കൊച്ചി: വൈപ്പിൻകരയിലെ ജനങ്ങളുടെ യാത്രാദുരിതത്തെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ജലഗതാഗത വകുപ്പിന്റെ അനാസ്ഥയിലേക്കാണ് ഓണക്കാലത്ത് ഉണ്ടായ വൻ ബോട്ട് ദുരന്തം വിരൽ ചൂണ്ടുന്നത്.

ആറ് പേരുടെ മരണത്തിനിടയാക്കിയത് ഏതാണ്ട് 35 വർഷത്തിളേറെ പഴക്കമുള്ള ബോട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ജല ഗതാഗത വകുപ്പിന്റെ ഈ ഒരു ബോട്ട് മാത്രമാണ് വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്നത്.ഇത് കൂടാതെ ജംഗാർ സർവ്വീസ് ആണ് ഇവിടേക്കുള്ളത്. കൊച്ചി കോർപ്പറേഷനാണ് ഈ ബോട്ടിന് കരാർ നൽകിയത്. ആകെ മൂന്ന് ലൈഫ് ബോയിമാർ മാത്രമാണ് ബോട്ട് അപകടത്തിൽപ്പെടുമ്പോൾ സർവ്വീസിലുണ്ടായിരുന്നത്.

വർഷത്തിൽ രണ്ട് തവണയെങ്കിലും മുഴുവൻ പരിശോധനകളും നടത്തണമെന്ന നിബന്ധനയും ഈ ബോട്ടിന്റെ കാര്യത്തിൽ പാലിക്കാറില്ലെന്നാന് അപകടമുണ്ടായപ്പോൾ ഉയർന്ന് കേൾക്കുന്ന പ്രധാന ആക്ഷേപം. എട്ടോളം സർവീസുകൾ (അങ്ങോട്ടും ഇങ്ങോട്ടുമായി)ഈ ബോട്ടിൽ ജലഗതാഗത വകുപ്പ് നടത്തുന്നുണ്ട്.പരമാവധി 30 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടിൽ രാവിലേയും വൈകീട്ടുമായി ഏതാണ്ട് 60 ഓളം പേർ കയറാറുണ്ട്.

ജംഗാരിൽ വാഹനങ്ങളും ആളുകളും കൂടുതലാകുമ്പോഴാണ് നാട്ടുകാർ പലപ്പോഴും ജലഗതാഗത വകുപ്പിനെ ആശ്രയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവരാകട്ടെ ജീവനക്കാരുടെ എണ്ണത്തിൽ തന്നെ വൻകുരവാണ് അനുഭവിക്കുന്നത്.എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് 40ഓളം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്.

രണ്ട് ഷിഫ്റ്റുകളായി നാമമാത്രമായ ജീവനക്കാർ മാത്രമാണ് ഇവിടെ ബോട്ട് ടെക്‌നീഷ്യൻ തസ്തികയിൽ ജോലി നോക്കുന്നത്.രാത്രിയായാൽ ജീവനക്കാർ ഒന്നോ രണ്ടോ പേർ മാത്രമാണ് ഉണ്ടാകുകയെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ബോട്ടിനെന്തെങ്കിലും കേടുപാടുകൾ വന്നാലോ അപകടം സംഭവിച്ചാലോ ജെട്ടിയിൽ നിന്നും ആളുകൾ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇപ്പോൾ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ചില ഭാഗങ്ങൾ ദ്രവിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നും കാണിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് തങ്ങളുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിനും ജലഗതാഗത വകുപ്പിനും കൈമാറി ദിവസങ്ങൾക്കുള്ളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്.

ഈ റിപ്പോർട്ട് (മുൻപും ഇത്തരത്തിൽ ജലഗതാഗത വകുപ്പിന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്)ജലഗതാഗത വകുപ്പിന് ലഭിച്ചിട്ടും ഒന്നും ചെയ്യാനില്ലാത്തത് പോലെ പതിവ് ശൈലി അവലംബിച്ചു.ബോട്ട് കഴിഞ്ഞ മാസം പരിശോധനകൾ പൂർത്തിയാക്കിയതാണെന്നാണ് അവരുടെ അവകാശവാദം. കടലിൽ മീൻപിടിക്കാൻ പോകുന്ന ചെറിയൊരു ബോട്ട് എത്ര സ്പീഡിൽ വന്നിടിച്ചാലും രണ്ടായി പിളരണമെങ്കിൽ അത് യാത്രാബോട്ടിന്റെ പഴക്കവും ശോച്യാവസ്ഥയും തന്നെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിദഗദരുടെ പക്ഷം.കപ്പൽചാലിലൂടെ പോകുന്ന ബോട്ടായതിനാൽ പതിവിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ വേണമെന്നാണ് നിബന്ധന.എന്നാൽ ആറ് സുരക്ഷാ ജാകറ്റ് മാത്രമേ ബോട്ടിലുണ്ടായിരുന്നൊള്ളൂ എന്നാണ് റിപ്പോർട്ട്.

ആളുകൾക്ക് പൂർണ്ണമായും ഈ ബോട്ടിൽ ഇരിക്കാനും സംവിധാനമില്ല.ഇങ്ങനെ ഭരണകൂടം കാണിച്ച വൻ അനാസ്ഥയുടെ രക്തസാക്ഷികളാണ് ഫോർട്ട് കൊച്ചി ദുരന്തത്തിൽ മരിച്ചവരെന്ന് പറയേണ്ടിയിരിക്കുന്നു.തട്ടേക്കാടും തേക്കടിയും പോലെ നിരവധി ബോട്ട് ദുരന്തങ്ങൾ കണ്ട നമ്മുടെ നാട് ഇത് പോലെ അപകടം ഉണ്ടായാൽ മാത്രമേ ബോട്ടുകളുടെ സുരക്ഷയെ പറ്റി ചിന്തിക്കൂ എന്നതാണ് മറ്റൊരു വിഷമകരമായ സത്യം.ഇത് പോലെ സുരക്ഷ വീഴ്ച വരുത്തുന്ന ഭരണാധികാരികൾക്കെതിരെ മനഃപൂർവ്വമായ നരഹത്യക്ക് കേസ് എടുത്താൽ മാത്രമേ മുൻകരുതലുകൾ ശക്തമാക്കാൻ അവർ ശ്രദ്ധ പുലർത്തൂ എന്നാണ് മുൻഅനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.