കണ്ണൂർ: ഇന്ത്യയിൽ വിലക്കയറ്റം ക്രമാതീതമായി വളരാൻ കാരണം ജി.എസ്.ടി നടപ്പിലാക്കിയതു കാരണമാണെന്ന് ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ്. ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ നിർമ്മാതാക്കൾ സാധനങ്ങളുടെ വില കൂട്ടിയെന്നും ഇതു തടയാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്നും ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.മുരളീധരൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ പരിധിയിൽ ഉൾപ്പെടുത്തിയാൽ വില നിയന്ത്രിക്കാൻ കഴിയും. ഓരോ ഉൽപ്പന്നത്തിന്റെയും നിർമ്മാണ ചെലവ്, ലാഭം
എന്നിവ സാധനത്തിന്റെ മുകളിൽ എഴുതി വച്ചാൽ വിലക്കയറ്റം ഒഴിവാക്കാൻ കഴിയുമെന്ന് മുരളിധരൻ പറഞ്ഞു.

വില വർദ്ധനവും നാണയപ്പെരുപ്പവും നിയന്ത്രിക്കാൻ കേന്ദ്ര- സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കുക, കോവിഡ് നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കുക, കേരളത്തിൽ തൊഴിൽ നഷ്ടപ്പെട്ട സാധാരണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളികൾക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.എം.എസ് പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ജില്ലാ താലുക്ക് കേന്ദ്രങ്ങളിലാണ് ധർണ നടത്തുക.

കണ്ണുർ കലക്ടറേറ്റ് പരിസരത്ത് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തലശേരി താലുക്ക് ഓഫിസ് പരിസരത്ത് നടക്കുന്ന ധർണ ജില്ലാ സെക്രട്ടറി എം.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകുന്നേരം നാലു മണിക്ക് ഇരിട്ടി താലുക്ക് ഓഫിസ് പരിസരത്ത് നടക്കുന്ന ധർണ ജില്ലാ സെക്രട്ടറി എം.വേണുഗോപാലും തളിപ്പറമ്പ് താലുക്ക് ഓഫിസിന് മുൻപിൽ നടക്കുന്ന ധർണ ജില്ലാ പ്രസിഡന്റ് സി.വി തമ്പാനും ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന അയോധ്യ സമ്മേളനത്തിന്റെ പ്രമേയത്തിൽ പറയുന്നതുപോലെ ഉൽപാദകർ ഉൽപാദന ചെല്ല് ഓരോ ഉൽപ്പന്നത്തിന് മുകളിലും പരസ്യപ്പെടുത്തണമെന്ന നിയമം കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്നും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുതെന്നും ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളിധരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ജില്ലാ ഭാരവാഹികളായ എം.വേണുഗോപാൽ, പി.കൃഷ്ണൻ, എം.പ്രസന്നൻ എന്നിവരും പങ്കെടുത്തു.