ദമ്മാം: ദമ്മാം നഗരത്തിലെ ഷിയ പള്ളിക്കു സമീപം ചാവേർ ആക്രമണത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരപരിക്കേറ്റു. നഗരത്തിലെ ടൊയോട്ട പച്ചക്കറി മാർക്കറ്റിനടുത്ത പള്ളിക്കു പുറത്തെ കാർ പാർക്കിലാണ് ചാവേർ ആക്രമണമുണ്ടായത്. ഒട്ടേറെപേർക്ക് ഗുരുതര പരിക്കേൽക്കുകയും നിരവധി കാറുകൾ കത്തിച്ചാമ്പലാകുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷിയാ വിഭാഗത്തിന്റെ അൽ അനൂദ് പള്ളിയിൽ ജുമുഅ ഖുതുബ നടക്കുമ്പോഴാണ് സംഭവം. സ്ത്രീവേഷത്തിലത്തെിയ ചാവേർ, പള്ളിയുടെ മുന്നിൽ കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരൻ പാർക്കിങ് മേഖലയിലേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടു. കാർ മാറ്റിയിടുന്നതിനിടെ അകത്തിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.ചാവേറിനെ കൂടാതെ െ്രെഡവറും മറ്റ് രണ്ടുപേരുമാണ് മരിച്ചത്.  പരിക്കേറ്റവരെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്‌നിശമന സേനയത്തെിയാണ് തീ അണച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് തീവ്രവാദികൾ ഏറ്റെടുത്തു. ഈമാസം 22ന് അൽ ഖദീഹിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയുണ്ടായി.