മലപ്പുറം: ഇസ്മായിലിന്റെ ആത്മഹത്യാ കാരണം കണ്ടെത്തുന്നതിന് ബോബി ചെമ്മണ്ണൂർ ജൂവലറിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കു സംസ്ഥാന ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്ററിന്റെ പരാതി. താനൂർ വട്ടത്താണി കെ.പുരം സ്വദേശി പാശ്ശേരി ഇസ്മായിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ഷഹീദയുടെ 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്റ്കുമാറിന്റെ ഉത്തരവ് കീഴ് ഉദ്യോഗസ്ഥർ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് വീണ്ടും പരാതി ലഭിച്ചിരിക്കുന്നത്.

തൃശൂർ ആസ്ഥാനമായ സ്റ്റേറ്റ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ സെക്രട്ടറി ജോയ്‌കൈതാരത്തിന് നേരത്തെ ഇസ്മായിലിന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കുടുംബത്തിന് നീതിലഭിക്കുന്നതിനായി ഇടപെടുകയും കേസ് പന്തുടർന്ന് വരികയുമാണ്. തിരൂർ പൊലീസ് സ്‌റ്റേഷനിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസിൽ പൊലീസ് ഇടപെട്ട് അട്ടിമറി നടത്തിയത വിഷദാംശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഡി.ജി.പിക്ക് പരാതി നൽരിയിട്ടുള്ളത്. പരാതിയിൽ കർശനമായ നടപടി ഡിജിപി എടുക്കുമെന്നാണ് സൂചന.

ഇസ്മായിലിന്റെ കുടുംബം ജോയ്‌കൈതാരത്ത് എഴുതി തയ്യാറാക്കി കൊണ്ടുവന്ന പരാതി വായിക്കാതെ ഒപ്പിടുകയായിരുന്നെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി വഴി ഡി.ജി.പിക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാത്രമല്ല, ഇസ്മായിലിന്റെ കുടുംബത്തിന് യാതൊരു പരാതിയില്ലെന്നും എല്ലാം ജൂവലറി അധികൃതരുമായി പറഞ്ഞു തീർത്തെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഇതോടെ ജോയ് കൈതാരത്ത് അടക്കമുള്ള മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ സത്യം പുറത്തറിയും വരെ കേസുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഡിജിപിയുടെ നിർദ്ദേശം കിട്ടിയിട്ടും മജിസ്‌ട്രേട്ടിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കാത്തതും വിവാദമായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ പൊലീസുകാർക്ക് എതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.

പൊലീസ് നൽകിയ അന്വേഷണ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് സമർത്ഥിക്കുന്ന തെളിവുകൾ സഹിതമായിരുന്നു ഡി.ജി.പിക്കു പരാതി നൽകിയിരിക്കുന്നത്. കൃത്രിമമായി അന്വേഷണ റിപ്പോർട്ട് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെയും ഇതു ശരിവച്ചുകൊണ്ട് എസ്‌പി ഡി.ജി.പിക്ക് അയച്ച സംഭവവും ഗുരുതരമായ വീഴ്ചയാണെന്നും ഡി.ജി.യുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്താനുള്ള ഉത്തരവ് നടപ്പിലാക്കാത്തതിന്റെ പേരിലും ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരേതനായ ഇസ്മായിലിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മരണത്തിനു കാരണക്കാരായവരുടെ ഇടപെടൽ ഒഴിവാക്കുന്നതിന് ജില്ലക്കു പുറത്തുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിന് അന്വേഷണം കൈമാറണമെന്നാണ് പരാതിയിലെ ആവശ്യം. കേസ് ഒതിക്കി തീർക്കുന്നതിന് പൊലീസിന്റെ മദ്യസ്ഥതയിൽ ഇസ്മായിലിന്റെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്യുകയും കേസ് പിൻവലിച്ചാൽ ഇരുപത് ലക്ഷം വീട്ടുകാർക്ക് തരാമെന്ന് കരാർ ഉണ്ടാക്കിയതായും പരാതിയിൽ വ്യക്തമാക്കുന്നു. ഇസ്മായിലിന്റെ ഭാര്യ ഷഹീദ, മകൻ റിയാസ് എന്നിവർ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞതായും പരാതിയിൽ പറയുന്നു.

ജൂൺ 13ന് തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിക്കുള്ളിൽ വച്ചായിരുന്നു ഇസ്മാിൽ തീകൊളുത്തി മരിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനാൽ അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് ഇസ്മായിൽ മരിക്കുകയായിരുന്നു. സംഭവത്തിൽ ജൂവലറി മാനേജരടക്കും എട്ടു പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ കേസ് അട്ടി മറിക്കുന്നതിനായി പൊലീസ് തന്നെ മുൻകൈ എടുക്കുകയായിരുന്നു. സംഭവ ദിവസം ചില പത്ര മാദ്ധ്യമങ്ങളിൽ എവിടെയം തൊടാതെയുള്ള വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് നഗ്നമായ നീതി നിഷേധം നടന്നിട്ടും മാദ്ധ്യമങ്ങൾ അവഗണിക്കുകയായിരുന്നു.

പരാതിയുടെ മേൽ നടപടി എടുക്കുമെന്ന് ഡി.ജി.പി സെന്റ്കുമാർ ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജുവലറി മുതലാളിയുടെ സ്വാധീനത്തിനു മീതെയുള്ള നടപടി കണ്ടറിയേണ്ടതുണ്ട്. ഡി.ജി.പിക്കു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്ററിന്റെ തീരുമാനം.