മുംബൈ: കഭീ ഖുശീ കഭീ ഖം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമകൾക്കു സംഗീതം പകർന്ന ആദേശ് ശ്രീവാസ്തവ അന്തരിച്ചു. 51 വയസായിരുന്നു.

അർബുദബാധയെ തുടർന്ന് അന്ധേരിയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യയും നടിയുമായ വിജേത പണ്ഡിറ്റ്, സഹോദരങ്ങളായ ജിതിൻ, ലളിത് പണ്ഡിറ്റ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 2011ലാണ് ആദേശ് കാൻസർ രോഗബാധിനായത്.

'ചൽതേ ചൽതേ', 'ഭഗവാൻ', 'കഭീ ഖുശീ കഭീ ഖം' എന്നീ ചിത്രങ്ങളടക്കം നൂറോളം സിനിമകൾക്ക് സംഗീതം പകർന്നു. അടുത്തിടെ റിലീസ് ചെയ്ത 'വെൽക്കം ബാക്ക്' എന്ന സിനിമയിലാണ് അവസാനം സംഗീത സംവിധാനം നിർവഹിച്ചത്. 'സ രി ഗ മ പ' എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായും ആദേശ് എത്തിയിരുന്നു.