- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം സുശാന്ത് സിങ്ങ് രജ്പുത്, പിന്നെ നടി പ്രേക്ഷ മേത്ത, ഇപ്പോൾ നടൻ ആസിഫ് ബസ്രയും; ഈ വർഷം ജീവനൊടുക്കിയത് ഇത് മൂന്നാമത്തെ ബോളിവുഡ് താരം; 'പാതാൾ ലോക്' 'ബ്ലാക്ക് ഫ്രൈഡേ' ഫെയിം നടൻ മോഹൻലാലിനൊപ്പം ബിഗ്ബ്രദറിലും വേഷമിട്ടു; ആസിഫ് ബസ്രയുടെ നിര്യാണത്തിൽ നടുങ്ങി ചലച്ചിത്രലോകം; കോവിഡ്കാലം ബോളിവുഡ് താരങ്ങളെയും വിഷാദരോഗികൾ ആക്കുന്നുവോ?
മുബൈ: സകല തൊഴിൽ മേഖലകളെയും ബാധിച്ച കോവിഡ് കാലം സിനിമാതാരങ്ങളെയും വിഷാദ രോഗികൾ ആക്കുന്നുവോ. സുശാന്ത് സിങ്ങ് രജ്പുത്, നടി പ്രേക്ഷ മേത്ത, ഇപ്പോൾ നടൻ ആസിഫ് ബസ്രയും.ബോളിവുഡ് ഇൻഡ്‌സ്ട്രിയിൽ ഈ വർഷം ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ അഭിനേതാവാണ് ആസിഫ് ബസ്ര. സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയായിരുന്നു ഇതിൽ ഒന്ന്. സുശാന്തിനെ 2020 ജൂൺ 14 ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് പറയുമ്പോഴും ഇപ്പോഴും ദുരൂഹത നിറഞ്ഞു നിൽക്കുന്നൊരു മരണമാണ് സുശാന്തിന്റെത്. 'ക്രൈം പെട്രോൾ' സിരീസിലുടെ ശ്രദ്ധേയായ പ്രേക്ഷ മേത്തയുടെ മരണമായിരുന്നു ബോളിവുഡിനെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യ. ഇൻഡോറിലെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു പ്രേക്ഷ. വിഷാദ രോഗത്തിന് അടിമായിയരുന്നു നടിയെന്നാണ് പറയുന്നത്.
ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള ഒരു പ്രൈവറ്റ് കോംപ്ലക്‌സിൽ തൂങ്ങി മരിച്ച നിലയിലാണ് 53 കാരനായ ആസിഫ് ബസ്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം അറിവായിട്ടില്ല. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നുപോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൂപ്പർ ഹിറ്റ് വെബ് സീരീസ് 'പാതാൾ ലോകി'ലെ ജയ് മാലിക്ക് എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ ആസിഫ് ബസ്രയ്ക്ക് നേടിക്കൊടുത്തിരുന്നു. അനുരാദ് കശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേ, രാഹുൽ ദൊലാക്കിയ ഗുജറാത്ത് കലാപത്തെ ആസ്പമാക്കി സംവിധാനം ചെയ്ത പർസാനിയ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും ബസ്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡേയിലും പർസാനിയായിലും പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയെടുത്ത പ്രകടനങ്ങളായിരുന്നു ബസ്ര കാഴ്‌ച്ചവച്ചത്. വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ബ്ലോക്‌ബസ്റ്റർ പടത്തിലും ആസിഫ് മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. നാടക രംഗത്തു നിന്നായിരുന്നു സിനിമയിലേക്ക് ആസിഫ് കടന്നു വന്നത്.
കഴിഞ്ഞവർഷം സിദ്ദീഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ മലയാള ചിത്രം ബിഗ് ബ്രദറിൽ ഇദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മുത്താൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.
മറുനാടന് ഡെസ്ക്