തിരുവനന്തപുരം: കുമാരപുരത്തെ ബ്ലൂ ബ്ലാക്ക് മെയിൽ സംഘത്തെ കുറിച്ച് പൊലീസിന് കൂടുതൽ തെളിവുകൾ കിട്ടി. സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരുമടക്കം വമ്പന്മാരെ തിരുവനന്തപുരത്തെ ബ്ലൂ ബ്ലാക്ക്‌മെയിൽ സംഘം കുടുക്കിയതെന്ന് പൊലീസ് കണ്ടെത്തി. നിരവധി രാഷ്ട്രീയക്കാരേയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. തന്ത്രപരമായാണ് നീക്കങ്ങൾ നടത്തുക. ഷീബയും ദീപയും ചേർന്ന് ഫോണിലൂടെ പരിചയപ്പെട്ടശേഷം വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനും വിവാഹിതനുമായ യുവാവ് പൊലീസിന് മൊഴിനൽകി. ക

ഴിഞ്ഞ ദിവസമാണ് ഈ സംഘത്തെ പൊലീസ് വലയിൽ കുരുക്കിയത്. തീവണ്ടിയിൽ വികാസ് ഭവൻ ഉദ്യോഗസ്ഥനെ ബ്ലാക് മെയിൽ ചെയ്ത കേസാണ് വഴിത്തിരവാകുന്നത്. നഗ്‌ന ഫോട്ടോകളെടുത്തശേഷം അവരെ ഭീഷണിപ്പെടുത്തി പണംതട്ടിയ ഏഴ് കേസുകൾ പൊലീസ് കണ്ടെത്തിയെങ്കിലും പരാതിനൽകാൻ കൂടുതൽ പേർ തയ്യാറാവുന്നില്ല. ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പിടിയിലായ സ്ത്രീകൾ മൊഴിനൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷനൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഇൻഷുറൻസ് സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നാണ് ഉന്നതരുടെ ഫോൺനമ്പറുകൾ സംഘത്തിന് കിട്ടിയത്. പോളിസിയെടുക്കാനെന്ന വ്യാജേന ഉന്നതരുമായി ചങ്ങാത്തത്തിലാവുകയും സ്‌നേഹം നടിച്ച് ഫ്‌ലാറ്റുകളിലെത്തിച്ച് ഒപ്പംനിറുത്തി നഗ്‌ന ഫോട്ടോകളെടുത്തശേഷം ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും വാച്ചുകളും സംഘം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനും വിവാഹിതനുമായ യുവാവും ഫോൺ വിളിയിലാണ് കുടുങ്ങിയത്. തലസ്ഥാനത്തേക്ക് സ്ഥലം മാറ്റത്തിന് ശ്രമിച്ചുകൊണ്ടിരുന്ന യുവാവ് ഇവരുടെ ഫോൺവിളിയിൽ മയങ്ങി, പോളിസിയെടുക്കാനുള്ള പണവുമായി കഴിഞ്ഞ മാസം 11ന് പേട്ടയിലെത്തി. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സമീപത്തെ ഫ്‌ലാറ്റിലേക്കെത്താൻ നിർദേശിച്ചു. ഇതനുസരിച്ച് ഓട്ടോയിൽ ഫ്‌ളാറ്റിലെത്തി.

ദീപയും ഷീബയും ചേർന്ന് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ ദീപ തന്ത്രത്തിൽ പുറത്തേക്ക് പോയെന്നുമാണ് മൊഴി. ഷീബയുമായി സംസാരിക്കുന്നതിനിടെ ആരോ കതകിൽ മുട്ടിവിളിച്ചു. ഷീബയുടെ നിർദ്ദേശപ്രകാരം താൻ ടോയ്‌ലറ്റിൽ ഒളിച്ചെന്നും ഫ്‌ലാറ്റിലേക്ക് കടന്നുവന്ന ആറ് യുവാക്കൾ ചേർന്ന് തന്നെ പിടിച്ചിറക്കി വിവസ്ത്രനാക്കിയെന്നുമാണ് യുവാവിന്റെ മൊഴി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് കിടപ്പുമുറിയിൽ ഷീബയ്‌ക്കൊപ്പം നിറുത്തി മൊബൈൽഫോണിൽ ചിത്രങ്ങളെടുത്തു. വാട്ട്‌സ്ആപ്, ഫേസ്‌ബുക്ക് വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന പതിനായിരം രൂപയടങ്ങിയ പഴ്‌സ്, ഒമ്പതുപവൻ മാല , രണ്ട് എ.ടി.എം കാർഡ് എന്നിവ അപഹരിച്ചു. പൊലീസിൽ പരാതി നൽകിയാൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അകത്താക്കുമെന്നും ഫോട്ടോ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. മാനക്കേട് ഭയന്ന് ആരോടും ഇക്കാര്യം പറഞ്ഞില്ലെന്നും തട്ടിപ്പുസംഘം പിടിയിലായെന്ന് പത്രത്തിൽ കണ്ടപ്പോഴാണ് പൊലീസിനെ സമീപിച്ചതെന്നും മൊഴിയിലുണ്ട്.

തിരുവനന്തപുരം ആനയറ പുളിക്കൽ ലെയ്‌നിൽ അനു (26), ശ്രീകാര്യം ചെറുവയ്ക്കൽ കട്ടേല വള്ളിവിള വീട്ടിൽ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാർഡൻസിൽ ഷീബ(30), കുമാരപുരം തോപ്പിൽ നഗറിൽ ദീപ(30) എന്നിവരും കണ്ടാലറിയാവുന്ന രണ്ട് യുവാക്കളും ചേർന്നാണ് തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തശേഷം പണവും സ്വർണമാലയും പഴ്‌സും കവർന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരന്റെ മൊഴി.