ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വേറിട്ട് പോകുന്നതോടെ ഇവിടുത്തെ യൂറോപ്യൻ യൂണിയൻകാരുടെ ഭാവിക്കൊപ്പം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബ്രിട്ടീഷുകാരുടെ ഭാവിയെപ്പറ്റിയുമുള്ള ആശങ്ക ശക്തമാണ്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് ഭാവിയിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടർന്നും ജോലിക്കുള്ള അവസരം ലഭിക്കുമോയെന്ന ചോദ്യം ശക്തമാണ്. എന്നാൽ അതിനായി യൂറോപ്യൻ യൂണിയൻ ബ്രിട്ടൻ പുറത്ത് കടക്കുന്നതോടെ പുതിയ ബ്ലൂകാർഡ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തരം ബ്ലൂകാർഡിലൂടെ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പൗരന്മാർക്ക് യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഇതിന് പുറമെ ഇതു വഴി ഇന്ത്യൻ യുവാക്കൾക്കും ബ്ലൂകാർഡ് വഴി യൂണിയൻ രാജ്യങ്ങളിൽ ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പൊതുവെ പറഞ്ഞാൽ വിദേശരാജ്യങ്ങളിലെ തൊഴിലാളികൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് അവസരമൊരുക്കുന്ന സംവിധാനമാണിത്. പ്രത്യേക തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ഇതിലൂടെ ഇവിടെ ജോലിയെടുത്ത് ജീവിക്കാനാവുകയുള്ളൂ.

യൂണിയനിലെ മിക്ക രാജ്യങ്ങളും തങ്ങളുടെ ഫോറിൻ എംപ്ലോയ്മെന്റ് നയങ്ങളിൽ തന്നെ തുടരാനാഗ്രഹിക്കുന്നതിനാൽ വളരെ കുറച്ച് ബ്ലൂകാർഡുകൾ മാത്രമേ അനുവദിക്കപ്പെടാൻ സാധ്യതയുള്ളുവെന്നാണ് കരുതുന്നത്. എന്നാൽ നിലവിൽ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലിയെടുത്ത് കഴിയുന്ന നിരവധി ബ്രിട്ടീഷ് പൗരന്മാർക്ക് ഈ ബ്ലൂകാർഡ് പ്രതീക്ഷയേകുന്നുണ്ട്. ബ്രെക്സിറ്റിനെ തുടർന്ന് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന ഇത്തരക്കാർക്ക് ഇത് തികഞ്ഞ ആശ്വാസമേകുന്നുണ്ട്. നോൺ-യൂറോപ്യൻ യൂണിയൻ പൗരത്വമുള്ളവർക്ക് മാത്രമേ ബ്ലൂ കാർഡ് അനുവദിക്കുകയുള്ളൂവെന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട നിബന്ധനകളിലൊന്ന്. ഇവർക്ക് ആവശ്യമായ വിദ്യാഭ്യാസമോ അല്ലെങ്കിൽ സ്‌കില്ലോ ഉണ്ടായിരിക്കണം. കൂടാതെ ഒരു വർക്ക് കോൺട്രാക്ടോ അല്ലെങ്കിൽ ബൈൻഡിങ് ഓഫറോ ഉണ്ടായിരിക്കണം.

യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡിനെക്കുറിച്ച് മൈഗ്രേഷൻ വാച്ച് അടുത്തിടെ പ ുറത്തിറക്കിയ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ബ്രിട്ടീഷുകാർ ജോലി ചെയ്യുന്ന രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം എന്നിവയാണ് ബ്ലൂ കാർഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷത്തിൽ 17,000 പൗണ്ടിനും 46,000 പൗണ്ടിനും ഇടയിൽശമ്പളമുള്ളവർക്കായിരിക്കും ഇത് ലഭ്യമാക്കുകയെന്നും സൂചനയുണ്ട്. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ചുരുങ്ങിയയത് 12 മാസമാണ് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ച് ഇത് ആറ്മാസമാക്കി ചുരുക്കുന്നതാണ്.ഇതിന് പുറമെ 18 മാസങ്ങൾക്കുള്ളിൽ മറ്റൊരു യൂറോപ്യൻ യൂണിയൻ രാജ്യത്തേക്ക് നീങ്ങണമെന്നത് 12 മാസങ്ങൾക്കുള്ളിൽ നീങ്ങണമെന്നാക്കുകയും ചെയ്യും.

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് തങ്ങൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ ഉത്കണ്ഠ വേണ്ടെന്നാണ് മൈഗ്രേഷൻ വാച്ചിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ അലാന്നാ തോമസ് പറയുന്നത്. യൂറോപ്യൻ യൂണിയൻ ഇത് സംബന്ധിച്ച സ്‌കീമുകൾ വികസിപ്പിക്കുന്നുവെന്നും ചട്ടങ്ങളിൽ അയവ് വരുത്തുന്നുവെന്നും അലാന്നാ പറയുന്നു. ഏറ്റവും മികച്ച ബ്രിട്ടീഷുകാരെ ഇനിയും ആകർഷിക്കാൻ സാധിക്കുമെന്ന് യൂണിയന് ആത്മവിശ്വാസമുണ്ടെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്ക് യൂണിയൻ കൂടുതൽ ആകർഷകമായ ഇടമാക്കാൻ ലക്ഷ്യം വച്ചുള്ളതാണ് ബ്ലൂകാർഡെന്നാണ് ഇതിനായുള്ള വെബ്സൈറ്റ് വ്യക്തമാക്കുന്നത്.

യുകെ , അയർലണ്ട്, ഡെന്മാർക്ക്, എന്നിവ ഒഴിച്ചുള്ള എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ ബ്ലൂകാർഡ് സ്‌കീമിൽ ഭാഗഭാക്കാകുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉയർന്ന യോഗ്യതകളുള്ളവർക്ക് മാത്രമാണ് യുഎസ്, കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് അവസരം ലഭിക്കുകയുള്ളുവെന്നും എന്നാൽ യൂറോപ്യൻ യൂണിയനിലേക്ക് വ്യത്യസ്തമായ യോഗ്യതകളുള്ളവർക്കും അവസരം ലഭിക്കുമെന്നും ഈ വെബ്സൈറ്റ് വിശദീകരിക്കുന്നു. വർക്ക് പെർമിറ്റിനായി നോൺ യൂറോപ്യൻ പൗരന്മാർക്ക് വൺട്രാക്ക് പ്രക്രിയയിലൂടെ അപേക്ഷിക്കാൻ ബ്ലൂ കാർഡ് സിസ്റ്റം വഴിയൊരുക്കുന്നു.

2007 ഒക്ടോബറിലായിരുന്നു ഇതിനെക്കുറിച്ചുള്ള നിർദ്ദേശം ഉയർന്ന് വന്നിരുന്നത്.2008ൽ ഇതിന് യൂറോപ്യൻ പാർലിമെന്റ് പിന്തുണ നൽകിയിരുന്നു.2009 മെയ് 25ന് ഇത് സംബന്ധിച്ച നിയമം പാസാക്കിയിരുന്നു. ജർമനിയെ പോലുള്ള ചില രാജ്യങ്ങൾ ഇതിനെ തുടർന്ന് ബ്ലൂ കാർഡ് കുറച്ച് പേർക്ക് നൽകിയിരുന്നുവെങ്കിലും ഇത് പൂർണമായ അർത്ഥത്തിൽ നടപ്പിലാക്കാൻ മിക്ക യൂണിയൻ രാജ്യങ്ങളും ഇനിയും തയ്യാറായിട്ടില്ല. ബ്രെക്സിറ്റിനെ തുടർന്ന് ഇത് പ്രാവർത്തികമാകുമെന്ന പ്രതീക്ഷയാണിപ്പോൾ ശക്തമായിരിക്കുന്നത്.