ഛണ്ഡീഗഢ്: ബ്ലൂവെയിൽ മരണക്കെണിയിൽപെട്ട് ഒരു മരണംകൂടി. ഹരിയാനയിലെ പഞ്ചകുളയിലാണ് പതിനേഴുകാരനെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മാരിച്ചനിലയിൽ കണ്ടെത്തിയത്. കൊലയാളി ഗെയിമായ ബ്ലൂ വെയിൽ ചലഞ്ചിന് അടിമയായതിനെ തുടർന്ന് മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടണമെന്ന് ഈ കുട്ടി തന്റെ അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ ബുക്കിൽ നിന്ന് ചില കുറിപ്പുകളും രേഖകളും ലഭിച്ചതായി പൊലീസ് അറിയിച്ചു. ജീവിക്കാൻ ഞാൻ അർഹനല്ലെന്നും, എനിക്ക് മരിക്കണമെന്നും എഴുതിവച്ചാണ് കുട്ടി ജീവനൊടുക്കിയത്.

എന്നാൽ, കുട്ടിയുടെ കൈയിലോ ശരീര ഭാഗങ്ങളിലോ തിമിംഗലത്തിന്റെ ചിത്രം കോറിയിരിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബ്ലൂവെയിൽ ചലഞ്ചിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. തുടർന്ന് ബ്ലൂവെയിൽ പൂർണമായി നിരോധിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

50 ദിവസം നീണ്ടു നിൽക്കുന്ന ചലഞ്ചിന്റെ അവസാന ഘട്ടമാണ് ആത്മഹത്യ. ഓരോ ടാസ്‌കും പൂർത്തിയാക്കിയ ശേഷം ഇതിന്റെ ഫോട്ടോ അഡ്‌മിന് അയച്ചു നൽകണമെന്നാണ് ചലഞ്ചിന്റെ നിബന്ധന. കേരളത്തിലുൾപ്പെടെ ബ്ലൂവെയ്ൽ ആത്മഹത്യകൾ അടുത്തിടെ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.