- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്യമായ രേഖകളില്ല, ആകെയുള്ളത് പെർമിറ്റ് മാത്രം; ആലപ്പുഴയിൽ സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയും; ചോദ്യം ചെയ്യലിൽ ലഭിച്ചത് പരസ്പര വിരുദ്ധ മറുപടികളും
ആലപ്പുഴ: സംശയാസ്പദ സാഹചര്യത്തിൽ ആലപ്പുഴയിൽ മത്സ്യ ബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് ആറാട്ടുപുഴ വട്ടച്ചാൽ തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നു ബോട്ട് പിടികൂടിയത്. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്.
മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നു മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യത്തൊഴിലാളികൾ കണ്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നു തമിഴ്നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്നതിന് പോകുകയാണെന്നായിരുന്നു തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്.
കോസ്റ്റൽ പൊലീസ് എസ്ഐ എ മണിലാൽ ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന ബോട്ടുകളെക്കുറിച്ച് വിവരം നൽകണമെന്ന് നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ നിർദ്ദേശം നൽകിയിരുന്നു.ഇതേത്തുടർന്ന സംശയാസ്പദമായി കാണുന്ന ബോട്ടുകളെ ക്കുറിച്ച് വിവരമറിയിക്കണമെന്ന സന്ദേശം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സപ്പ് ഗ്രൂപ്പിൽ കൈമാറിയിരുന്നു. തുടർന്നാണ് മത്സ്യത്തൊഴിലാളികൽ വിവരം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ