മെൽബൺ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിൽ ജീവനും വീടുകൾക്കും ഭീഷണിയുയർത്തിക്കൊണ്ട് രൂക്ഷമായ കാട്ടുതീ അതിവേഗം പടരുന്നു. അഗ്‌നിശമന അടിയന്തിര സേവന വിഭാഗം പ്രദേശത്ത് വാച്ച് ആൻഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും എത്രയും വേഗം ഒഴിഞ്ഞു പോവുകയോ തങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നിർദ്ദേശം.

അപകടകരമായ രീതിയിൽ പടരുന്ന കാട്ടുതീയ്‌ക്കെതിരെ അഗ്‌നിശമന സേനാവിഭാഗം കഠിനമായി പൊരുതുകയാണ്. ഇന്നുരാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട കാട്ടുതീയുടെ കാരണം
അജ്ഞാതമാണ്. കാറ്റിന്റെ ശക്തി അനുസരിച്ചായിരിക്കും തീയുടെ ശക്തി കൂടുകയോ കുറയുകയോ ചെയ്യുക. കിംബർലി പ്രദേശത്ത് നിന്നും തെക്കോട്ടാണ് കാട്ടുതീ നീങ്ങിക്കൊണ്ടിരിക്കുന്നത്. കിംബർലി പ്രദേശത്തെ പ്രധാനപാതയായ ബ്രിഡ്ജ് റിവർ റോഡിന്റെ ഇരുവശവും വെന്തെരിഞ്ഞുകൊണ്ടിരിക്കുകയാണ്.

ജനങ്ങൾക്ക് ഭാഗികമായി മാത്രമേ ഇപ്പോൾ ഈ പാത ഉപയോഗിക്കാനാവുന്നുള്ളൂ.  വാഹനങ്ങളെ മറ്റു മേഖലകളിലേയ്ക്ക് വഴിതിരിച്ചു വിടുകയാണ് അധികൃതർ.