ഘാസിപുർ: ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി വാർത്തകൾ പരക്കുന്നതിനിടെ ഘാസിപുരിലെ കടവുകളിൽ മൃതശരീരങ്ങൾ അടിഞ്ഞതായി അഖണ്ഡിന്റെ വെളിപ്പെടുത്തൽ.

'ഭീതിജനകമായ കാഴ്ചയാണത്. ജഢങ്ങൾ അവിടവിടെ പൊങ്ങിക്കിടക്കുന്നു. ചിലതെല്ലാം കടവുകളിൽ അടിഞ്ഞിട്ടുണ്ട്. ദുർഗന്ധമാണെങ്കിൽ അസഹ്യവും.'' - ഗംഗയിൽ മൃതദേഹങ്ങൾ കണ്ടതിനെക്കുറിച്ച് വാർത്താ ഏജൻസിയോട് വിവരിക്കുകയാണ് ഘാസിപുരിലെ അഖണ്ഡ്. ഇന്നു രാവിലെയും ഘാസിപുരിലെ കടവുകളിൽ മൃതശരീരങ്ങൾ അടിഞ്ഞിരുന്നുവെന്നും അഖണ്ഡ് പറയുന്നു.

ചൊവ്വാഴ്ചയാണ് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി വാർത്ത വന്നത്. യുപി അതിർത്തിയോടു ചേർന്ന ബിഹാർ പ്രദേശമായ ബുക്സറിലായിരുന്നു അത്. യുപിയിൽനിന്ന ഒഴുകിവന്നതാവാം മൃതദേഹങ്ങൾ എന്നായിരുന്നു നിഗമനം. ഇതിനെത്തുടർന്ന് ബിഹാർ അതിർത്തിയിൽ പലയിടത്തും വലകൾ സ്ഥാപിക്കുകയും ചെയ്തു.

''കുറച്ചുനാളായി അവ നദിയിൽ ഒഴുകുന്നു എന്നാണ് തോന്നിച്ചത്. നാലോ അഞ്ചോ ദിവസമായിട്ടുണ്ടാവും. ചണ്ഡോലി ദിശയിൽനിന്നാണ് വന്നതെന്നാണ് തോന്നുന്നത്'- അഖണ്ഡ് പറയുന്നു.

ബുക്സറിനു പിന്നാലെ യുപിയിൽനിന്നു തന്നെ പലയിടത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. ഘാസിപുരിൽ കഴിഞ്ഞ ദിവസവും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എത്ര ശരീരങ്ങൾ കണ്ടെത്തിയെന്നതിൽ അധികൃതർ തന്നെ പല കണക്കാണ് പറയുന്നത്. എന്നാൽ നദിയൊഴുക്കിന്റെ എല്ലാ ദിശയിലും ശരീരങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ഗംഗയിൽ മൃതദേഹങ്ങൾ കണ്ടതിനു പിന്നാലെ യുപിയിലെ ഉന്നാവോയിൽ തീരത്തു മറവു ചെയ്ത നിലയിലും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതും ജനങ്ങളിലും ആരോഗ്യ പ്രവർത്തകരിലും ആശങ്ക വിതച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ആണോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ശ്മശാന ഘട്ടങ്ങളിൽ കോവിഡ മൃതദേഹങ്ങൾ ഏറിയപ്പോൾ മറ്റു സാധാരണ മരണങ്ങളുടെ സംസ്‌കാരം ഇങ്ങനെയായതാവാം എന്ന സംശയവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ഗംഗാതീരത്ത് സംസ്‌കരിക്കുക എന്നത് ഉത്തരേന്ത്യയിൽ പല വിഭാഗങ്ങളുടെയും ആചാരവും രീതിയുമാണ്.