കണ്ണൂർ: മനോരോഗവിദഗ്ദ്ധർക്കു പോലും ബ്ലൂവെയ്ൽ ഗെയിംമിന്റെ ദുരന്തത്തെക്കുറിച്ച് അറിയില്ലെന്നതാണ് തങ്ങളുടെ അനുഭവമെന്ന് സാവന്തിന്റെ മാതാപിതാക്കൾ. തലശേരി കൊളശേരി കാവുംഭാഗത്തെ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ -ശാഖി ദമ്പതികളുടെ ഏകമകൻ സാവന്തിനെ തലശ്ശേരിയിലേയും മംഗളൂരുവിലേയും ഡോക്ടർമാരും മനോരോഗവിദഗ്ധരും ചികിത്സിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും ബ്ലൂവെയ്ൽ ഗെയിമിന്റെ ദുരന്തത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.

ഡോക്ടർമാരോട് സാവന്ത് ഏറെ നേരം സംസാരിച്ചിരുന്നു. അവൻ ശരീരത്തിൽ മുറിവേൽപ്പിക്കുന്നതും കൈഞരമ്പ് മുറിച്ചതുമെല്ലാം ഞങ്ങളും പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ മകനെ അനാവശ്യമായി നിയന്ത്രിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മനോരോഗ വിദഗ്ദ്ധർ അടക്കമുള്ളവർ ഞങ്ങളോട് പറഞ്ഞതെന്ന് സാവന്തിന്റെ മാതാപിതാക്കൾ പറയുന്നു.

കണ്ണൂർ തോട്ടട ഐ.ടി.ഐ.യിൽ നിന്നും പഠനം പൂർത്തിയാക്കിയ സാവന്തിന് നാല് മാസം മുമ്പാണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് മാതാവ് പറയുന്നു. ഏറെ ദെഷ്യത്തോടെയുള്ള പെരുമാറ്റമായിരുന്നു തുടക്കം. ആദ്യ ഘട്ടത്തിൽ മുറിക്കുള്ളിൽ വാതിൽ അടച്ചിരുന്ന് കുതിരപ്പുറത്ത് തൊപ്പിക്കാരൻ ഇരിക്കുന്ന ഗെയിം കളിക്കുന്നത് കണ്ടിട്ടുണ്ട് രാത്രിയിൽ വീടിന് പുറത്ത് പോവുകയും പുലർച്ചേ തിരിച്ച് വരുന്നതും പതിവാക്കി. തലശ്ശേരി കടൽപ്പാലത്തിലും സെമിത്തേരികളിലും പോയി ഇരിക്കുന്നതാണ് മകന്റെ പതിവ്. ഒരിക്കൽ പുലർച്ച വരെ കടൽ പാലത്തിലിരുന്ന അവനെ കണ്ടെത്തുകയായിരുന്നു. ഈ ഭാവമാറ്റങ്ങളെല്ലാം അപ്പോൾ തന്നെ ഞങ്ങൾ മനോരോഗ വിദഗ്ധരേയും ഡോക്ടർമാരേയും അവനൊപ്പം തന്നെ പോയി അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ നിയന്ത്രണമാണ് കാരണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
അക്കാലത്ത് ഈ കളിയെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഇപ്പോൾ മാധ്യമങ്ങളിലൂടെ ബ്ലൂവെയ്ൽ ഗെയിംമിനെക്കുറിച്ച് അതിന്റെ അപകടങ്ങളെക്കുറിച്ചു വിശദീകരിച്ച വാർത്ത വന്നതോടെയാണ് സമാനമായ കളികളാണ് തങ്ങളുടെ മകൻ കളിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ലാപ്ടോപ്പിലും മൊബൈലിലും നടത്തിയ പരിശോധനയിൽ ഇത്തരം കളികളുടെ രക്തസാക്ഷിയാണോ തങ്ങളുടെ മകനെന്ന് വിശ്വസിക്കേണ്ടി വരുന്നു. മരിക്കുന്ന ദിവസം വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ലാപ്ടോപ്പുമായി ഇരിക്കുന്ന മകനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ സിനിമ കാണുകയാണെന്നാണ് മറുപടി പറഞ്ഞത്. ബന്ധുവായ ചെറിയ കുട്ടി സിനിമ കാണാൻ താനും വരട്ടെ എന്ന് ചോദിച്ചപ്പോൾ സാവന്ത് നിഷേധിക്കുകയായിരുന്നുവെന്ന് മാതാവ് ശാഖി പറയുന്നു.

ഇത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് മകനെ തിരക്കി മുറിയിലെത്തിയത്. അവൻ തൂങ്ങി മരിച്ച നിലിയിലായിരുന്നു. പ്രണയ നൈരാശ്യമാണ് മകന്റെ മരണത്തിന് കാരമണമെന്ന് പൊലീസ് പറയുന്നു. എന്നാൽ ബ്ലൂവെയ്ലിന്റെ രക്തസാക്ഷിയാണോ തന്റെ മകനെന്ന് സംശയം വർദ്ധിച്ചിരിക്കയാണ്. ഇനിയൊരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് മകന്റെ മരണത്തിന് കാരണമായ കാര്യങ്ങൾ പുറത്ത് പറയുന്നത്.

അതേസമയം സാവന്തിന്റെ മരണത്തെക്കുറിച്ച് ഡി.വൈ. എസ്‌പി. പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നുണ്ട്. മതാപിതാക്കളിൽ നിന്നും പ്രാഥമിക വിവരങ്ങൾ അവർ ശേഖരിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനും രക്ഷിതാക്കൾ തീരമാനിച്ചിട്ടുണ്ട്.