കൊച്ചി: ചലച്ചിത്ര നടിമാരരെ ചൂഷണം ചെയ്യുന്നതും അതുസംബന്ധിച്ച മീ ടു ആരോപണങ്ങളും, ഹോളിവുഡ് മുതൽ നമ്മുടെ മല്ലൂവുഡിൽ വരെ ചർച്ചയായ കാലമാണിത്. നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി സ്ത്രീ സുരക്ഷ മലയാള സിനിമയിലും ഏറെ ചർച്ചചെയ്യുന്ന സമയമാണിത്. അതിനിനായി സർക്കാർ കോടികൾ മുടക്കി ജസ്റ്റിസ് ഹേമ അധ്യക്ഷനായ ഒരു കമ്മറ്റിയെ വെച്ചിരുന്നു. ആ റിപ്പോർട്ട്വരെ പൊടിപിടിച്ച് കിടക്കുന്ന സമയത്താണ് ഹിന്ദി ചലച്ചിത്ര ലോകത്തുനിന്ന് ചില പുതിയ വാർത്തകൾ എത്തുന്നത്.

കിടപ്പറ രംഗങ്ങൾക്കു മാത്രമായി ഇന്റിമേറ്റ് ഡയറക്ടർ എന്ന പുതിയ തസ്തിക സൃഷിടിച്ചും, പ്രൊഡക്ഷൻ കമ്പനികളിൽ സ്ത്രീ സുരക്ഷക്കായി ഇന്റണേൽ കമ്മറ്റി ഒരുക്കിയും, തിരക്കഥയിൽ ഇല്ലാത്തത് ചിത്രീകരിക്കുമ്പോൾ കൺസെന്റ് എഗ്രിമെന്റ് വാങ്ങിയുമാണ് ബോളിവുഡിൽ പുതിയ മാറ്റങ്ങൾ വരുന്നത്.

ഐശ്വര്യറായിയെ വരെ ലക്ഷ്യമിട്ട ഹോളിവുഡ് പീഡനം

അമേരിക്കൻ നിർമ്മാതാവും കോടീശ്വരനുമായ ഹാർവി വിൻസ്റ്റൻ അറസ്്റ്റിലായതോടെ ചലച്ചിത്ര നിർമ്മാണത്തിന്റെ പേരിൽ നടക്കുന്ന സ്ത്രീ പീഡനത്തിന്റെ കഥകൾ ഒന്നൊന്നായി ഹോളിവുഡിൽ പുറത്തായി. ഇയാളുടെ ലൈംഗിക കഥകൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടപ്പോൾ ലോകം നടുങ്ങിയിരുന്നു. മൂന്നു ദശകങ്ങൾക്കിടെ ഹാർവി ബലമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് 30 സൂപ്പർ നായികമാരുമായാണെന്നാണ് റിപ്പോർട്ട്.ആഞ്ജലീന ജോളിയും, സൂപ്പർ മോഡൽ കാരയും, ബോണ്ട് ഗേൾ സേയ്ഡോക്സുമെല്ലാം ഹാർവി വിൻസ്റ്റൻ ലൈംഗികമായി ഉപയോഗിച്ചതിൽ ഉൾപ്പെടുന്നു. 2015ൽ നാലു നായികമാരേയാണ് ഇയാൾ പണം നൽകി സെറ്റിൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതിൽ ഇപ്പോഴും 14പേർ ഹാർവിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നമ്മുടെ ഐശ്വര്യ റായ് കഷ്ടിച്ചാണ് ഹാർവിയുടെ കെണിയിൽനിന്ന് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഹാർവി അറസ്റ്റിലായതോടെ ഹോളിവുഡിൽ ലൈംഗിക ചൂഷണങ്ങൾക്കെതിരെ വലിയ ക്യാമ്പയിനാണ് ഉയർന്നത്. ഇതോടെയാണ് ഹോളിവുഡിൽ കൺസെന്റ എഗ്രിമെന്റും, പോസ്റ്റ് ഷൂട്ട് എഗ്രിമെന്റുമൊക്കെ വരുന്നത്. അതായത് ചിത്രത്തിന്റെ കഥയിൽ ആദ്യമില്ലാത്ത കിടപ്പറ രംഗങ്ങൾ പിന്നീട് കയറ്റാൻ കഴിയില്ല. അതിന് നടിയുടെ സമ്മതം വേണം. ഇല്ലെങ്കിൽ അത് കേസാവും.

്നമ്മുടെ ഹിന്ദി സിനിമയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. കങ്കണ റണ്ണൗത്ത്, തൊട്ട് വിദ്യാബാലൻവരെ തങ്ങൾക്ക് നേരിട്ട ചൂഷണ ശ്രമങ്ങൾ തുറന്നു പറഞ്ഞു. സുശാന്ത് സിങ്് രജ്പുത്തിന്റെ മരണത്തോടെ പാർട്ടി- ലഹരി മാഫിയയുടെ പങ്കും പുറത്തുവന്നു. ഇതിന്റെ ഭാഗമായി ശിവസേന സർക്കാർ നടത്തിയ വിശദമായ പൊലീസ് അന്വേഷണത്തിൽ പലരും പറഞ്ഞത് ഇതുവരെ പുറത്തുപറയാത്ത മറ്റൊരു പീഡനം ആയിരുന്നു. അതായത് ചില നായക നടന്മ്മാർ ചുംബന- കിടപ്പറ രംഗങ്ങളിൽ പരമാവധി ടീടേക്ക് ഉണ്ടാക്കി അവസരം മുതലെടുക്കുന്നുവെന്നായിരുന്നു പരാത ഒരു യുവ നടി ഇത് മീ ടു ആരോപണമായി ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഹിന്ദിസിനിമയിൽ ചില മാറ്റങ്ങൾ പ്രകടമാവുന്നത്. ഇന്റിമേറ്റ് ഡയറക്ടർ എന്ന പുതിയ ത്സതികയാണ് അവർ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.

ചൂടൻ രംഗങ്ങൾക്ക് പ്രത്യേക ഡയറക്ടർ

ദീപിക പദുകോൺ ചിത്രം 'ഗെഹരിയാൻ' എന്ന പുതിയ സിനിമയിൽ സംവിധായകന്റെയും ക്യാമറാമാന്റെയുമെല്ലാം പേരുകൾക്കിടയിൽ പുതിയൊരു തസ്തിക കൂടിയുണ്ട് 'ഇന്റിമേറ്റ് ഡയറക്ടർ' ദർ ഗായ്. സംഘട്ടനം സംവിധാനം ചെയ്യുന്നവരെ പോലെ നായികയും നായകനും ചേർന്നഭിനയിക്കേണ്ട ചൂടൻ രംഗങ്ങൾക്കായും ഒരു ഡയറക്ടർ ഉണ്ടായത്. ഹോളിവുഡിനെ അനുകരിച്ചാണ് ഈ രീതി. ഒപ്പം ഓരോ പ്രൊഡക്ഷൻ കമ്പനിയും ഇന്റേണൽ കംപ്ലയിന്റ് അതോരിറ്റിയും ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

യഥാർഥത്തിൽ ചലച്ചിത്രമേഖലയിൽ മീടൂ ആരോപണം സജീവമായതോടെയാണ് നിലവിലെ രീതികൾ ശരിയല്ലെന്ന ചർച്ചകളും ഉയർന്നത്. പലപ്പോഴും സിനിമാ ചിത്രീകരണത്തിന്റെ പേരിൽ നടിമാർ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്. പൂർണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുമ്പോൾ അതുണ്ടാക്കാവുന്ന മാനസിക പ്രശ്‌നങ്ങളും ചെറുതല്ല.

ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. നടന്മാർക്കും ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാവാറുണ്ട്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഡ്രീംസി'ലെ ചിത്രീകരണത്തെക്കുറിച്ച് നടൻ ഇജ്ജാൻ ഖാൻ പറഞ്ഞത് ഉദാഹരണം.'ചുംബന രംഗങ്ങൾ പലപ്പോഴും പൂർത്തിയാക്കാനാവുമായിരുന്നില്ല, ഷോട്ട് തീരും മുൻപ് ഫ്രെയ്മിന് പുറത്ത് പോവും. ഇതിന് സംവിധായകനിൽ നിന്ന് ഒരുപാട് വഴക്കും കേൾക്കുമായിരുന്നു'.- അദ്ദേഹം പറയുന്നു.

ഇവിടെയാണ് ഇന്റിമേറ്റ്് ഡയറക്ടേഴ്‌സിന്റെ പ്രസക്തി.പ്രണയരംഗങ്ങൾ, കിടപ്പറ രംഗങ്ങൾ അല്ലെങ്കിൽ റേപ്പ് പോലെയുള്ള അതിക്രമങ്ങൾ ഇത്തരം സീനുകളുടെ ചിത്രീകരണത്തിനാണ് പൊതുവേ ഇന്റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. ആ രംഗങ്ങൾ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയാണ് ചുമതല. അത് അത്ര എളുപ്പമല്ല. അഭിനയിക്കുംമുൻപ് നടീനടന്മാരെ മാനസികവും ശാരീരികവുമായി തയ്യാറാക്കേണ്ട ചുമതല ഇവർക്കാണ്. കൺസെന്റ് അഥവാ സമ്മതം ഉറപ്പാക്കും. ചിത്രീകരണത്തിനിടെ ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇന്റിമേറ്റ് ഡയറക്ടറാണ്. ഇതിന് നല്ല നിയമ പരിജ്ഞാനവും ആവശ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ ശക്തമയാ കാൽവെപ്പാണ് ഇതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങൾ എഴുതുന്നത്.


മലയാളത്തിലും മാറ്റം എത്തുമോ?

നടിയെ ആക്രമിച്ച കേസിന്റെ തുടർ ചലനങ്ങൾ കേരളത്തെ ഞെട്ടിപ്പിക്കുന്ന സമയമാണിത്. ഒപ്പം സിനിമയിലെ സ്ത്രീ സുരക്ഷയും ഏറെ ചർച്ചയായി. അതിനിനായി സർക്കാർ കോടികൾ മുടക്കി ജസ്റ്റിസ് ഹേമ അധ്യക്ഷനായ ഒരു കമ്മറ്റി വെച്ചിരുന്നു. ഒരു കോടിയിലേറെ രൂപയാണ് ശമ്പള ഇനത്തിൽ മാത്രം ഇവർ കൈപ്പറ്റിയത്. എന്നിട്ടും ഈ സ്ത്രീ സുരക്ഷക്കായി തയ്യാറാക്കിയ ഈ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.

സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് സർക്കാർ പുറത്തുവിടാൻ സാധ്യതയില്ല എന്നാണ് ഒടുവിൽ അറിഞ്ഞത്. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിശദീകരണം. അതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ടതില്ലെന്നാണ് മുൻ സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയതെന്ന് വനിതാ കമ്മീഷ അധ്യക്ഷ പി സതീദേവി, വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയോട് വ്യക്തമാക്കിയത് ശരിക്കും ഞെട്ടലാണ് ഉണ്ടാക്കിയത്.

ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തുവിടണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡബ്ല്യൂ.സി.സി ശക്തമായ സമ്മർദം നടത്തിയിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഡബ്ല്യൂസിസി ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് പി സതീദേവി പറയുന്നത്. സുരക്ഷ ഉറപ്പാക്കേണ്ടത് സിനിമ നിർമ്മാണ കമ്പനികളാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി സർക്കാരെടുക്കണമെന്നും കമ്മീഷൻ അറിയിച്ചു.

നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നടി പാർവ്വതി തിരുവോത്ത് പറഞ്ഞിരുന്നു. മലയാളത്തിൽ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളെപ്പോലെ കിടപ്പറ, ലിപ്പ് ലോക്ക്,റേപ്പ് രംഗങ്ങൾ കുറവാണെങ്കിലും ഇന്റിമേറ്റ് ഡയറക്ടർ പോലെ ഒരു മാറ്റം, ്ഭാവിയിൽ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റിയും കൺസന്റ് എഗ്രിമെന്റും തൊട്ട് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഡ്രൈവർമാരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽവരെ മലയാള സിനിമയിൽ ഒരു കൃത്യമായ സിസ്റ്റം ഉണ്ടാകേണ്ടതാണെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.