കൊച്ചി: കർണ്ണാടകയിലെ ചിലർ എന്റേ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നു. ആരും വഞ്ചിതരാകരുത്- ഒരു മാസമായി കേരളത്തിലെ എല്ലാ ചാനലുകളിലും പ്രത്യക്ഷപ്പെട്ട ബോബി ചെമ്മണ്ണൂരിന്റെ പരസ്യവാചകമാണ് ഇത്. കർണ്ണാടകയിൽ ഏത് സ്ഥലത്താണ് സ്ഥാപനം ഉള്ളതെന്നോ തട്ടിപ്പു നടത്തുന്ന സ്ഥാപനത്തിന്റെ പേരോ ഇല്ലാതെയുള്ള പരസ്യം. കർണ്ണാടകയിലെ തട്ടിപ്പിന് കേരളത്തിൽ പരസ്യം കൊടുത്തിട്ട് എന്ത് നേട്ടമെന്ന ചോദ്യവം പ്രസക്തം. എന്നാൽ പണം കിട്ടാൻ എല്ലാവരും ഈ പരസ്യം നൽകി. കേരളത്തിൽ വിശ്വാസ്യത നേടാനുള്ള ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിന്റെ ഭാഗമായിരുന്നു ഈ പരസ്യവും. ഓക്‌സിജൻ സിറ്റിയിലൂടെ കോടികൾ പിരിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞ ശേഷമുള്ള പിആർ ഇടപെടൽ.

പക്ഷേ എല്ലാം അവതാളത്തിലാക്കാൻ പെട്ടെന്നായിരുന്നു വി എസ് അച്യുതാനന്ദൻ അവതരിച്ചത്. സെബിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജൂവലേഴ്സ് നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചിട്ടിഫണ്ടുകളുടെയും സ്വർണ നിക്ഷേപങ്ങളുടെയും പേരിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് പെരുകുന്നു. സന്റെ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനൽ ഗ്രൂപ്, നിർമൽ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരുകയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടിനിൽക്കുന്നതെന്ന് ഓർമ്മപ്പെടുത്തിയായിരുന്നു വിഎസിന്റെ ഇടപെടൽ. പ്രസ്താവന കിട്ടിയ പാടെ ഏഷ്യാനെറ്റ് ന്യൂസ് ബ്രേക്കിങ് ന്യൂസ് നൽകി. വലിയ വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കണ്ടിട്ടും ആരും ഏറ്റു പിടിച്ചില്ല. ബോബി ചെമ്മണ്ണൂരിന്റെ പരസ്യത്തിൽ താൽപ്പര്യമുള്ള ഓൺലൈനുകാരും വാർത്ത മുക്കി.

മുമ്പ് ചാനൽ ചർച്ചകളിൽ വീരവാദവുമായി ഏഷ്യാനെറ്റ് മുന്നേറുമ്പോൾ പലരും ചോദിച്ചത് എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിന്റെ വാർത്ത കൊടുക്കുന്നില്ലെന്നതായിരുന്നു. ആളുകളുടെ അഭിപ്രായത്തിലൂടെ ന്യൂസ് അവർ വിഷയം തീരുമാനിക്കുന്നത് പോലും ഇതുകാരണം വേണ്ടെന്ന് വച്ചു. സോഷ്യൽ മീഡിയ ഏഷ്യാനെറ്റിനെ കളിയാക്കി. ഇതെല്ലാം കൊണ്ടാണ് വിഎസിന്റെ പ്രസ്താവന തൽസമയം ഏഷ്യാനെറ്റ് കത്തിച്ചത്. ന്യൂസ് അവറിൽ പൊതു വിഷയമാക്കി ചർച്ചയും നടത്തി. പക്ഷേ ചർച്ചയിൽ അവതാരകൻ വിനു വി ജോൺ ആവേശം കാട്ടിയില്ല. ബോബി ചെമ്മണ്ണൂരിന് എന്തു വേണമെങ്കിലും ചെയ്യാമെന്ന രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തു. ബോബി ചെമ്മണ്ണൂരിന്റെ പ്രസ്താവന കൊടുക്കുകയും ചെയ്തു. നിയമപരമായി എല്ലാം ശരിയാണെന്ന് ബോബി ചെമ്മണ്ണൂർ വിശദീകരിക്കുന്നത്. പരാതിക്കാരനായ ജോയ് കൈതാരത്തിനെ പേരെടുത്ത് കുറ്റപ്പെടുത്തുകയും ചെയ്തു. ചാനൽ ചർച്ചയിൽ പരാതിക്കാരനെ വിളിച്ചില്ലെന്നതും ശ്രദ്ധേയമായി.

ഒരു പരാതിയുമില്ലാതെയാണ് തന്റെ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും 1500 കോടിയാണ് മുതലെന്നും വിശദീകരിച്ചു. 2500 കോടിയാണ് കച്ചവടമെന്നും പറഞ്ഞു. എല്ലാം ബിസിനസ്സിലെ ശത്രുത കാരണമെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. വി എസ് അച്യുതാനന്ദൻ ആരോപിച്ചതിൽ അന്വേഷണം നടക്കുന്നതിനാൽ ഇതിലേറെ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും വിനു വി ജോൺ പറഞ്ഞു. ദിലീപിനേയും മറ്റും കടന്നാക്രമിക്കുന്ന ചാനലാണ് ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് എടുത്തത്. അങ്ങനെ എല്ലാം ബോബി ചെമ്മണ്ണൂരിന് അനുകൂലം. ഏഷ്യാനെറ്റിൽ വാർത്ത വന്നപ്പോൾ തന്നെ മറ്റ് ചാനലുകളെ സ്വാധീനിക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്ത് വന്നു. അങ്ങനെ എല്ലാ ചാനലിലും പത്രങ്ങളിലും പരസ്യമെത്തി. വി എസ് പറഞ്ഞത് മിക്കവരും കൊടുത്തില്ല. എന്നാൽ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ബോബിയുടെ തന്ത്രത്തിന് കൂട്ടു നിന്ന് എല്ലായിടത്തും പരസ്യം നിറഞ്ഞു. മാധ്യമത്തിൽ മാത്രമായി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ സ്ഥാനം ചുരുങ്ങി.

സെബിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജൂവലേഴ്സ് നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നായിരുന്നു വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജൂവലറിയുടെ പേരിൽ നടക്കുന്നത്. ഇതു സംബന്ധിച്ച് താൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനും കേന്ദ്ര ധനകാര്യ ഏജൻസികൾക്കും പരാതി നൽകിയിരുന്നു. പ്രതീക്ഷിച്ചതുപോലെ, യു.ഡി.എഫ് സർക്കാർ ഇതിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ല. 2012 മുതൽ 2015 വരെ 998.4 കോടി പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിലെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വിൽക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം വെറും 35.26 കോടിയുടേതും. ഇതുസംബന്ധിച്ച് ആധികാരിക വിവരം ഉത്തരവാദിത്തപ്പെട്ടവരിൽനിന്ന് ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പൊലീസ് നടപടി ശരിയല്ലെന്ന് വി എസ് അഭിപ്രായപ്പെട്ടു.

ഈ പ്രസ്താവന നൽകിയ മാധ്യമവും ബോബി ചെമ്മണ്ണൂരിന്റെ പ്രസ്താവ നൽകി. അതിൽ വിശദീകരിക്കുന്നത് ഇങ്ങനെവി.എസിന്റെ ആരോപണത്തിൽ കഴമ്പില്ല. ചെമ്മണ്ണൂർ ഇന്റർനാഷനൽ ജൂവലേഴ്‌സിന്റെ വിറ്റുവരവ് 2500 കോടിയാണ്, ആസ്തി 1550 കോടിയും. സെയിൽ ഓഫ് ഗുഡ്‌സ് ആക്ട് സെക്ഷൻ നാല് പ്രകാരവും ആർ.ബി.ഐയുടെ 45 ഐ.ബി.ബി 5ഡി ആക്ട് പ്രകാരവും നിയമാനുസൃതവുമായാണ് ഗോൾഡ് അഡ്വാൻസ് സ്‌കീം നടപ്പാക്കുന്നത്. ഇന്ത്യയിലെ എല്ലാ ജൂവലറികളും ഇതേരീതിയിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിനുകീഴിൽ ഷെയർ ഹോൾഡേഴ്‌സ് ഉള്ള ഒരു ലിമിറ്റഡ് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. 2014 വരെ ലിമിറ്റഡ് കമ്പനികളിൽ എത്ര ഷെയർഹോൾഡേഴ്‌സിനുവേണമെങ്കിലും ചേരാമായിരുന്നു. എന്നാൽ ഒരു കമ്പനിയിൽ 200 പേരേ പാടുള്ളൂ എന്ന് 2014ൽ നിയമം വന്നതിനുശേഷം എണ്ണം 200 ആക്കിയെന്നും ബോബി കൂട്ടിച്ചേർത്തു. ഇത് തന്നെയാണ് ഏഷ്യാനെറ്റ് ചർച്ചയിലും ബോബി വിശദീകരിച്ചത്. അങ്ങനെ പരസ്യമുതലായളിയുടെ പിആർ ഇടപെടലിൽ എല്ലാ മാധ്യമങ്ങളും വീണു.

1000 കോടി രൂപയുടെ തട്ടിപ്പ് നടത്തുകയാണ് ബോബി ചെമ്മണ്ണൂർ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ പത്രസമ്മേളനം നടത്തി പറഞ്ഞ ഉടൻ ലൈവ് സംപ്രേഷണം നിറുത്തിയ ചാനലുകൾ വീണ്ടും ബോബി ചെമ്മണ്ണൂരിന്റെ രക്ഷകനാവുകയാണ്. പ്രധാനമായും പ്രവാസികളാണ് ബോബി ചെമ്മണ്ണൂർ ബിസിനസിന്റെ നിക്ഷേപകർ. സ്വർണ്ണക്കട തുടങ്ങിയടുത്തെല്ലാം ഏജന്റുമാരെ വച്ച് പലിശയ്ക്ക് പണം വാങ്ങലും പഴയ സ്വർണം വാങ്ങലും തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോർട്ട്. 15 മുതൽ 17 വരെ ശതമാനം പലിശ ലഭിക്കുന്നതുകൊണ്ട് അനേകം പേരാണ് പണം നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സ്റ്റോക്ക് എടുക്കുന്നതിന് ഉപയോഗിക്കുന്നതിന് പകരം ബോബി ചെമ്മണ്ണൂർ ആഡംബര ജീവിതത്തിനും സൽപ്പേരെടുക്കാനും ചെലവാക്കുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. റൺ ബോബി റൺ അടക്കമുള്ള പരിപാടികൾക്കായി കോടികൾ ആണ് വാരിക്കോരി ചെലവാക്കിയത്. മറഡോണയെപോലെയുള്ളവരെ എത്തിക്കാനും വിമാനത്തിൽ അടക്കം പരസ്യം നൽകാനും മനുഷ്യചങ്ങല എന്ന പരിപാടി നടത്തി പേര് ഉണ്ടാക്കുവാനും കോടികൾ ആണ് മുടക്കിയത്. ഇതെല്ലാം സാധാരണക്കാരുടെ പണമാണ്. ഇതുപയോഗിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് വർദ്ധനവിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. ഇതിനെയാണ് പലപ്പോഴും വി എസ് പൊളിച്ചടുക്കുന്നത്. എന്നാൽ ഇതൊന്നും ജനങ്ങൾ അറിയാതിരിക്കാൻ മാധ്യമ പിന്തുണയോടെ ബോബിക്ക് കഴിയുന്നു.

തുടക്കകാലത്ത് പ്രവാസി മലയാളികളായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. എന്നാൽ അടുത്ത കാലത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും മാറ്റി. കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിൽ പോലും ഷോറൂമുകൾ തുടങ്ങി. മലയോര കർഷകരെ നിക്ഷേപത്തിന്റെ പേരിൽ അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ആയിരക്കണക്കിന് സാധരാണക്കാർ പലിശ മോഹിച്ച് പണവും പണ്ടവും ബോബി ചെമ്മണ്ണൂരിന് നൽകി. വലിയ തട്ടിപ്പിന്റെ സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്. മറുനാടൻ മലയാളി മാത്രമാണ് പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഇക്കാര്യം പതിവ് പോലെ റിപ്പോർട്ട് ചെയ്തത്. ഈ കേസ് കാശുകൊടുത്ത് ബോബി ചെമ്മണ്ണൂർ ഒഴിവാക്കിയെങ്കിലും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കാര്യങ്ങളെത്തി. ഇത് തന്നെയാണ് ഇപ്പോഴത്തെ സെബി ഇടപെടലുകളിലേക്ക് കാര്യങ്ങളെത്തിച്ചത്.