കോഴിക്കോട്: കാസർകോഡ് ജില്ലയിൽ കള്ളവോട്ട് നടന്നതിനെ തെളിവുമായി യുഡിഎഫ് പ്രവർത്തകർ. കയ്യൂർ-ചീമേനി പഞ്ചായത്തിലെ 36, 37 പോളിങ്ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുമായാണ് യുഡിഎഫ് പ്രവർത്തകർ എത്തിയത്. ഏപ്രിൽ ആറിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കാസർകോട്ട് പല ബൂത്തുകളിലും കള്ളവോട്ടുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഭരണകകഷിയുടെ ഭീഷണികൾക്കു മുന്നിൽ ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവർത്തകർ ആരോപിക്കുന്നത്.

ഗൾഫിൽ ജോലി നോക്കുന്ന പതിനൊന്ന് പേരുടെ പേരിൽ കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ രേഖകളും ഒരു ഓൺലൈൻ പുറത്തുവിട്ടു. ഗൾഫിലുള്ള ഈ 11 പേർക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ടു ചെയ്തവരുടെ പേരുകൾ സഹിതമാണ് യു.ഡി.എഫ്. പ്രവർത്തകർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 37-ാമത്തെ ബൂത്തിൽ ഉച്ചതിരിഞ്ഞ് 12.45-നെത്തിയ ഒരു കള്ളവോട്ടുകാരനെ തങ്ങൾ എതിർത്തപ്പോൾ ഉദ്യോഗസ്ഥർ വോട്ടുചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചെന്ന് യു.ഡി.എഫ്. പ്രവർത്തകർ പറഞ്ഞു. എന്നാൽ, പിന്നീട് വന്ന കള്ളവോട്ടുകാർക്കെതിരെ ഭീഷണി കാരണം തങ്ങൾ പ്രതികരിച്ചില്ലെന്നും സ്ഥലത്തില്ലാത്ത 11 പേരുടെ പേരിലും വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടെന്നും ഇവർ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.

ഈ പതിനൊന്നു പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകൾ നടന്നിട്ടുള്ളതെന്നാണ് ആരോപണം. വീട്ടുകാർ നൽകിയ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായാണ് കള്ളവോട്ടുകാർ വന്നതെന്നും എന്നാൽ കാർഡിലെ ഫോട്ടോയും വോട്ടു ചെയ്യാൻ വന്നവരും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ്. പ്രവർത്തകർ പറയുന്നത്.

യു.ഡി.എഫ്. പ്രവർത്തകർ കൈമാറിയിട്ടുള്ള പട്ടികയിൽ 11 പേർ ഗൾഫിൽ ജോലി നോക്കുന്നവരാണ്. രണ്ടു പേർ ഗോവയിൽ താമസിക്കുന്നവരും ഒരാൾ മർച്ചന്റ് നേവിയിൽ ജോലിക്കാരനുമാണ്. ഇവരാരും തന്നെ ഏപ്രിൽ ആറിന് നാട്ടിൽ ഉണ്ടായിരുന്നില്ലെന്നും കള്ളവോട്ടു ചെയ്യാൻ ഇവർ കൂട്ടു നിന്നെന്നുമാണ് ആരോപണം. പരാതി യു.ഡി.എഫിന്റെ നേതൃനിരയിലുള്ളവർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രാദേശികമായി പരാതിപ്പെടാത്തത് ജീവനിൽ കൊതിയുള്ളതുകൊണ്ടാണെന്നും യു.ഡി.എഫ്. പ്രവർത്തകർ പറഞ്ഞു.

അതേസമയം കള്ളവോട്ട് ആരോപണം വരണാധികാരികൾ നിഷേധിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ സദാസമയം വെബ് ക്യാമറകൾ പ്രവർത്തിച്ചിരുന്നുവെന്നും എല്ലാ പോളിങ് ബൂത്തുകളും തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ജില്ലാ കളക്്റ്ററുടെ ഓഫീസിൽ തയ്യാറാക്കിയിരുന്നുവെന്നും ഒരു തരത്തിലുള്ള ക്രമക്കേടുകളും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വരണാധികാരികൾ അറിയിച്ചു.