠനം ചുരുങ്ങിയതോടെ പഠിക്കാനായി നൽകിയ ഫോണും ഇന്റർനെറ്റും ഉപയോഗിച്ച് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ഒരുക്കുന്ന ചതിക്കുഴികളിൽ പെട്ടുപോകുന്ന നിരവധി വിദ്യാർത്ഥികളുടെ വാർത്തകളാണ് ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. വിഡിയോകോളിൽ നഗ്‌നത പകർത്തി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇരുപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് ഒടുവിൽ അറസ്റ്റിലായ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്. ഇത്തരം വാർത്തകൾ ദിനംപ്രതി ആവർത്തിക്കുമ്പോഴും ഇത്തരം കെണിയിൽ വീഴുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്.
ഓൺലൈനിൽ എത്തുന്ന 'ബാല പീഡകർ' സ്‌കൂൾ വിദ്യാർത്ഥികളുടെ വിശ്വാസം പടിച്ചുപറ്റാനാണ് ശ്രമിക്കുക. ഇതിനായി അവർ കുട്ടികളെ ഫേസ്‌ബുക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ഉപയോഗിക്കാൻ ക്ഷണിക്കും. അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശങ്ങൾ പോലും അയയ്ക്കും. സൗഹൃദം, പ്രണയം, ലൈംഗികതയെക്കുറിച്ച് അറിയാനുള്ള ശ്രമം തുടങ്ങിയവയ്ക്കായി ഓൺലൈനിലെത്തുന്ന കുട്ടികളാണ് പലപ്പോഴും കുടുങ്ങുക.
മിക്കവാറും ഇങ്ങനെ കുരുങ്ങുന്നത് ആൺകുട്ടികളാണെന്നും പറയുന്നു. കുട്ടികളെ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നവർ അവരുടെ താത്പര്യങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും എല്ലാം ചോദിച്ചറിയും. സമൂഹ മാധ്യമങ്ങളിലൂടെ ഒരോരുത്തരെക്കുറിച്ചും കിട്ടാവുന്നത്ര സ്വകാര്യ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും ദുരുദ്ദേശക്കാർ പ്രവർത്തനം തുടങ്ങുക. കുട്ടികളുടെ അതേ പ്രായത്തിലുള്ള എന്നാൽ, എതിർലിംഗത്തിലുള്ള ഒരാളായി ഭാവിച്ചാണ് കുട്ടികളെ കെണിയിൽ വീഴ്‌ത്തുന്നത്.
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് മിക്ക കുറ്റവാളികളും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ചതിനു ശേഷം രാത്രികാലങ്ങളിൽ വിഡിയോ കോൾ ചെയ്ത് നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്.
പഠിക്കാൻ നൽകുന്ന സ്മാർട് ഫോണും ലാപ്‌ടോപും മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മിക്ക രക്ഷിതാക്കളും തയാറാകുന്നില്ല. നേരം പുലരുവോളം സെക്സ്റ്റിങ്, വിഡിയോ കോൾ ചെയ്യുന്ന നിരവധി പേരുണ്ടാകാം. എന്നാൽ, ഇതിൽ കുടുങ്ങുന്ന കുറച്ച് പേരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിജിറ്റലായി റെക്കോർഡ് ചെയ്യുന്ന വിഡിയോ, ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ഒരിക്കൽ പുറത്തുപോയാൽ ജീവിത കാലം മുഴുവൻ ഈ ദൃശ്യങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കും എന്നതാണ് യാഥാർത്ഥ്യം.
കാസർകോട് അദ്ധ്യാപകന്റെ ചൂഷണം മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതും സ്‌കൂൾ വിദ്യാർത്ഥി കാമുകന് ഒപ്പം നാടുവിട്ട് പോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലാതും ഒക്കെ ഇത്തരത്തിൽ ചതിക്കുഴി ഒരുക്കിയുള്ള നീക്കങ്ങളുടെ തുടർച്ചയായിരുന്നു.
കുട്ടികളുടെ നിർബന്ധം മൂലം മാതാപിതാക്കൾ സ്മാർട് ഫോണുകളോ ടാബുകളോ വാങ്ങിക്കൊടുക്കുന്നു. ഇന്റർനെറ്റ് വേണം തനിക്കു പഠിക്കാൻ എന്നൊക്കെ പറഞ്ഞാൽ പേടിച്ചു പോകുന്നവരാണ് മിക്ക മാതാപിതാക്കളും. തന്റെ കുട്ടി പിന്നിലാകരുതല്ലോ എന്നു കരുതി എല്ലാം നൽകും. ഫോൺ ലഭിക്കുന്നതോടെ മാതാപിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ പിന്നീടു പിടി കൊടുക്കാതെ ഇന്റർനെറ്റിൽ ഇവരുടെ സ്വതന്ത്ര യാത്ര തുടങ്ങുകയാണ്. . പിന്നീടു സ്മാർട് ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കുട്ടികൾക്ക് എന്തും സംഭവിക്കാം. അന്തമില്ലാത്ത പുതിയ സാങ്കൽപിക ലോകത്തിന്റെ മാസ്മരികതയിലേക്ക് സ്മാർട് ഫോൺ എന്ന എലിമടയിലൂടെ കുട്ടികൾ നൂണ്ടിറങ്ങുന്നു. തങ്ങളുടെ സ്വകാര്യ സ്ഥലികൾ സൃഷ്ടിക്കുന്നു.
പിന്നെയുള്ള കാര്യങ്ങൾ ഒന്നും മാതാപിതാക്കൾ അറിയുന്നില്ല. സ്മാർട് ഫോണുകളെക്കുറിച്ചും ഇന്റർനെറ്റിനെക്കുറിച്ചും ആപ്പുകളെക്കുറിച്ചും അറിയാവുന്ന മാതാപിതാക്കൾക്കു പോലും ഒന്നും ചെയ്യാനാവില്ല. അനുനിമിഷം മാറുന്ന പുതിയ ആപ്പുകളിലൂടെയും മറ്റും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചകലാൻ കുട്ടികൾക്കറിയാം.
ചെറുപ്പത്തിലേ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്ന കുട്ടികൾ അതിന്റെ സാധ്യതകൾ അന്വേഷിക്കുക തന്നെ ചെയ്യും. കാരണം അത് അന്വേഷണം മനുഷ്യനു സ്വാഭാവികമായ ഒരു കാര്യമാണ്. അവർ അന്വേഷിച്ച് ഇന്റർനെറ്റിലെ ചാറ്റ് റൂമുകളിലും എത്തിയേക്കാം. ഇത്തരം സ്ഥലങ്ങൾ കുട്ടികൾക്കും ടീനേജുകാർക്കും പോലും പേടിപ്പെടുത്തുന്നതാകാം. എന്നാൽ, പുതിയൊരു പഠനം പറയുന്നത് ചാറ്റ് റൂമുകൾ നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും കുട്ടി സന്ദർശിക്കുന്ന സമൂഹ മാധ്യമങ്ങളേക്കാൾ ഭീതി ജനകമല്ലെന്നാണ്.
കാരണം സമൂഹ മാധ്യമങ്ങളിൽ വ്യക്തിത്വം വെളിവാക്കേണ്ടതുണ്ട്. ഇത് കുട്ടികൾക്ക് അപ്പോൾത്തന്നെയോ, ഭാവിയിലോ ഭീഷണിയായി തീർന്നേക്കാമെന്നു പറയുന്നത്. ചാറ്റ് റൂമുകളിൽ ക്രിമിനലുകളുടെ സാന്നിധ്യമുണ്ടായേക്കാമെങ്കിലും അവിടെ എന്തെങ്കിലും പേരു സ്വീകരിച്ചാൽ മതിയെന്നത് കുട്ടികൾക്ക് താരതമ്യേന സുരക്ഷിതമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എങ്കിലും ദുരന്ത സംഭവങ്ങളും ഏറെയാണ്.
എന്നാൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുഎൻഎച് ക്രൈംസിന്റെ മേധാവിയായ ഡേവിഡ് ഫിൻക്ളർ പറയുന്നത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടുതലും നടക്കുന്നത് ഓൺലൈനിലല്ല. സ്വന്തം വീടുകളിലോ അവരുടെ അയൽപക്കങ്ങളിലോ മറ്റാളുകളുടെ വീടുകളിലോ എല്ലാമാണ് എന്നാണ്. ഇന്റർനെറ്റിലും കുട്ടികളെ വിലയ്ക്കെടുക്കാൻ സാധിക്കും. എന്നാൽ, അവ മേൽപ്പറഞ്ഞ സ്ഥലങ്ങൾ പോലെ അത്ര അപകടകരമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഒരിക്കൽ ലൈംഗികതയുണർത്തുന്ന ചിത്രങ്ങളും വിഡിയോയും ലിങ്കുകളും കൈമാറിത്തുടങ്ങിയാൽ ഇരപിടിയന്റെ വലയിൽ കുട്ടി വീണുവെന്നു കരുതാം. ഇതിലേക്ക് എത്താതിരിക്കാൻ ചാറ്റ് റൂമുകളിൽ പ്രവേശിക്കരുതെന്നു വിലക്കുന്നതിനു പകരം അവർക്ക് എന്തും പറയാവുന്നത്ര തുറന്ന സ്വഭാവമുള്ള മാതാപിതാക്കളായി നിലകൊള്ളാൻ ശ്രമിക്കുക എന്നതാണെന്ന് ചിലർ പറയുന്നു. ചില കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ വേണം എന്നൊക്കെ പറഞ്ഞുകൊടുക്കാൻ തുറന്ന സമീപനമുള്ള മാതാപിതാക്കൾക്കു മാത്രമേ സാധിക്കൂ എന്നാണ് അവരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക്