ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തീവ്രവാദികൾ നടത്തിയ സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ക്രിസ്ത്യൻ കോളനിക്കു നേരെയും ജില്ലാ കോടതിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.

അമ്പതിലേറെപ്പേർക്കു പരിക്കേറ്റു. മർദാൻ നഗരത്തിലെ ജില്ലാ കോടതിയിൽ ബോംബ് സ്‌ഫോടനത്തിൽ 12 പേർ മരിച്ചു. അഭിഭാഷകർ, പൊലീസ് എന്നിവരുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

കോടതി പരിസരത്തെത്തിയ ഭീകരൻ കോടതിയിലുണ്ടായിരുന്നവർക്കു നേരെ ഗ്രനേഡുകൾ എറിയുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പുലർച്ചെ പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തിൽ നാല് ഭീകരർ അടക്കം അഞ്ച് പേർ മരിച്ചിരുന്നു. പാക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലയിലുള്ള ക്രിസ്ത്യൻ കോളനിയിൽ ചാവേറുകൾ പൊട്ടിത്തെറിച്ചാണ് രണ്ട് ചാവേറുകൾ അടക്കം മൂന്നു പേർ മരിച്ചത്. കോളനിക്കു നേരെ വെടിയുതിർത്ത ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മറ്റു രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.