മുംബൈ: മഹാരാഷ്ട്ര തീരത്ത് സംശയാസ്പദ സാഹചര്യത്തിൽ വിദേശ ബോട്ടുകൾ കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്താണ് സംശായസ്പദമായ സാഹചര്യത്തിൽ യന്ത്രതോക്കുകളുമായി രണ്ട് വിദേശ ബോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. എകെ 47 തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും ബോട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് ഭീകരബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ തീരദേശത്തെ പ്രധാന കേന്ദ്രങ്ങളിലും ജില്ലയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. സ്ഥലത്ത് വൻ പൊലീസ് ക്യാംപ് ചെയ്യുന്നു. ഹരിഹരേശ്വർ ബീച്ചിന് സമീപം ബോട്ടിൽ നിന്ന് എകെ 47 കണ്ടെത്തിയതായി റായ്ഗഡ് എസ്‌പി അശോക് ധൂധേ പറഞ്ഞു.

ബോട്ടിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും പങ്കുവയ്ക്കാൻ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരദേശവാസികളാണ് ബോട്ട് കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. ഓസ്ട്രേലിയൻ നിർമ്മിത ബോട്ടുകളാണെന്നും റിപ്പോർട്ടുകളുണ്ട്. ബോട്ട് തീരത്ത് അടുപ്പിക്കുന്നതിന് മുൻപായി വിവരം കോസ്റ്റ്ഗാർഡുകളെ അറിയിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.

അതേസമയം അതിനിടെ ഒമാൻ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടിൽ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ബോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തീവ്രവാദവിരുദ്ധസേനയും വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ തീവ്രവാദ ശക്തികളുണ്ടായെന്നാവും പരിശോധിക്കുകയെന്ന് എ.ടി.എസ് മേധാവി വിനീത് അഗർവാൾ അറിയിച്ചു. ഇത് ഒരു ഉപേക്ഷിക്കപ്പെട്ട ബോട്ടാണ് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.