ന്യുഡൽഹി: ഓം പ്രകാശ് മിശ്രയുടെ ബോൽനാ ആന്റി ഓക്യാ എന്ന പാട്ടിനെ വിമർശിച്ച യുവമാധ്യമ പ്രവർത്തകയ്ക്ക് ഭീഷണി.  ഫേസ്‌ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഗൗരി ലങ്കേഷിനെപ്പോലെ കൊലപ്പെടുത്തുമെന്നാണ ഭീഷണി. ബോൽനാ ആന്റി ഓക്യാ യുടെ നിലവാരത്തെ മാധ്യമപ്രവർത്തക വിശർമിച്ചതാണ് പ്രകോപനകാരണം.

ഭീഷണി സന്ദേശം ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. പരാതി സൈബർ സെല്ലിന് കൈമാറിയതായി നോയിഡ സിറ്റി പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് അറിയിച്ചു. പാട്ടിന്റെ വീഡിയോ യൂട്യൂബിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. വീഡിയോ പിൻവലിച്ചത് മാധ്യമപ്രവർത്തകയുടെ മാധ്യമസ്ഥാപനമായി ക്വിന്റ് കാരണമാണെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആരോപണം.

അതേസമയം ഭീഷണി സന്ദേശം അയച്ച പലരും ഗാനത്തിന്റെ കാര്യം പോലും പരാമർശിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. മോദിയേയും ബിജെപിയേയും ആർഎസ്എസിനേയും വിമർശിക്കുന്നവരെ ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് പോലെ അവസാനിപ്പിക്കും എന്നാണ് ലഭിച്ച ഭീഷണി സന്ദേശത്തിലൊന്ന്. ഗാനം യൂട്യുബ് പിൻവലിച്ചത് പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്നും മാധ്യമപ്രവർത്തക കൂട്ടിച്ചേർത്തു.

2015 ൽ ഓംപ്രകാശ് മിശ്ര തയ്യാറാക്കിയ ഗാനം സമീപകാലത്താണ് വൻഹിറ്റായത്.മൂന്ന് ലക്ഷത്തിലേറെ ലൈക്കുകൾ ലഭിച്ചെങ്കിലും ലൈംഗികതയും,സ്ത്രീവിരുദ്ധതയും പ്രോൽസാഹിപ്പിക്കുന്നുവെന്ന നിരവധി പരാതികളെ തുടർന്നാണ് യൂടൂബ് വീഡിയോ പിൻവലിച്ചത്.ഇതിനുള്ള പ്രതികാരമായാണ് 24 കാരിയായ മാധ്യമ പ്രവർത്തകയ്ക്ക് നേരേ ആരാധകർ തിരിഞ്ഞത്.ദീക്ഷാ ശർമ്മയ്ക്ക് വാട്‌സാപ്പിലാണ് ആദ്യം ഭീഷണി സന്ദേശങ്ങൾ കിട്ടിയത്. ഗൗരി ലങ്കേഷിന് സംഭവിച്ചത് മറക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.