ജോധ്പുർ:രാജസ്ഥാനിലെ ജോധ്പുരിൽ കൊലയാളി ഗെയിം ബ്ലൂവെയ്ലിന് അടിമയായ കൗമാരക്കാരി തടാകത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കയ്യിൽ തിമിംഗലത്തിന്റെ ചിത്രം കോറിയതിനുശേഷമാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സംഭവം.

മുന്നറിയിപ്പും നിരോധനവുമെല്ലാം കൊണ്ടുവന്നിട്ടും ബ്ലൂവെയ്ലിന്റെ പിടിയിൽനിന്ന് കൗമാരക്കാരെ രക്ഷിക്കാനാകുന്നില്ലെന്നു തെളിയിച്ച് പുതിയ റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ജോധ്പൂരിലാണു സംഭവം. കയ്യിൽ തിമിംഗലത്തിന്റെ ചിത്രം കോറിയതിനുശേഷമാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞുപോയ പെൺകുട്ടിയാണ് തടാകത്തിൽ ചാടിയത്. തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പൊലീസുകാരുടെ ശ്രദ്ധയിലാണ് പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം പെടുന്നത്. തടാകത്തിനു സമീപം പെൺകുട്ടി ചുറ്റിത്തിരിയുന്നതു കണ്ട് ശ്രദ്ധിച്ച ടാക്‌സി ഡ്രൈവർമാരും പൊലീസുമാണ് രക്ഷപെടുത്തിയത്. ബിഎസ്എഫ് ജവാന്റെ മകളായ പെൺകുട്ടി തിങ്കളാഴ്ച വൈകുന്നേരം മാർക്കറ്റിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

രാത്രി വൈകിയിട്ടും കുട്ടി തിരികെവരാതിരുന്നതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തടാകക്കരയിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ട പൊലീസും നാട്ടുകാരും ചെന്നു നോക്കുമ്പോൾ പെൺകുട്ടി കുന്നിന്റെ മുകളിൽനിന്ന് താഴേക്കു ചാടാൻ തുടങ്ങുകയായിരുന്നു. അവർ തിരികെ വിളിച്ചെങ്കിലും പെൺകുട്ടി ഉടനെ താഴേക്കു ചാടി. പിന്നാലെ ചാടി പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് അവളെ രക്ഷിച്ചത്. അർധ ാത്രിയോടെ അപരിചിതരായ ചിലരും പൊലീസും ചേർന്ന് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.

തടാകത്തിനു സമീപം സ്‌കൂട്ടറിൽ ചുറ്റിത്തിരിയുന്നതും കരയുന്നതും ശ്രദ്ധയിൽപ്പെട്ട ഓം പ്രകാശ് എന്നയാളാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. കുട്ടി കരയുന്നതുകണ്ട ഓം പ്രകാശ് കാരണം തിരക്കി. താൻ ഗെയിം കളിക്കുകയും അതിന്റെ അവസാന ഭാഗത്ത് എത്തിച്ചേരുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. അവസാന ടാസ്‌കായ ആത്മഹത്യ ചെയ്തില്ലെങ്കിൽ തന്റെ അമ്മ മരിക്കും. ഇതുപറഞ്ഞിട്ട് പെൺകുട്ടി ഓടി കുന്നിന്റെ മുകളിൽനിന്നും താഴേക്കു ചാടി. ഉടനെ തന്നെ താനും കുട്ടിക്കൊപ്പം തടാകത്തിലേക്ക് ചാടി രക്ഷപെടുത്തുകയായിരുന്നു എന്ന് ഓം പ്രകാശ് പറഞ്ഞു.