മലപ്പുറം: ഹോട്ടലിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര സ്വദേശികളായ നാൽവർ സംഘം പൊലീസ് പിടിയിൽ. പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ , റമീസ് , മണ്ണിൽ വീട്ടിൽ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത്.

തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടൽ മൂന്നാഴ്ച മുൻപ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു നൽകിയ പരാതിയിൽ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നിർദേശാനുസരണം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എഎസ്ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുന്നതായി കേരള ഹോട്ടൽ & റസ്റ്റൗറന്റ് അസോസിയേഷനും, വ്യാപാരി വ്യവസായി യൂണിറ്റ് കമ്മറ്റിയും സംയുക്തമായി വേങ്ങരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ്.

കഴിഞ്ഞ ദിവസം ടൗണിലെ ഫ്രഡോ കേക്ക് കഫേയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ച 4 അംഗ സംഘം ചിക്കൻ മോശമാണന്ന് കാഷ്‌കൗണ്ടറിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ നമ്പർ നൽകി തിരിച്ചു പോവുകയും ചെയ്തു. ശേഷം സ്ഥാപന ഉടമ പരാതി അന്വേഷിക്കാൻ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നും നഷ്ടപരിഹാരമായി 40000 രൂപ നൽകണമെന്നും സംഘം അവശ്യപ്പെടുന്നത്. സമാന സംഭവത്തിന്റെ പേരിൽ കഴിഞ്ഞ മാസം ഹൈസ്‌കൂൾ പരിസത്തെ മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണന്നും ഇവർ പറഞ്ഞതായി അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിന് തെളിവായി മൊബൈൽ സംഭാഷാണം തങ്ങളുടെ കൈവശമുണ്ടന്നും അവർ അറിയിച്ചു.കഴിഞ്ഞ 30 ന് ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസ് ചിലരുടെ പരാതിയെ തുടർന്ന് പൊലിസ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ഇവിടെ ഇഫ്ത്താർ പാർട്ടിക്കെത്തിയ മുപ്പതംഗ സംഘത്തിലെ 6 പേർക്ക് വയറിന് അസ്വസ്തത അനുഭവപ്പെട്ട തി നെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു ഇതാണ് അടച്ചുപൂട്ടാൻ കാരണം.സംഘം അന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകിയില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

അവസാനം 35000 രൂപ നൽകി കേസ് ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് മ ന്തി ഹൗസ് ഉടമ മുക്കം ബാബു പറഞ്ഞു. ഇതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം ഫഡോ കേക്ക് & കഫേയിൽ നിന്നും പണം ആവശ്യപ്പെട്ടത് ' ഭക്ഷ്യ സുരക്ഷ മറയാക്കി ഹോട്ടൽ ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്ന ഇത്തരം സംഘങ്ങൾ ജില്ലയിൽ വർദ്ധിച്ചു വരുന്നതായി സംഘടനക്ക് സംശയമുള്ളതായും ഭാരവാഹികൾ ആരോപിക്കുയുണ്ടായി.