തിരുവനന്തപുരം: ആലപ്പുഴ തീരത്ത് നിന്ന് പിടികൂടിയ ഇറാനിയൻ ബോട്ടിലുള്ളവർക്ക് ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയം. പാക്കിസ്ഥാനികളും ഇറാനികളുമായ ഇവർക്ക് തീവ്രവാദികളുമായി ബന്ധമുള്ളതായാണ് എൻ.ഐ.എ.യുടെ സംശയം. തീവ്രവാദമേഖലയിലുള്ളവരാണ് പിടിയിലായവർ. ഇറാനിയൻ ബോട്ടായ ബറൂക്കി കള്ളക്കടത്തിന് ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതിനിടെ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ പൊലീസ് ശുപാർശെ ചയ്തു. വിഴിഞ്ഞം സിഐ സ്റ്റൂവർട്ട് കീലറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി. സെൻകുമാറാണ് ശുപാർശ സർക്കാറിന് കൈമാറിയത്. ഞായറാഴ്ച രാത്രി ദേശീയ അന്വേഷണ ഏജൻസി ഡിവൈ.എസ്‌പി. വിഴിഞ്ഞത്തെത്തി ബോട്ടിലുള്ളവരെ ചോദ്യം ചെയ്തു. കേസ് എൻ.ഐ.എ. ഏറ്റെടുക്കേണ്ടതാണെന്ന് ചോദ്യംചെയ്ത എൻ.ഐ.എ. ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. കേസ് ഏറ്റെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് എൻ.ഐ.എ.ഡയറക്ടറാണ്. ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടാകും.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഭീകരാക്രമണ പദ്ധതികളോട് സാമ്യമുള്ള സംഭവമാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. മുമ്പ് മുംബൈ ഭീകരാക്രമണ സംഭവത്തിൽ ഭീകരർ എത്തിയത് മത്സ്യബന്ധന തൊഴിലാളികളുടെ വേഷത്തിലായിരുന്നു. മുംബൈ തീരത്ത് തീരസംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ച് എത്തിച്ചേരാൻ ഭീകരർക്ക് കഴിഞ്ഞതും ഇതുമൂലം തന്നെ. പരിശീലനം ലഭിച്ച ഭീകരരെ മറ്റു രാജ്യങ്ങളിലേക്ക് അയച്ച് വിവാഹം വഴി പൗരത്വം സംഘടിപ്പിക്കുന്ന രീതിയും ഐഎസ്‌ഐയുടേതാണ്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി അവർ ആളുകളെ അയക്കാറുണ്ടെന്നും പറയുന്നു.

ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹഫോണിനെച്ചൊല്ലിയാണ് മറ്റൊരു സംശയം. എവിടെനിന്നാണ് ഫോൺ കിട്ടിയതെന്ന ചോദ്യത്തോട് വ്യത്യസ്ത രീതിയിലാണ് തൊഴിലാളികൾ പ്രതികരിച്ചത്. ആശയവിനിമയത്തിന് ബോട്ടിൽ സ്ഥിരമായി ഉണ്ടാകാറുള്ളതാണ് ഫോണെന്നാണ് ചിലർ പറഞ്ഞത്. എവിടെനിന്നാണ് ഫോൺ വാങ്ങിയതെന്നറിയില്ലെന്ന് മറ്റുചിലർ മൊഴിനൽകി. എല്ലാവരുടെയും മൊഴികളിൽ അവ്യക്തതയുണ്ട്. സാറ്റലെറ്റ് ഫോണിൽ നിന്ന് പാക്കിസ്ഥാനിലേക്കും തായ്‌ലൻഡിലേക്കും വിളിച്ച കാളുകൾ പിന്തുടർന്നാണ് റായും ഐ.ബിയും ബോട്ട് കണ്ടെത്തിയത്. സാറ്റലൈറ്റ് ഫോണിലൂടെ പേർഷ്യൻ ഭാഷയിലുള്ള സംഭാഷണമായിരുന്നു പാക്കിസ്ഥാനിലേക്ക് പോയത്. ഇതേത്തുടർന്നാണ് ഇവരെ നിരീക്ഷിക്കാൻ റാ കോസ്റ്റ് ഗാർഡിന് നിർദ്ദേശം നൽകിയത്.

ഇറാൻ പൗരന്മാരാണെന്ന് അവകാശപ്പെടുന്ന ഇവർ ബലൂചിസ്ഥാൻ സ്വദേശികളാണെന്ന് വ്യക്തമായി. ഇറാനിലെ പെൺകുട്ടികളെ വിവാഹം ചെയ്തതുവഴി തങ്ങൾക്ക് ആ രാജ്യത്തെ പൗരത്വം ലഭിച്ചുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്. എഞ്ചിൻ നിലച്ചതുമൂലം ബോട്ട് കടലിൽ ഒഴുകി നടക്കുകയായിരുന്നുവെന്നും ഉടമയെ അറിയിച്ചപ്പോൾ ഇത്രയും ദൂരെയായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നു മറുപടി നൽകിയെന്നുമാണ് പറയുന്നത്. എന്നാൽ ബോട്ടിൽ നിന്നു മൂന്നു ദിവസമായി പാക്കിസ്ഥാനിലേക്ക് വയർലെസ് സന്ദേശങ്ങൾ പോയത് റോ പിടിച്ചടുത്തിട്ടുണ്ട്. ഇറാനി ഭാഷയിലായിരുന്നു ഈ സന്ദേശങ്ങൾ. തങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണെന്നും മറ്റും ഇവർ വെളിപ്പെടുത്തുന്നുണ്ട്.

റോ പിന്നീട് ഈ വിവരങ്ങൾ നാവിക സേനക്കും കോസ്റ്റ് ഗാർഡിനും കൈമാറുകയായിരുന്നു. തുടർന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. നാവികസേനയുടേയും കോസ്റ്റ്ഗാർഡിന്റയും ബോട്ടുകൾ പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ ഇവർ കയ്യിലുണ്ടായിരുന്ന ഉപകരണങ്ങൾ കടലിൽ ഉപേക്ഷിച്ചുവെന്നാണ് കരുതുന്നത്. ഇതിൽ ആയുധങ്ങളുമുണ്ടോയെന്ന് വ്യക്തമല്ല. മുംബൈ ഭീകരാക്രമണ മാതൃകയിൽ കൊച്ചിയിലും ആക്രമണം നടത്താൻ പാക് ഭീകര സംഘടനകൾ പദ്ധതിയിട്ടിരുന്നതായും നേരത്തെ വെളിപ്പെട്ടിരുന്നു. കൊച്ചി ലക്ഷ്യമാക്കിയാണ് ബോട്ട് എത്തിയതെന്ന് കരുതുന്നു. എന്നാൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. പിടിയിലായവർ ഇതുവരെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം നുണയാണെന്നും തെളിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടത്തേണ്ടതിനാലും ഭീകരബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണ് കേസ് എൻഐഎക്ക് കൈമാറണമെന്ന് തീരസംരക്ഷണ സേന ആവശ്യപ്പെട്ടത്.

മെയ് 25ന് ഇറാനിലെ കാലാട്ട് നിന്ന് പുറപ്പെട്ട ബോട്ട് യന്ത്രത്തകരാറിനെത്തുടർന്നാണ് കാറ്റിനനുസരിച്ച് ഇന്ത്യ സമുദ്രാതിർത്തിയിലെത്തിയത്. പൊലീസ്, റോ, ഐ.ബി., എൻ.ഐ.എ., മിലിട്ടറി, എയർഫോഴ്‌സ്, നേവി ഉദ്യോഗസ്ഥർ പിടിയിലായവരെ ചോദ്യം ചെയ്തു. ഇവർ നടത്തിയ പരിശോധനയിൽ മീൻപിടിത്ത ബോട്ടല്ല ബറൂക്കിയെന്ന് ഉറപ്പുവരുത്തി. അതിനാലാണ് ഇത് കള്ളക്കടത്തുബോട്ടാണെന്ന നിഗമനത്തിലെത്തിയത്. പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോൾ കള്ളക്കടത്തുസാധനങ്ങൾ കടലിൽ ഉപേക്ഷിച്ചതാകാമെന്നാണ് ബോട്ട് പരിശോധിച്ച ഏജൻസികളുടെ വിലയിരുത്തൽ.

ആലപ്പുഴയിൽ പിടിയിലാകുമ്പോൾ ബോട്ടിലുണ്ടായിരുന്ന വല മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന സാധനങ്ങൾ വലയിലാക്കി പിന്നീടത് മുറിച്ച് കടലിൽതള്ളിയെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ബോട്ട് പിടികൂടിയപ്പോൾ തീരസംരക്ഷണസേനയാണ് വലമുറിച്ചുമാറ്റിയതെന്നാണ് പൊലീസ് പറയുന്നത്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹഫോണിനെച്ചൊല്ലിയാണ് മറ്റൊരു സംശയം. എവിടെനിന്നാണ് ഫോൺ കിട്ടിയതെന്ന ചോദ്യത്തോട് വ്യത്യസ്ത രീതിയിലാണ് തൊഴിലാളികൾ പ്രതികരിച്ചത്. ആശയവിനിമയത്തിന് ബോട്ടിൽ സ്ഥിരമായി ഉണ്ടാകാറുള്ളതാണ് ഫോണെന്നാണ് ചിലർ പറഞ്ഞത്. എവിടെനിന്നാണ് ഫോൺ വാങ്ങിയതെന്നറിയില്ലെന്ന് മറ്റുചിലർ മൊഴിനൽകി. എല്ലാവരുടെയും മൊഴികളിൽ അവ്യക്തതയുണ്ട്.

പിടിയിലായ 12പേർക്കും പാസ്‌പോർട്ടില്ല. പാക്കിസ്ഥാനിലെയും ഇറാനിലെയും തിരിച്ചറിയൽരേഖകളുടെ പകർപ്പേയുള്ളൂ. ഇവരിൽനിന്ന് 10 സിംകാർഡുകൾ കണ്ടെത്തി. ഇവ ഏതുരാജ്യത്തേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാക്കിസ്ഥാന്റെയും ഇറാന്റെയും ഒൻപത് കറൻസിയും കിട്ടി.ശനിയാഴ്ചരാത്രി 11 മണിയോടെ ആലപ്പുഴ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ക്യാപ്റ്റൻ അബ്ദുൾ മജീദ് (30), ഷഹബാദ്(32), ഹൂസൈൻ(48), ജംഷാദ്(25), മുഹമ്മദ്(26), അഹമ്മദ്(46), കാസിം(50), അബ്ദുൾ ഖാദർ(50), പരേശ്(45), വാഹിദ്(35), ഷാഹിദ്(30), ഇലാഹി ബക്ഷ്(40) എന്നിവരെയാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്.

വിഴിഞ്ഞം പൊലീസിന് കൈമാറിയ ഇവരെ വൻസുരക്ഷാസന്നാഹത്തോടെ തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 17വരെ റിമാൻഡ് ചെയ്തു. മാരിടൈം, സുവ (സപ്രഷൻ ഓഫ് അൺ ലോഫുൾ ആക്ടിവിറ്റി) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.