മധുര: മാതാപിതാക്കൾക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെ വീണ്ടും ബ്ലൂവെയിൽ മരണം. ഇത്തവണ ഇരയായത് തമിഴ്‌നാട്ടിലുള്ള 19കാരനായ വിഘ്‌നേഷ് എന്ന വിദ്യാർത്ഥിയാണ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

വിഘ്നേഷിൻെ ഇടം കൈയിൽ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയിൽ എന്നും എഴുതിയിട്ടുണ്ട്. വിഘ്‌നേഷിന്റെ മുറിയിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ബ്ലൂവെയിൽ കളിച്ചിരുന്നതായി പറയുന്നു. ബ്ലൂവെയിൽ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കൽ നിങ്ങൾ ഇതിൽ പ്രവേശിച്ചാൽ പിന്നീട് തിരിച്ചുവരാൻ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

മന്നാർ കോളജിലെ രണ്ടാം വർഷവിദ്യാർത്ഥിയാണ് വിഘ്നേഷ്. വിഘ്‌നേഷ് ബ്ലൂവെയിൽ കളിച്ചതായി ഇയാളുടെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാൽ വിഘ്നേഷിന് പലപ്പോഴും ഫോണിൽ നിർദ്ദേശങ്ങൾ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവർ പറയുന്നു.