മുംബൈ: ബോളിവുഡിന് അടിപതറുകയാണ്. ആർ ആർ ആറും കെജിഎഫ് 2വുമെല്ലാം വമ്പൻ ഹിറ്റുകളായി മാറുമ്പോൾ ബോളിവുഡിനെ പിടിച്ച് ഉലയ്ക്കാൻ ഹിന്ദി സിനിമകൾക്ക് കഴിയുന്നില്ല. ഇന്ത്യൻ സിനിമയുടെ തലസ്ഥാനമെന്ന ഖ്യാതി ഇനി മുംബൈയ്ക്ക് നഷ്ടമായേക്കും. തെലുങ്കിലേയും തമിഴിലേയും കന്നഡയിലേയും ചിത്രങ്ങളാണ് മൊഴി മാറ്റി ഉത്തരേന്ത്യൻ തിയേറ്ററുകളെ പൂരപറമ്പാക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് കോടികൾ മുടക്കി എത്തുമ്പോൾ ്‌ബോളിവുഡിലെ കഥ പറയൽ ശൈലി അംഗീകരിക്കാതെ പോകുന്നു.

ബോളിവുഡിൽ ആമിർ ഖാൻ ചിത്രത്തിനു പോലും കാര്യമായ ബോക്‌സ് ഓഫിസ് ചലനമുണ്ടാക്കാനാവുന്നില്ല. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ലാൽ സിങ് ഛദ്ദ ഒരാഴ്ച പിന്നിട്ടിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ല. ആറ് ദിവസത്തെ കലക്ഷൻ 48 കോടിയാണ്. ആമിറിന്റേതായി ഇതിനു മുമ്പിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ ആദ്യ ദിനം തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയിലാകെ തരംഗം ഉണ്ടാക്കുന്ന സിനിമകളായിരുന്നു ആമീർഖാന്റേത്. ആ ആമീർ ഖാൻ ചിത്രവും പ്രതീക്ഷയ്‌ക്കൊത്തുയരുന്നില്ല. ഷാരൂഖ് ഖാൻ അടക്കമുള്ളവർക്കും ഇന്ത്യയാകെ ചലനമുണ്ടാക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.

മലയാളത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകൾ പോലും കേരളത്തിൽ നിന്ന് മാത്രം ആദ്യ ആഴ്ചയിൽ മുപ്പത് കോടി കളക്ഷൻ നേടുന്നു. ഉദാഹരണത്തിന് ബോബൻ കുഞ്ചാക്കോയുടെ ന്നാ താൻ കേസ് കൊട് 30 കോടി ക്ലബ്ബിൽ കയറി കഴിഞ്ഞു. ഇതിൽ നിന്ന് തന്നെ അമീർ ഖാന്റെ സിനിമയ്ക്കുള്ള ആൾത്തിരക്കില്ലായ്മ വ്യക്തമാണ്. ഒടിടി റിലീസുകൾ ഹിന്ദി സിനിമയെ ബാധിച്ചു കഴിഞ്ഞു. എല്ലാ പ്ലാറ്റ് ഫോമിലും ഹിന്ദി സീരീസുകളും സജീവം. ഇതെല്ലാം ഹിന്ദി സിനിമകളോടുള്ള താൽപ്പര്യം കുറയ്ക്കുന്നുവെന്നാണ് വിലയിരുത്തൽ. വമ്പൻ ഹിറ്റ് ആരെങ്കിലും സൃഷ്ടിച്ചില്ലെങ്കിൽ ഹിന്ദി സിനിമാ വ്യവസായം തന്നെ പ്രതിസന്ധിയിലാകും.

അമീർ ഖാന്റെ പുതിയ ചിത്രം ബോക്‌സ്ഓഫിസിൽ തകർന്നടിഞ്ഞു എന്നതാണ് വസ്തുത. 185 കോടി മുടക്കിയ ലാൽ സിങ് ഛദ്ദ ആദ്യ ദിനം 10 കോടി നേടിയിരുന്നു. എന്നാൽ രണ്ടാം ദിനത്തിൽ ആദ്യദിനത്തേക്കാൾ 40 ശതമാനം വരുമാനം ഇടിഞ്ഞു. ബോളിവുഡിൽ സൂപ്പർതാര ചിത്രങ്ങളുടെ വീഴ്ച തുടരുകയാണ്. ബച്ചൻ പാണ്ഡെ, പൃഥ്വിരാജ് ചൗഹാൻ എന്നിവയുടെ വൻ തകർച്ചയ്ക്കു ശേഷം എത്തിയ അക്ഷയ് കുമാർ ചിത്രം രക്ഷാബന്ധനും ബോക്‌സ് ഓഫിസിൽ നിറംമങ്ങിയിരുന്നു. ബോളിവുഡിൽ താരങ്ങളുടെ പേരിൽ ചേരിത്തിരിവും ശക്തമാണ്. രാഷ്ട്രീയ എതിരാളികളും വിവാദങ്ങളുണ്ടാക്കുന്നു.

ആമിർ ഖാന്റെ, തുടർച്ചയായ രണ്ടാം ചിത്രമാണ് ബോക്‌സ്ഓഫിസിൽ പരാജയപ്പെടുന്നത്. ഇന്ത്യയിൽ വെള്ളിയാഴ്ച ആമിർ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. 75 കോടിക്കു മുകളിൽ കലക്ഷൻ ഉണ്ടാക്കാൻ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചില ഹിന്ദു സംഘടനകൾ ഈ സിനിമയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഇതിനെതിരെ വലിയ തോതിൽ സൈബർ പ്രചരണവും നടന്നു. പക്ഷേ തിയേറ്ററിലേക്ക് ആളെ എത്തിക്കാൻ ഈ വിവാദങ്ങൾക്ക് കഴിഞ്ഞതുമില്ല.

അമീർ ഖാൻ ചിത്രം പാൻ ഇന്ത്യൻ ഓഡിയൻസിനു വേണ്ട ഘടകങ്ങൾ സിനിമയിൽ ഇല്ലെന്നും പ്രീമിയം മൾട്ടിപ്ലക്‌സ് ഓഡിയൻസിനെയാണ് ചിത്രം കൂടുതലായും സ്വാധീനിച്ചതെന്നും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറഞ്ഞു. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു. 2018 ൽ റിലീസ് ചെയ്ത തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷം റിലീസിനെത്തുന്ന ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ലാൽ സിങ് ഛദ്ദ. ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്. ചിത്രത്തിൽ ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. എന്നിട്ടും വിജയിച്ചില്ലെന്നതാണ് വസ്തുത.

ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. നടൻ അതുൽ കുൽക്കർണിയാണ് ഹിന്ദിയിൽ തിരക്കഥയൊരുക്കിയത്. 2015ൽ ആമിർ ഖാൻ നടത്തിയ ഒരു പ്രസ്താവനയോട് ബന്ധപ്പെടുത്തി ചില ആളുകൾ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു.