ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയിലെ ബലൂചിസ്താൻ പൊലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണത്തിൽ 60 പൊലീസ് ട്രെയിനികൾ കൊല്ലപ്പെട്ടു. 116 പേർക്ക് പരിക്കേറ്റു. ബലൂചിസ്താൻ പ്രവിശ്യാ തലസ്ഥാനമാണ് ക്വറ്റ.

അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമികളെ സുരക്ഷാസേന വധിച്ചു. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഏകദേശം 700 ട്രെയിനികൾ അക്കാദമിയിലുണ്ടായിരുന്നു. തിങ്കളാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. മൂന്നു പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ലഷ്‌കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ക്വറ്റയിലെ സർക്കാർ ആശുപത്രിക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് 73 പേരാണ് കൊല്ലപ്പെട്ടത്.