തിരൂർ: ജൂവലറിയുടെ പേര് നൽകിയും അല്ലാതെയും തിരൂർ ചെമ്മണ്ണൂർ ഷോറൂമിനുള്ളിലുണ്ടായ ആത്മഹത്യാ ശ്രമം മുഖ്യധാര പത്രങ്ങളെല്ലാം അടുത്ത ദിവസം റിപ്പോർട്ട് ചെയ്തികുന്നു. ഇത് പരസ്യ വിഭാഗങ്ങളെയും പത്രസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെയും പിടിച്ചു കുലുക്കിയതോടെ ജൂവലറിക്കെതിരെ കേസെടുത്ത സംഭവം ഈ പത്രങ്ങളെല്ലാം അറിയാതെ പോയി. ആരും ലജ്ജിച്ച് തല താഴ്‌ത്തുന്ന തരത്തിലായിരുന്നു മുഖ്യധാരാ പത്രങ്ങൾ മാദ്ധ്യമ ധർമ്മം ശരിക്കും പുറത്തെടുത്തത്.

ബോബി നേരിട്ട് രംഗത്തിറങ്ങിയതോടെ സംഭവം ഫോളോ ചെയ്തുകൊണ്ടിരുന്ന പത്രങ്ങളും തല മാളത്തിലേക്ക് വലിച്ചു. ശേഷം എല്ലാ മാളത്തിലും പണം കൊണ്ട് ബോബി തന്നെ പൊത്തടക്കുന്ന പ്രവണതയും ഉണ്ടായി. എന്നാൽ തിരൂരിൽ ഇങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും കാണിക്കാതിരുന്ന ചാനലുകൾ ജൂവലറിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സ്വർണ വ്യപാരികൾ നൽകിയ വാർത്താ കുറിപ്പ് അപ്പടി വാർത്തയാക്കി. ഇനി സ്വർണക്കടകളിൽ നിന്നും സ്വർണം കടം നൽകില്ലെന്നായിരുന്നു അതിന്റെ തലവാചകം. ഇത് വാർത്തയാക്കാൻ കൈരളി ചാനൽ തന്നെ മുൻപന്തിയിൽ നിന്നു.

താനൂർ കെ.പുരം പാട്ടശ്ശേരി വീട്ടിൽ ഇസ്മായീൽ മരണപ്പെട്ടതോടെ, പാർട്ടിയുമായി അടുത്ത ബന്ധമുള്ള കുടുംബമെന്ന നിലയിൽ സിപിഐ.എം തന്നെ നാട്ടുകാരെ സംഘടിപ്പിച്ച് സമര സമിതി രൂപീകരിച്ച് രംഗത്ത് വുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇസ്മായീലിന്റെ മരണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ചെറുവിരൽ അനക്കാൻ സിപിഐ(എം) മുന്നോട്ടു വന്നില്ല. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിട്ടും പാർട്ടിക്കാർക്ക് യാതൊരു കുലുക്കമുണ്ടായില്ല. എന്നാൽ ഏറ്റവും വിചിത്രമായ പ്രഖ്യാപനവുമായിട്ടാണ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്.

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുൾപ്പടെ പത്ര സമ്മേളനം വിളിച്ചും പത്ര ഓഫീസുകളിലേക്ക് റിലീസ് നൽകിയുമാണ് ഇസ്മായീലിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുതും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ രംഗത്ത് എത്തിയത്. എന്നാൽ പത്രക്കാർക്ക് നൽകിയ വാർത്താ കുറിപ്പിൽ ഒരിടത്തും പ്രമുഖ ജൂവലറി എന്നല്ലാതെ ചെമ്മണ്ണൂർ ജൂവലറി എന്ന് പറയുന്നില്ല. ഇത്തരത്തിൽ പേരു പോലും പറയാൻ ധൈര്യമില്ലാത്തവരാണോ ജൂവലറിക്കെതിരെ സമരവുമായി രംഗത്ത് വരുന്നതെന്ന ചോദ്യത്തിന് യൂത്ത് കോൺഗ്രസുകാർക്ക് മറുപടിയില്ല.

സമരവുമായി ആര് രംഗത്ത് വരുന്നോ അവരുടെ വായയിലേക്ക് പണം തിരുകുകയാണ് ജൂവലറിക്കാർ ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് വസ്തുത. സംഭവത്തിന് ശേഷം തിരൂരിലെ ചെമ്മണ്ണൂർ ജൂവലറിയിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമാണെന്നാണ് പറയപ്പെടുന്നത്. പ്രശ്‌നം ഒത്തു തീർക്കാമെന്നും വേണ്ടതെല്ലാം ഞങ്ങൾ ചെയ്തു തരാമെന്നും പറഞ്ഞാണ് പ്രമുഖ രാഷ്ട്രീയക്കാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെയുള്ളവർ ചെമ്മണ്ണൂരിലേക്ക് വിളിച്ചതത്രെ. എന്നാൽ ഇതിന്റെ ഒരംശം പോലും ഇസ്മായീലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അതേ സമയം മതസംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും ഇസ്മായീലിന്റെ കുടുംബത്തിന് പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട്.

മൂന്ന് ദിവസം നീണ്ട തിരക്കഥകൾക്കൊടുവിലാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. പരാതിയിൽ ആവശ്യപ്പെട്ടത് പ്രകാരം ജൂവലറി മുതലാളി ബോബി ഉൾപ്പടെയുള്ള ജീവനക്കാർക്കെതിരെ കേസെടുത്തെങ്കിലും സമ്മർദങ്ങളെ തുടർന്ന് ബോബിയെ ഒഴിവാക്കുകയായിരുന്നു. എന്നാൽ തുടർന്നും എഫ്.ഐ.ആർ നാടകം പൊലീസ് തുടർന്നു കൊണ്ടേയിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാർ രണ്ടു ദിവസം പൊലീസ് സ്റ്റേഷനിൽ എത്തി മണിക്കൂറുകൾ കാത്തുനിന്നെങ്കിലും പൊലീസ് എഫ്.ഐ.ആറിന്റെ പകർപ്പ് നൽകാൻ തയ്യാറായില്ല. പൊലീസ് പറഞ്ഞതനുസരിച്ച് ജൂവലറി മാനേജർ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസെടുത്തത്.

എന്നാൽ കഴിഞ്ഞ ദിവസം ലഭിച്ച എഫ്.ഐ.ആർ പകർപ്പിൽ പറഞ്ഞിരിക്കുന്നത് മാനേജർ ഉൾപ്പടെ എട്ട് പേർക്കെതിരിൽ കേസെടുത്തെന്നായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഭാവി കണ്ടറിയേണ്ടതുണ്ട്. ഫോർത്ത് എസ്റ്റേറ്റും ജനാധിപത്യ പ്രസ്ഥാനങ്ങളും പണാധിപത്യത്തിന് വഴിമാറുമ്പോൾ സാധാരണക്കാർക്ക് എന്നും സത്യം തമസ്‌ക്കരിക്കപ്പെടും.