ലണ്ടൻ: ഒരു ഇന്റർനാഷണൽ ഐടി കമ്പനിയിൽ ജോലി കിട്ടിയാൽ പിന്നെ ഈ ജന്മത്തിൽ ഒന്നും വേണ്ടെന്നും എല്ലാം നേടിക്കഴിഞ്ഞെന്നും അഹങ്കരിച്ചിരിക്കുന്നവർക്ക് തിരിച്ചടി നൽകിക്കൊണ്ട് ലോകമെങ്ങുമുള്ള ഐടി കമ്പനികളിലെ കൂട്ടപ്പിരിച്ച് വിടൽ ശക്തമായി. ഐബിഎം നാലിലൊന്ന് ജീവനക്കാരെയും പിരിച്ച് വിട്ടിരിക്കുകയാണ്. ഇന്ത്യൻ ഐടി കമ്പനികളാകട്ടെ ജീവനക്കാർക്ക് ശമ്പളം മുടക്കിയിരിക്കുകയുമാണ്. ബ്രിട്ടനിലെ ആയിരക്കണക്കിന് ഐടിജീവനക്കാരുടെ ജോലിക്ക് ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമായി ഐബിഎമ്മിൽ നിന്ന് 110,000 ജോലികൾ അപ്രത്യക്ഷമായിരിക്കുകയാണ്. ഐടി മേഖലയിലെ അതികായനായ കമ്പനിയിൽ അഴിച്ച് പണി നടക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടപ്പിരിച്ച് വിടൽ അരങ്ങേറുന്നത്.

പോർട്ട്‌സ്മൗത്ത്, ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളടക്കം ഐബിഎമ്മിന് യുകെയിൽ മാത്രം 24 ഓഫീസുകളിലായി 20,000 ജീവനക്കാരുണ്ട്. ഇതിൽ 5000 പേരുടെ ജോലി തെറിക്കുമെന്ന ഭീഷണിയാണ് നിലനിൽക്കുന്നത്. തങ്ങളുടെ ബിസിനസ്സ് നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അഴിച്ച് പണിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ച് വിടുന്നതെന്നാണ് യുഎസ് ഫോർബ്‌സ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്നാണ് ഐബിഎം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ബിസിനസ്സിലെ മൂന്ന് പ്രധാനശാഖകളായ ഹാർഡ് വെയർ, സോഫ്റ്റ് വെയർ, സപ്പോർട്ട് എന്നിവയെ ഒരു സിംഗിൾ ഓപ്പറേറ്റിങ് ബിസിനസ്സിലേക്ക് ലയിപ്പിക്കാൻ ആലോചിക്കുകയാണെന്നും അതിന്റെ ഭാഗമായി ചില പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നുമാണ് ഐബിഎം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ലയിപ്പിക്കുന്നതിലൂടെ വിവിധ ശാഖകളിലെ ജീവനക്കാർക്കിടയിലുള്ള ഭിത്തകൾ ഇല്ലാതാവുകയും അവർക്ക് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനാവുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. പ്രൊജക്ട് ക്രോം എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ഐബിഎം പോലുള്ള കമ്പനികൾ ലോകമെമ്പാടുമുള്ള തങ്ങളുടെ 430,000 ജീവനക്കാരെ പുനർക്രമീകരിക്കുന്നത്. കമ്പ്യൂട്ടർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഐബിഎം തങ്ങളുടെ പരമ്പരാഗത ജീവനക്കാരെ ഐടി സർവീസസ് ആൻഡ് ഇൻഫർമേഷൻ സ്‌റ്റോറേജിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വെല്ലുവിളികൾ നേരിടുന്നുണ്ട്.

നാലിലൊന്ന് ജീവനക്കാരെയും പിരിച്ച് വിടാൻ ഐബിഎം എടുത്ത തീരുമാനം കോർപ്പറേററ് മേഖലയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതാണ്. ഇതിന് മുമ്പ് 1993ൽ ഐബിഎം തന്നെയാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ പിരിച്ച് വിടൽ നടത്തിയിരുന്നത്. അന്ന് 60,000 ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടിരുന്നത്.

ഐടി മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായി പല ഇന്ത്യൻ ഐടി കമ്പനികളും ജീവനക്കാർക്ക് ശമ്പളം മുടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏററവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസിൽ നിന്നും തൊഴിലാളികളെ ആശങ്കപ്പെടുത്തുന്ന വാർത്തകളായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നത്.30,000 ജീവനക്കാരെ കമ്പനി പിരിച്ച് വിടാൻ ഒരുങ്ങുന്നുവെന്നായിരുന്നു പ്രസ്തുത വാർത്ത. പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് തൊഴിൽനിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ടിസിഎസ് പിരിച്ച് വിടൽ നടപടികളിലേക്ക് കടക്കുന്നത്.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു വിഭാഗം ജീവനക്കാർക്ക് ലേ ഓഫ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 25,000 മുതൽ 30,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെ പിരിച്ച് വിടൽ നോട്ടീസ് നൽകിയതോടെ തൊഴിലാളികൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ജീവനക്കാരുടെ പ്രകടനം മോശമായതിനാലാണ് അവരെ പിരിച്ച് വിടുന്നതെന്നാണ് കമ്പനിയുടെ ന്യായീകരണം. ആഗോളതലത്തിൽ ടിസിഎസിൽ 1.3 ലക്ഷം ജീവനക്കാരാണുള്ളത്.

ടിസിഎസിന്റെ പാതയിൽ മറ്റ് ഐടി കമ്പനികളും ജീവനക്കാരെ പിരിച്ച് വിടാനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ഒക്
ടോബർ മാസത്തിൽ ബാഗ്ലൂരിലെ സോഫ്റ്റ് വെയർ ഡെവലപ് സെന്ററിൽ നിന്നും 500 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു.