മലപ്പുറം: പൊന്നാനി ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയിൽ തോണി മറിഞ്ഞ് അപകടം. 6 പേർ മരിച്ചു. നാല് പെൺകുട്ടികളും മൂന്ന് ആണുങ്ങളുമാണ് തോണിയിൽ ഉണ്ടായിരുന്നത്. വൈഷ്ണവ് (20), അഭിലാഷ് (13), ജനീഷ (14), പ്രസീന (14), മിന്നു (14) എന്നിവരാണ് മരിച്ചത്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ബണ്ട് കാണാനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും സമീപവാസികൾ തന്നെയാണെന്നാണ് വിവരം. തോണിയിൽ ഏഴ് പേർ ഉണ്ടെന്നാണ് വിവരം. ഒരാൾ മാത്രമാണ് രക്ഷപെട്ടത്.

പൊന്നാനിയിലെ കോൾ പാടത്തോട് ചേർന്ന് ബണ്ട് തകർന്നിരുന്നു. ഇതിനെതുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് കാണാനായി രണ്ട് കുടുംബങ്ങളിലെ ഏഴു പേരാണ് തോണിയിൽ സഞ്ചരിച്ചത്. ഒഴുക്കിൽ വള്ളം മറിയുകയായിരുന്നു. കുട്ടികൾ സ്വയം തോണിയെടുത്ത് തുഴയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. വൈകിട്ട് നാലു മണിയോടെയാണ് ഇവർ തോണിയിൽ പോയത്. കോൾ പാടങ്ങളുള്ള മേഖലയിലാണ് അപകടം ഉണ്ടായത്. അപകടവിവരം അറിയാൻ വൈകിയതും സംഭവ സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ വൈകിയതും മരണ സംഖ്യ ഉയർത്തിയതായാണ് റിപ്പോർട്ടുകൾ.

ഇരുപത് വയസിൽ താഴെയുള്ളവരാണ് അപകടത്തിൽ മരിച്ചവർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാൻ പോയ വിനോദയാത്രയാണ് ആറ് ജീവൻ എടുത്തത്. വാടകയ്‌ക്കെടുത്ത വള്ളമാണ് അപകടത്തിൽ പെട്ടത്. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മാപ്പാടിക്കൽ എന്ന കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളമാണ് അപകടത്തിൽ പെട്ടത്.

ഗുരുതര നിലയിലുള്ള വേലായുധനെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സൺ റൈസേഴ്‌സ് ആശുപത്രിയിലാണുള്ളത്. ഇന്ന് വൈകുന്നേരം 4.30 ഓടെ കടുക്കുഴി ഭാഗത്താണ് അപകടം. പൊന്നാനി നരണിപ്പുഴയിൽ കോൾ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിൽ കുട്ടികൾ കളിക്കുകയായിരുന്നെന്നും അതുവഴി വന്ന വേലായുധൻ ഇവരെ തോണിയിൽ കയറ്റി കൊണ്ടുപോകവെയാണ് അപകടം നടന്നതെന്നുമാണ് വിവരം. കുട്ടികളെല്ലാം ബന്ധുക്കളും അയൽക്കാരുമാണ്. ചളി നിറഞ്ഞ പുഴയാണ് നരണി പുഴ. പൊന്നാനി കോൾനിലത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്.

കുട്ടികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടുമാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.