കോഴിക്കോട്: ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയുടെ പേരു നൽകി വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പ്രമുഖ പത്രസ്ഥാപനങ്ങളിലെ പരസ്യവിഭാഗങ്ങളിലെല്ലാം പൊട്ടിത്തെറി.

കഴിഞ്ഞ ശനിയാഴ്ച മലപ്പുറം തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ മധ്യവയസ്‌കൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വാർത്ത പത്രലേഖകർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പത്രങ്ങളിൽ ചെമ്മണ്ണൂർ ജൂവലറിയുടെ പേരുൾപ്പെടെ അച്ചടിച്ചു വന്നതാണ് പരസ്യവിഭാഗങ്ങളെ പ്രകോപിപ്പിച്ചത്. പ്രമുഖ പത്രങ്ങൾക്കെല്ലാം മാസങ്ങളോളമുള്ള പരസ്യങ്ങൾ ഒരുമിച്ചു നൽകുകയാണ് ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയ്തിരുന്നത്.

പരസ്യ ഇനത്തിൽ ചെമ്മണ്ണൂരിൽനിന്നും ഓരോ വർഷവും കോടികൾ കൈപ്പറ്റുന്നവരാണ് മിക്ക പത്രസ്ഥാപനങ്ങളും. ഇതിനാൽ ചെമ്മണ്ണൂർ വിഭാഗത്തെ പിണക്കാൻ പറ്റില്ലെന്നാണ് പരസ്യവിഭാഗങ്ങളുടെ ന്യായീകരണം. എന്നാൽ പത്രങ്ങൾ മുതലാളിമാർക്കെതിരെയുള്ള വാർത്ത മുക്കുന്ന കാര്യം നവമാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അതിനിശിതമായി വിമർശിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളിൽ മിക്ക പത്രങ്ങളുടെയും എഡിറ്റർമാർ വാർത്ത പ്രസിദ്ധീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. വാലാട്ടൽ പത്രപ്രവർത്തനത്തിൽ പത്രപ്രവർത്തകർക്കു കടുത്ത അമർഷമുണ്ട്. സമൂഹത്തിൽ ഇറങ്ങിനടക്കുന്നവർ തങ്ങളാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുമുമ്പിൽ തലതാഴ്‌ത്തേണ്ടി വരികയാണെന്നും അവർ പറയുന്നു.

ആദ്യദിനങ്ങളിൽ മിക്ക പത്രങ്ങളും പ്രാധാന്യപൂർവം ചെമ്മണ്ണൂർസംഭവം പ്രസിദ്ധീകരിച്ചതോടെ ബോബി ചെമ്മണ്ണൂർ വിവിധമാദ്ധ്യമങ്ങളിലെ പരസ്യവിഭാഗക്കാരെ നേരിട്ടുവിളിക്കുകയായിരുന്നു. ഇതോടെ പരസ്യ ഏജൻസികൾ പത്രങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ തുടങ്ങി. തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകർക്ക് പരസ്യമാനേജർമാരുടെ ശകാരവും ഷൗട്ടിങും...ബോബിയുടെ അന്നത്തെ ഓട്ടത്തിനൊപ്പം പണത്തിനായി ഓടിയവരാണ് ഈ പരസ്യമാനേജർമാർ. ബോബിയുടെ ഓട്ടം കടന്നു പോയ ഓരോ ജില്ലയിലും ബോബിയെ ചെന്നു കണ്ട ഓരോരുത്തരെയും, പരസ്യവും ചോദിച്ച പണവും കൊടുത്തു പിണക്കാതെ വിടുകയായിരുന്നു അന്ന്. അങ്ങനെയാണു പരസ്യമാനേജർമാർ ആ സമയങ്ങളിൽ സ്വന്തം ടാർജറ്റ് തികച്ചത്. അതിനു പ്രത്യുപകാരം ചെയ്യേണ്ടതില്ലേയെന്നാണു പരസ്യമാനേജർമാരും മാദ്ധ്യമമുതലാളിമാരും ചോദിക്കുന്നത്.

ജൂവലറിയുടെ പേര് പ്രസിദ്ധീകരിക്കാതെ വാർത്ത മാതൃഭൂമി പ്രാധാന്യത്തോടെ കൊടുത്തു. ലേഖകൻ ജൂവലറിയുടെ പേരു നല്കിയിരുന്നെങ്കിലും ന്യൂസ് ഡെസ്‌കിൽ നിന്നും ചെമ്മണ്ണൂരിന്റെ പേര് വെട്ടുകയായിരുന്നു. അതേസമയം മനോരമ ചെമ്മണ്ണൂർ ജൂവലറിയുടെ പേരുൾപ്പടെ പ്രാധാന്യത്തോടെയായിരുന്നു വാർത്ത നൽകിയത്. ഇതുകൊണ്ടു തന്നെ മനോരമയിലായിരുന്നു ഏറ്റവും കൂടുതൽ കലഹം ഉണ്ടായിരുന്നത്. തിരൂരിലെ ജൂവലറി മാനേജർ നേരിട്ട് മനോരമ ഓഫീസിലെത്തി മനോരമക്ക് മാത്രം പ്രത്യേകകത്ത് അന്നു തന്നെ നൽകുകയുണ്ടായി. മനോരമയുടെ ലേഖകനെ ബോബി നേരിൽ കണ്ടതായും അറിയുന്നു. സമാനമായ കലഹം തന്നെയായിരുന്നു മാദ്ധ്യമം പത്രത്തിലും ഉണ്ടായത്. ജൂവലറിയുടെ പേരുൾപ്പടെ മാദ്ധ്യമവും ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ മനോരമ, മാതൃഭൂമി, മാദ്ധ്യമം തുടങ്ങിയ പത്രങ്ങൾക്കില്ലാത്ത സ്‌നേഹമായിരുന്നു ചെമ്മണ്ണൂർ മുതലാളിയോട് ദേശാഭിമാനിക്കുണ്ടായിരുന്നത്. ഇതുകൊണ്ടുതന്നെ അടുത്ത ദിവസത്തെ പത്രത്തിൽ ജൂവലറിയുടെ പേര് കാണാൻ സാധിച്ചില്ല. സിറാജ്, തേജസ് എന്നീ പത്രങ്ങളിലും അടുത്ത ദിവസം വാർത്ത കാണാനേ സാധിച്ചില്ല. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി ചെമ്മണ്ണൂർ ജൂവലറിയിലെ ആത്മഹത്യ പ്രാധാന്യത്തോടെ പിന്തുടരുന്നത് മാദ്ധ്യമം, സുപ്രഭാതം എന്നീ പത്രങ്ങൾ മാത്രമാണ്. പരസ്യവിഭാഗവും ബോബി മുതലാളിയും വിറപ്പിച്ചതോടെ പത്രസ്ഥാപനങ്ങളും ലേഖകരും കേസിന്റെ ഫോളോഅപ്പ് പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. ബോബിയും മാനേജർമാരും കോഴിക്കോട്ടെത്തി പ്രമുഖ ഹോട്ടലിലേക്കായിരുന്നു പത്രമുതലാളിമാരെയും പരസ്യ വിഭാഗക്കാരെയും വിളിച്ചു വരുത്തിയത്.

അതേസമയം, 'വാർത്ത മുക്കുന്നത് ഇങ്ങനെ ' എന്ന തലക്കെട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ പോസ്റ്റിങ് നടക്കുന്നുണ്ട്. ബോബി ചെമ്മണ്ണൂർ ഒരു കൂട്ടയോട്ടം നടത്തിയപ്പോൾ ഓ ബി വാനുകളുമായി അതിന്റെ പുറകെയോടി ജൂവലറി മുതലാളിയുടെ ഇമേജുയർത്താൻ ലൈവ് കവറേജുകൾ നല്കിയ മാദ്ധ്യമങ്ങളാണു നമ്മുടേത്. വാങ്ങുന്ന കാശിനു വാലാട്ടിക്കാണിക്കുന്നതാണത്. പ്രതിപക്ഷനേതാവ് ഒരാരോപണമുന്നയിച്ചപ്പോൾ അതു പൂർണമായും മുക്കി വീണ്ടും വാലാട്ടിക്കാണിക്കുകയാണ്... എന്നിങ്ങനെ മുതലാളിമാർക്കെതിരേ പത്രമുതലാളിമാർ കാട്ടുന്ന വാലാട്ടലുകൾക്കെതിരേ സോഷ്യൽ നെറ്റ്‌വർക്കുകളിൽ സജീവമായ ചർച്ചയാണു നടക്കുന്നത്.

അതുകൊണ്ടുതന്നെ ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയിൽ പകൽവെട്ടത്ത് ഒരാൾ ആത്മഹത്യ ചെയ്ത സംഭവവും അതിന്റെ ഫോളോ അപ്പും കൊടുക്കാൻ അനുവദിക്കാത്ത പത്രധർമത്തിൽ എഡിറ്റോറിയൽ വിഭാഗങ്ങൾ രോഷാകുലരാണ്. എന്നാൽ പരസ്യവിഭാഗക്കാർ ശക്തമായി രംഗത്തിള്ളതിനാൽ പത്രമുതലാളിമാർ പരസ്യവിഭാഗത്തിനൊപ്പമാണ്. രണ്ടുവർഷം മുമ്പു കരിക്കിനേത്തു ടെക്സ്റ്റയിൽസിൽ മുതലാളിമാരുടെ നേതൃത്വത്തിൽ കാഷ്യറെ കൊലപ്പെടുത്തിയ സംഭവവും ഇതേപോലെ പ്രസിദ്ധീകരിക്കാനാവാതെ വന്നതിൽ മനസ്സാക്ഷിയുള്ള പത്രപ്രവർത്തകരൊക്കെ ഖിന്നരാണ്. പത്രധർമമെന്നതു അലമാരയിൽ പൂട്ടിവയ്ക്കാനുള്ള സാധനമാണെന്നു പത്രപ്രവർത്തകർ വിശേഷിപ്പിക്കാറുണ്ട്.

അതേസമയം താനൂർ കെ.പുരം സ്വദേശി ഇസ്മായീൽ മരിച്ച സംഭവത്തിൽ ജൂവലറിക്കെതിരേ പൊലീസ് കേസ് ഇല്ലാതാക്കാനും വീട്ടുകാരെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്.