- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖലാ ബാങ്കുകളിൽ വാഹനവായ്പ്പക്ക് ബ്ലേഡ് മാഫിയ കനിയണം; വാഹനം വാങ്ങാൻ നേരിട്ട് അപേക്ഷ നൽകിയാലും ഓട്ടോ ഫിനാൻസുകാരെ ബന്ധപ്പെടാൻ നിർദ്ദേശം: ഓപ്പറേഷൻ കുബേരയ്ക്കും തൊടാൻ കഴിയാത്ത ഒരു അവിശുദ്ധബന്ധം
പാലക്കാട്: ഓപ്പറേഷൻ കുബേരയുടെ പേരിൽ സർക്കാർ തന്നെ ബ്ലേഡ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ചില പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തന്നെ ഇത്തരം സംഘങ്ങളെ ഉപയോഗിച്ചു വാഹനവായ്പ അനുവദിപ്പിക്കുന്നു. ചില പൊതുമേഖലാ ബാങ്കുകളിൽവാഹനവായ്‌പ്പയ്ക്ക് എത്തുന്നവരോട് വായ്പ വേണമെങ്കിൽ സമീപത്തെ ബ്ലേഡ് സ്വഭാവമുള്ള വാഹന ധനകാര്യ സ്ഥാപനംവഴി അപേ
പാലക്കാട്: ഓപ്പറേഷൻ കുബേരയുടെ പേരിൽ സർക്കാർ തന്നെ ബ്ലേഡ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ചില പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തന്നെ ഇത്തരം സംഘങ്ങളെ ഉപയോഗിച്ചു വാഹനവായ്പ അനുവദിപ്പിക്കുന്നു. ചില പൊതുമേഖലാ ബാങ്കുകളിൽവാഹനവായ്‌പ്പയ്ക്ക് എത്തുന്നവരോട് വായ്പ വേണമെങ്കിൽ സമീപത്തെ ബ്ലേഡ് സ്വഭാവമുള്ള വാഹന ധനകാര്യ സ്ഥാപനംവഴി അപേക്ഷ നൽകാനാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്. ഇനി നേരിട്ട് അപേക്ഷ വാങ്ങിയാലും ബാങ്കുമായി ഇടപാടുള്ള ഓട്ടോ ഫിനാൻസ് സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രമേ വായ്പ കിട്ടുകയുള്ളൂ. ഓട്ടോഫിനാൻസ് സ്ഥാപനം ലോൺ എടുക്കുന്നയാളെ കുറിച്ച് അന്വേഷണവും നടത്തും. ഇതിനെ പറ്റി ചോദിച്ചപ്പോൾ ഒരു ബാങ്ക് മാനേജർ പ്രതികരിച്ചത് തിരിച്ചടവിന്റെ റിസ്‌ക്ക് തങ്ങൾക്ക് എടുക്കാൻ വയ്യ എന്നാണ്. എല്ലാ ബാങ്കിലും ഈ പതിവില്ലെങ്കിലും ഒട്ടുമിക്ക ബാങ്കുകളിലും ഇതാണ് ഏർപ്പാടെന്ന് മാനേജരുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു.
ഓട്ടോറിക്ഷ, ചെറിയ ചരക്ക് വാഹനങ്ങൾ, നാനോ പോലുള്ള ചെറു കാറുകൾ എന്നിങ്ങനെയുള്ള വാഹനങ്ങൾ വാങ്ങി എന്തെങ്കിലുംവരുമാനമാർഗ്ഗം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇടത്തരക്കാരാണ് ബാങ്കുകളുടെ ഇത്തരം ചൂഷണത്തിൽ വീഴുന്നത്. വലിയ ആഡംബരക്കാറുകൾ വാങ്ങുന്നവർക്ക് ശമ്പളത്തിൽ നിന്നോ കച്ചവടത്തിൽ നിന്നോ വായ്പാ ഗഡു തിരിച്ചടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ലോൺ മേളയും മറ്റും നടത്തി മൽസരിച്ചാണ് സർക്കാർ ജീവനക്കാർക്കും ഉയർന്ന കച്ചവടക്കാർക്കും ബാങ്കുകൾ വാഹനങ്ങൾ നൽകുന്നത്. എന്നാൽ ഇടത്തരക്കാർക്ക് ലോൺ നിഷേധിക്കാനുള്ള വഴികളാണ് ബാങ്കുകൾ ആലോചിക്കുന്നത്.
ഓട്ടോ ഫിനാൻസ് എന്ന ലേബലിൽ ഉള്ള സ്ഥാപനങ്ങൾ ഭൂരിഭാഗവും ചില സ്വകാര്യ വ്യക്തികൾ വാഹനങ്ങൾ വിൽക്കാനും അടവ് തെറ്റിക്കുന്ന വണ്ടികൾ പിടിച്ചെടുക്കാനും നടത്തുന്ന ഇടപാടാണ്.വലിയ തോതിലുള്ള പലിശ ഇടപാടും ഇതിനൊപ്പം നടക്കുന്നു.വാഹനവായ്പയായി ഒരു ലക്ഷം ഇവർ അനുവദിച്ചാൽ ഇരുപത്തയ്യായിരം രൂപയോളം പലിശയായി നൽകണം.ഇത് അടക്കാൻ കഴിയുന്ന കാലാവധിക്ക് മുതലും പലിശയും വീതിച്ചുനൽകും.ഈ തുക മാസം നിശ്ചിത തീയതിക്ക് അടയ്ക്കണം. അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ പോലും പിന്നീട് ഓവർഡ്യൂ ചേർത്തുകൊടുക്കേണ്ടി വരും.വണ്ടിയുടെ ബുക്കും പേപ്പറും ഫിനാൻസ് സ്ഥാപനം തന്നെ സൂക്ഷിക്കും.വണ്ടിയുടെ ബുക്കും പേപ്പറും കിട്ടണമെങ്കിൽ അതിന് വേറെയും ചെക്കും മുദ്ര പേപ്പറും നൽകേണ്ട അവസ്ഥയുണ്ട്. മൂന്ന് തിരിച്ചടവുകൾ തെറ്റിയാൽ ഓട്ടോ ഫിനാൻസ് സ്ഥാപനം ഗുണ്ടകളെ ഉപയോഗിച്ച്
വാഹനം പിടിച്ചു കൊണ്ടു പോകും. അടവ് തെറ്റിക്കുന്ന സ്വകാര്യ മിനി ബസ്സുകളും യാത്രക്കാർ ഒഴിയുന്ന സമയം നോക്കി
ഇവർ പിടിച്ചു കൊണ്ടു പോകാറുണ്ട്.
ബിസിനസ്സ് വിപുലീകരണത്തിന്റെ പേരിൽ സമീപത്തെ ബാങ്കുകളിലേക്ക് വായ്പ അന്വേഷിച്ചുവരുന്ന സാധാരണക്കാരേയും
തങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം സംഘങ്ങൾ പല ഓഫറുകളും ബാങ്ക് മാനേജർമാർക്ക് നൽകാറുണ്ട്. ഓട്ടോ ഫിനാൻസ്
സ്ഥാപനവുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാൻ ബാങ്കുകാർ ശ്രദ്ധിക്കാറുണ്ട്.
സാധാരണക്കാർക്ക് വാഹനലോൺ അനുവദിച്ച് തിരിച്ചടവ് തെറ്റിയാൽ വണ്ടി അന്വേഷിച്ചു നടക്കാനും കേസ്സുകൾ നടത്താനുമൊക്കെ മാനേജർമാർക്ക് റിസ്‌ക്കാണ്. സർക്കാർ അനുശാസിക്കുന്ന നിശ്ചിതമായ തുക ഇടത്തരക്കാർക്ക് ലോണായി
അനുവദിക്കുമെങ്കിലും തിരിച്ചടവിന് ബ്ലേഡ് മാഫിയ സംഘങ്ങളെ ഏൽപ്പിക്കുകയുമാണ് ബാങ്കുകളിൽ നടക്കുന്നത്.
ഇനി ബാങ്കിന്റെ നിബന്ധനയിൽ ലോൺ കിട്ടിയാലും വണ്ടി പിടിച്ചെടുക്കാനുള്ള ഓട്ടോ ഫിനാൻസ് സ്ഥാപനങ്ങളുടെ അധികാരം
സമ്മതിച്ച് എഴുതി നൽകണം. ഓപ്പറേഷൻ കുബേര ശക്തിപ്പെട്ടപ്പോഴും ഇത്തരം ഒരു സ്ഥാപനത്തിൽ പോലും പൊലീസ്
റെയ്ഡ് നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.