ഗുഡ്ഗാവ്: ഞായാറാഴ്ച വൈകുന്നേരം ആകാശത്തുനിന്ന് ഒരു വസ്തു തന്റെ വയലിൽ പതിച്ചതു കണ്ട ഗ്രാമീണൻ അമ്പരന്നു. ഐസ് രൂപത്തിലുള്ള വസ്തു കാണാൻ നാട്ടുകാരും തടിച്ചുകൂടി. ഇതിനിടെ എന്താണ് അതെന്നതിനെ പറ്റി വലിയ ചർച്ചകളും നടന്നു. ഏന്തോ വിലപിടിപ്പുള്ള വസ്തുവാണെന്നും ബഹിരാകാശത്തുനിന്ന് വന്നതാവാമെന്നും അന്യഗ്രഹത്തിൽ നിന്ന് എത്തിയതാണെന്നും അമൂല്യമായ വസ്തുവെന്നുമെല്ലാം പല അഭിപ്രായങ്ങളും ഉയർന്നു. ഇതോടെ പലരും ഇത് കൈക്കലാക്കി വീടുകളിൽ കൊണ്ടുപോയി. ഐസ് രൂപത്തിലുള്ളതായതിനാൽ പലരും ഫ്രിഡ്ജുകളിലും വച്ചു.

ഗുഡ്ഗാവിന് സമീപം ഫാസിൽപൂർ ഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. അപൂർവ്വ സാധനം ഭൂമിയിൽ വന്നു പതിച്ച വാർത്ത കാട്ടുതീ പോലെ ഗ്രാമത്തിലൊട്ടാകെ പരക്കുകയായിരുന്നു. അന്യഗ്രഹജീവികൾ തന്ന സമ്മാനമാണെന്ന രീതിയിൽ 'അത്ഭുതവസ്തു' പലരും കൊണ്ടുപോകുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞ ജില്ലാ അധികൃതർ സംഭവം അന്വേഷിക്കാനായി കാലാവസ്ഥാ നീരിക്ഷണ വകുപ്പിലേയും ദുരന്ത നിവാരണ സംഘത്തിലേയും ഏതാനും അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പരിശോധനാ സംഘത്തെ അധികൃതർ ഗ്രാമത്തിലേക്ക് അയച്ചു.

സംഘം ഗ്രാമത്തിലെത്തി 'അത്ഭുത വസ്തു'വിനെ പരിശോധിച്ച് കാര്യം പരിശോധിച്ചപ്പോൾ ഇത് വിമാനത്തിലെ ടോയ്‌ലറ്റ് വേസ്റ്റാണെന്ന് വ്യക്തമാകുന്നത്. ബ്‌ളൂ ഐസ് എന്ന പേരിൽ അറിയപ്പെടുന്ന വിസർജ്യമാണ് താഴേക്ക് പതിച്ചതെന്നാണ് സ്ഥിരീകരിച്ചത്. ഫ്രോസൺ ഹ്യൂമൻ വേസ്റ്റ് അബദ്ധവശാലോ അല്ലാതെയോ വിമാനത്തിൽ നിന്നും താഴെ വീണതാകാമെന്നും പരിശോധനാ സംഘം പറയുന്നു. കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഇന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും പറഞ്ഞിരിക്കുകയാണ് അധികൃതർ.