പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഉഗ്ര സ്‌ഫോടനത്തിൽ വീട് തകർന്ന സംഭവത്തിൽ പൊലീസ് പൊലീസ് വിശദമായ തെളിവെടുപ്പ് ആരംഭിച്ചു.മുൻ സി പി എം പ്രവർത്തകനും ഇപ്പോൾ ബിജെപി യുടെ സജീവ പ്രവർത്തകനുമായ കീഴില്ലം തായ്ക്കരച്ചിറ കല്ലുകുത്തിമോളം ഉണ്ണികൃഷ്ണന്റെ വീടാണ് ഇന്ന് ഉച്ചയോടെ സ്‌ഫോടനത്തിൽ തകർന്നത്.

വീടിന്റെ അടുക്കള ഭാഗത്തുനിന്നുണ്ടായ സ്‌ഫോടനത്തിൽ ഈ ഭാഗത്ത് വീടിന്റെ മേൽക്കൂര തകർന്നു. വലിയ ശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് പ്രദേശമാകെ പുകയും പൊടിയും ഉയർന്നതായി നാട്ടുകാർ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. സ്‌ഫോടനത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ വീടിന്റെ പിൻഭാഗത്തുനിന്നും ലൈസൻസില്ലാത്ത നാടൻതോക്കും കണ്ടെടുത്തു.

ഓട്ടോറിക്ഷാ ഡ്രൈവറായ ഉണ്ണികൃഷ്ണനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. കുറുപ്പംപടി സ്റ്റേഷനിൽ എത്തിച്ചാണ് പൊലീസ് ഇയാളിൽ നിന്നും മൊഴിയെടുക്കുന്നത്. അടുക്കളയിൽ ജോലിയിലായിരുന്ന ഭാര്യമാതാവിനും തൊട്ടടുത്തമുറിയിൽ ടിവി കണ്ടിരുന്ന കുട്ടികൾക്കും സ്‌ഫോടനത്തിൽ പരിക്കേൽക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

മീൻ പിടുത്തത്തിനായി പോകാറുള്ള ഉണ്ണികൃഷ്ൺ ഈ ആവശ്യത്തിലേക്കായി വാങ്ങി സൂക്ഷിച്ചിരുന്ന കരിമരുന്നോ മറ്റോ ചൂടുപിടിച്ച് പൊട്ടിത്തെറിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത്് വെടിമരുന്നിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടിരുന്നതായുള്ള നാട്ടുകാരുടെ വെളിപ്പെടുത്തലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്താൻ പ്രധാനകാരണം.

കൊച്ചിയിൽ നിന്നും ഫോറൻസിക് വിദഗ്ധരെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്്. ഫോറൻസിക് പരിശോധന പൂർത്തിയായാലേ സംഭവത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാവു എന്നും ഇതിന്റെ അടിസ്ഥാനത്തിലാവും കേസ് നടപടികൾ പുരോഗമിക്കുക എന്നും കുറുപ്പംപടി എസ് ഐ സുനിൽ തോമസ് മറുനാടനോട് വ്യക്തമാക്കി.

സംഭവം പുറത്തായതോടെ രാഷ്ട്രീയമായി ബിജെപിയെ നേരിടാൻ ചില സംഘടനകളുടെ ഭാഗത്തുനിന്നും നീക്കം തുടങ്ങി. ഉണ്ണികൃഷ്‌നെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോകുന്ന ചിത്രങ്ങളും തകർന്ന കെട്ടിടത്തിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റും ഇക്കൂട്ടർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പ്രചരണവും തുടങ്ങിയിട്ടുണ്ട്.