ന്യൂഡൽഹി: കേന്ദ്രത്തിന് വീണ്ടും തിരിച്ചടി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ ബി.എം.എസിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റ് മാർച്ച് നടത്തും. കേന്ദ്ര നയങ്ങൾ തൊഴിലാളി വിരുദ്ധമാണെന്ന ആരോപിച്ചാണു സംഘപരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസ് കേന്ദ്രത്തിനെതിരെ സമരരംഗത്തിറങ്ങുന്നത്.

പ്രകടനത്തിനു ശേഷം തൊഴിൽപ്രശ്നം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷൻ അരുൺ ജെയ്റ്റ്ലിക്ക് നേതാക്കൾ അവകാശപത്രിക സമർപ്പിക്കാനാണ് ബി.എം.എസ് തീരുമാനം.

തൊഴിൽ നിയമപരിഷ്‌കരണത്തിന്റെ പേരിൽ തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നത് അവസാനിപ്പിക്കുക, മുഴുവൻ മേഖലകളിലും തുല്യജോലിക്കു തുല്യവേതനം ഉറപ്പാക്കുക, കരാർ തൊഴിലുകൾ അവസാനിപ്പിക്കുക, പൊതുമേഖലയെയും സാമ്പത്തിക സ്ഥാപനങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ബി.എം.എസിന്റെ പാർലമെന്റ് മാർച്ച്.

സർക്കാരിന്റെ നയങ്ങൾക്കെതിരേയാണു പ്രക്ഷോഭമെന്നും ഏതെങ്കിലും പാർട്ടിക്ക് എതിരല്ലെന്നും ബി.എം.എസ് ദേശീയ ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു, സർക്കാരിന്റെ നയം രാഷ്ട്രീയമാണെന്നും എന്നാൽ, തങ്ങളുടെത് തൊഴിലാളികളുടെ പ്രശ്നമാണെന്നും ഉപാധ്യായ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിൽപരിഷ്‌കരണം, സ്വകാര്യവൽകരണം, വിദേശഇടപെടലുകൾ എന്നീ നയങ്ങളിൽ ബി.എം.എസിന് എതിർപ്പുണ്ട്. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും ബി.എം.എസ് സർക്കാരിനെ വിമർശിച്ചിരുന്നു.ഇതിന് പുറമെയാണ് തൊഴിലാളി സംഘടനയായ ബി.എം.എസ് കേന്ദ്രത്തിനെതിരെ സമരരംഗത്തിറങ്ങുന്നത്.