കൊച്ചി: തലകുത്തി പഠിച്ചിട്ടാണ് പലരും ഐഎഎസ് എന്ന മോഹം കൈപ്പിടിയിൽ ഒതുക്കുന്നത്. രണ്ട് കണ്ണും കൈയും കാലും പഠിക്കാനുള്ള സൗകര്യവും എല്ലാം ഉണ്ടായിട്ടും പലരും ഐഎഎസ് എന്ന മോഹം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. പഠിക്കാനുള്ള കഷ്ടപ്പാട് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ ആറാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട യുവതി ഉൾക്കരുത്തിന്റെ കാഴ്ചയിൽ ഒരു ജില്ലയുടെ ഭരണം ഏറ്റെടുക്കുകയാണ്.

മഹാരാഷ്ട്രക്കാരിയായ പ്രാഞ്ജാൽ പാട്ടീൽ ഐഎസ് ആണ് അകക്കണ്ണിന്റെ കാഴ്ചയിൽ എറണാകുളം ജില്ലയ്ക്ക് വെളിച്ചമാകാൻ ഒരുങ്ങുന്നത്. എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായാണ് തിങ്കളാഴ്ച പ്രാഞ്ജാൽ പാട്ടീൽ ചുമതലയേറ്റത്. ആറാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട പ്രാഞ്ജാലിന്റെ സ്വപ്‌നമായിരുന്നു പേരിനൊപ്പം ഐഎഎസ് എന്ന് കൂടി ചേർക്കണം എന്നത്. അതിന് പ്രാഞ്ജാലിന് കൈമുതലായത് തന്റെ നിശ്ചയദാർഢ്യവും വീട്ടുകാരുടെ പിന്തുണയും മാത്രമായിരുന്നു.

2016ലാണ് പ്രാഞ്ജാൽ ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. അന്ന് 773-ാം റാങ്ക് ലഭിച്ച പ്രാഞ്ജാലിന് റെയിൽവേ അക്കൗണ്ട്‌സ് സർവീസ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. എന്നാൽ കണ്ണിന് പൂർണ്ണമായും കാഴ്ച ഇല്ലാത്ത യുവതിക്ക് നിയമനം നൽകാൻ സാധിക്കില്ലെന്ന അറിയിപ്പാണ് റെയിൽവേയിൽ നിന്നും ലഭിച്ചത്. എന്നാൽ തന്റെ മോഹം അവിടെ ഉപേക്ഷിക്കാൻ പ്രാഞ്ജാൽ തയ്യാറായില്ല. ഐഎഎസ് എങ്ങനെ എങ്കിലും സ്വന്തമാക്കണമെന്ന മോഹം മനസ്സിൽ കൂടി വന്നു. 2017ൽ വീണ്ടും പരീക്ഷ എഴുതി. ഇത്തവണ ഫലം വന്നപ്പോൾ പ്രാഞ്ജാലിന് 124-ാം റാങ്ക് ലഭിച്ചു. തുടർന്ന് കേരളാ കേഡറിൽ ചേർന്ന പ്രാഞ്ജാലിന് എറണാകുളം അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിക്കുക ആയിരിന്നു.

സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് ശേഷവും അഭിമുഖവും നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്ന് പ്രാഞ്ജാൽ പറയുന്നു. വെറുതെ സമയം കളയാതെ ഓരോ വിഷയങ്ങളിലും കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു. കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പറുകൾ എഴുതിപഠിച്ചും കൂടുതൽ സമയം വായനയ്ക്കായി കണ്ടെത്തിയുമാണ് പരീക്ഷയ്ക്ക് ഒരുങ്ങിയത്. കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചത് തന്റെ പഠനവഴിയിൽ വളരെ സഹായകമായി. അവിടെ നിന്നാണ് സമകാലിക പ്രശ്നങ്ങളും കൂടുതൽ വായനയും സാധിച്ചത്. പരീക്ഷയുടെ ഫലമെത്തിയപ്പോൾ 124-ാം റാങ്കാണ് ലഭിച്ചത്. തുടർന്ന് മുസോറിയിലെ പരിശീലന കാലഘട്ടവും അവിടെ നിന്നുള്ള ഭാരതപര്യടന യാത്രകളും ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

മുംബൈ സെയ്ന്റ് ജോസഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും പിന്നീട് എം.ഫില്ലും പിഎച്ച്.ഡി.യും നേടി. ആദ്യമായാണ് കേരളത്തിലെത്തിയത്. കേരളത്തെ കുറിച്ച് ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട്. പുരോഗമന ചിന്താഗതിക്കാരായ മലയാളികളുടെ അടുത്തുനിന്ന് ഞാനും പഠിക്കാൻ ശ്രമിക്കുകയാണ്. മഹാരാഷ്ട്രയിൽ ഉല്ലാസ് നഗർ സ്വദേശിയാണ് പ്രാഞ്ജാൽ. ദൂരദർശനിൽ എൻജിനീയറായ എൽ.ബി. പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണ്. ഇളയ സഹോദരൻ നിഖിൽ പാട്ടീൽ. ബിസിനസുകാരനായ കോമൾ സിങ് പാട്ടീലാണ് പ്രാഞ്ജാലിന്റെ ഭർത്താവ്.