ന്യൂഡൽഹി: ഒരു കാലത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ബോഫോഴ്‌സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. 1980ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്‌സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്‌സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്‌പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.

അതുവരെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ അഴിമതിയാരോപണം 89ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിനും വഴിവെച്ചു. 2004ൽ ഡൽഹി ഹൈക്കോടതി രാജീവ് ഗാന്ധിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. കേസിലുൾപ്പെട്ട ബ്രിട്ടീഷ് ബിസിനസ്സുകാരായ ഹിന്ദുജ സഹോദരരെയും കോടതി കുറ്റവിമുക്തരാക്കി. 2011ൽ ബോഫോഴ്സ് ഇടപാടിൽ ഇടനിലക്കാരനായി നിന്നുവെന്ന ആരോപണം നേരിട്ട ഇറ്റാലിയൻ ബിസിനസ്സുകാരനായ ക്വത്റോച്ചിക്കെതിരെ വ്യക്തമായ തെളിവില്ലെന്നും നിരീഷണം നടത്തി.

എന്നാൽ ഇതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാർ അഗർവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീർപ്പാക്കിയതിന് ശേഷം ബൊഫോഴ്‌സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കേസിൽ സിബിഐ അപ്പീൽ നൽകാത്തതിനെ തുടർന്ന് 2005 ഒക്ടോബർ 18 ന് അജയ്കുമാർ അഗർവാളിന് അപ്പീൽ സമർപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

കേസ് വീണ്ടും സജീവമാക്കാൻ ബിജെപി നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബൊഫോഴ്‌സ് ഇടപാടിൽ ഉന്നത നേതാക്കൾക്ക് പണം നൽകിയിരുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.നേരത്തെ വിഷയം അന്വേഷിക്കുന്ന പാർലമെന്റ് സമിതി സുപ്രീംകോടതിയിൽ അപ്പീൽ പോകാത്തതിന് സിബിഐയെ വിമർശിച്ചിരുന്നു. സർക്കാർ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് അപ്പീൽ നൽകാതിരുന്നതെന്നാണ് സിബിഐ അതിന് മറുപടി നൽകിയിരുന്നത്.