തിരൂർ: ജൂവലറിക്കുള്ളിൽ തീകൊളുത്തി മരിക്കാനിടയായ വട്ടത്താണി കെ പുരം സ്വദേശി പാട്ടശ്ശേരി ഇസ്മായിലിന്റെ ജിവന് ഒടുവിൽ ബോബി ചെമ്മണ്ണൂർ വിലയിട്ടു- എട്ടു ലക്ഷം രുപ! ബോബി ചെമ്മണ്ണൂരും തിരൂർപൊലീസും കുറെ രാഷ്ട്രീയക്കാരും ചേർന്നു നടത്തിയ നാടകീയനീക്കങ്ങൾക്കും വിലപേശലിനുമൊടുവിലായിരുന്നു ഇസ്മായീലിന്റെ ജീവന് അവർ എട്ടുലക്ഷം രൂപ വിലയിട്ടത്. കേസ് ഒതുക്കിത്തീർക്കാൻ നിരവധി ശ്രമങ്ങളും ഉന്നത ഇടപെടലുമുണ്ടായി.

വീട്ടുകാരുടെ പരാതിയിൽ ജൂവലറി മാനേജർ അടക്കം എട്ടു പേർക്കെതിരേ കേസെടുത്തിരുന്നു. വലിയ സമ്മർദങ്ങൾക്കൊടുവിലും പൊലീസ് എഫ് .ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ബോബിയുടെ പേര് അതിൽ നിന്നൊഴിവാക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും രംഗത്തു വന്നിരുന്നു. എന്നാൽ സമരാഹ്വാനവുമായി രംഗത്തുവന്നവരെല്ലാം പിന്നീട് ബോബി ചെമ്മണ്ണൂരിന്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്. ഇവർ നിരന്തരമായി വീട്ടുകാരിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ഇതിനു വീട്ടുകാർ വഴങ്ങാതെ വന്നപ്പോൾ ഇസ്മായിലിന്റെ ഏതാനും ബന്ധുക്കളെയും നാട്ടിലെ പ്രമുഖരായ ചിലരെയും ബന്ധപ്പെടുത്തി കേസ് ഒതുക്കുകയായിരുന്നു.

കേസ് പിൻവലിക്കണമെന്നാണ് ജൂവലറിക്കാരുടെയും ഇടനിലക്കാരുടെയും ആവശ്യം. ഇതിനായി എട്ടുലക്ഷം രൂപ ധനസഹായം നൽകാമെന്നും നിലവിലുള്ള മൂന്നര ലക്ഷം രൂപയുടെ കടം എഴുതിത്ത്ത്ത്തള്ളി ബ്ലാങ്ക് ചെക്കും മുദ്രപത്രവും തിരികെ നൽകാമെന്നുമായിരുന്നു ഇടനിലക്കാർ വീട്ടുകാരെ അറിയിച്ചിരുന്നത്. കേസ് നടത്തിപ്പിന്റെ ബുദ്ധിമുട്ടും മറ്റുപ്രയാസങ്ങളും മനസിലാക്കി വീട്ടുകാർ ജൂവലറിക്കാരുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചു. ഇതനുസരിച്ച് കേസ് പിൻവലിക്കാമെന്ന് മുദ്രപത്രത്തിൽ കരാർ ചെയ്യുകയുമായിരുന്നു. കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കും പണം ലഭിച്ചെന്നാണു വിവരം. എന്നാൽ കേസ് ഒതുക്കാൻ മുഖ്യ ഇടനിലക്കാരായത് പൊലീസ് തന്നെയായിരുന്നു.

ജൂൺ 13-നായിരുന്നു തിരൂരിലെ ബോബി ചെമ്മണ്ണൂർ ജുവലറി ഷോറൂമിനുള്ളിൽ ജൂവലറിക്കാരുടെ മാനസിക പീഡനത്തെ തുടർന്ന് ഇസ്മായീൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് . ശരീരത്തിന്റെ ഏറെ ഭാഗങ്ങളും കത്തിയതിനെ തുടർന്ന് അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഇസ് മായീൽ മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും തീകൊളുത്തുന്നതിന്റെ തലേ ദിവസം മകൾ സുമയ്യയെ വിവാഹം കഴിപ്പിച്ച വീട്ടിൽ പോയി ജൂവലറിക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ചൂണ്ടിക്കാട്ടി ജൂൺ 16ന് അന്വേഷണം ആവശ്യപ്പെട്ട് ഇസ്മായീലിന്റെ കുടുംബം തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. അടുത്ത ദിവസം കേസെടുത്തെങ്കിലും വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പൊലീസ് കേസ് പിൻവലിക്കാൻ വീട്ടുകാരുടെമേൽ സമ്മർദം ചെലുത്തുകയായിരുന്നു. ഇതനുസരിച്ച് വീട്ടുകാർക്ക് പൊലീസ് നിർദ്ദേശിച്ചു നൽകിയ കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തുകയായിരുന്നു. കേസ് ഒത്തുതീർക്കുന്നത് സംബന്ധിച്ച് മൊഴിയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പൊലീസിന്റെ പങ്ക് വ്യക്തമാക്കുന്നു.

അതേസമയം സ്വമേധയാ കേസെടുക്കാവുന്ന സംഭവമായതുകൊണ്ടും പ്രോസിക്യൂഷൻ കേസ് നടത്തേണ്ട വകുപ്പുള്ളതിനാലും വീട്ടുകാർ പരാതി പിൻവലിച്ചാലും കേസ് നിലനിൽക്കുമെന്നാണ് നിയമ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. പൊലീസിനു പുറമെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ സംഘടന എന്നിവർക്ക് വീട്ടുകാർ നൽകിയ പരാതിയിന്മേൽ നടപടിയുണ്ടായേക്കും. എന്നാൽ പൊലീസിന്റെ വീഴ്ചയും രാഷ്ട്രീയക്കാരുടെ ഇടപെടലും ചൂണ്ടിക്കാട്ടി ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട് .