നൈജീരിയയിലെ ചന്തയിൽ ബെൽറ്റ് ബോംബ് പൊട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവതിയെ ജനക്കൂട്ടം മർദിച്ച് കൊന്നു. നോർത്ത് ഈസ്റ്റേൺ നൈജീരിയയിലെ മൈഡുഗുരിയിലെ കസുവ ജില്ലയിലെ കസുവേ ഷാനു കാറ്റിൽ മാർക്കറ്റിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. തന്റെ അരയിലെ ബെൽറ്റിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിക്കാൻ യുവതി കഠിനശ്രമം നടത്തിയെങ്കിലും അത് വിജയിക്കാതെ പോവുകയും ഇത് കണ്ട നാട്ടുകാർ ഓടി വന്ന അവരെ തല്ലിക്കൊല്ലുകയുമായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന മനുഷ്യബോംബറായ മറ്റൊരു സ്ത്രീ വിജയകരമായി ബോംബ് പൊട്ടിച്ചിരുന്നു. എന്നാൽ അതിനെ തുടർന്ന് ആ സ്ത്രീ മാത്രമേ മരിച്ചിട്ടുള്ളൂ. തിരക്കേറിയ ഈ മാർക്കറ്റിൽ ബോംബ് പൊട്ടിച്ച് പരമാവധി പേരെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ആത്മഹത്യാബോംബർമാരുമെത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ആദ്യത്തെ സ്ത്രീ സ്വയം ബോബ് പൊട്ടിച്ചും രണ്ടാമത്തെ സ്ത്രീയെ നാട്ടുകാർ മർദിച്ച് കൊന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ രാവിലെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 8.40നായിരുന്നു സംഭവം നടന്നത്. രണ്ട് തീവ്രവാദികളും ബോക്കോഹറാമിൽ നിന്നുള്ളവരാണെന്നാണ് സെക്യൂരിറ്റി ഫോഴ്സുകൾ വിശ്വസിക്കുന്നത്. ബോക്കോ ഹറാമിനെ അവരുടെ ശക്തികേന്ദ്രമായ സാംബിസ വനത്തിൽ നിന്നും തൂത്തെറിയാൻ സാധിച്ചുവെന്ന് ഈ ആഴ്ച നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി അവകാശപ്പെട്ടിരുന്നു. ഡിസംബർ 23ന് നടന്ന നീക്കത്തിൽ വനത്തിലെ ക്യാമ്പ് തകർത്തുവെന്നും ഒളിക്കാൻ ഇടമില്ലാതെ തീവ്രവാദികൾ നെട്ടോട്ടമോടിയെന്നുമാണ് പ്രസിഡന്റ് പറയുന്നത്. ഇവരെ പിന്തുടർന്ന് പിടിച്ച നിയമത്തിന് മുന്നിലെത്തിക്കാൻ താൻ ചീഫ് ഓഫ് ആർമി സ്റ്റാഫുകളോട് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. ബോക്കോ ഹറാമിന്റെ ആത്യന്തിക തകർച്ചയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സൈന്യം ഇത്തരത്തിൽ ബോക്കോഹറാമിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നുണ്ടെങ്കിലും ഇവർ ഇപ്പോഴും നോർത്ത് ഈസ്റ്റിലും അടുത്തുള്ള നിഗെറിലും കാമറൂണിലും ബോംബാക്രമണങ്ങൾ നിരന്തരം നടത്തി വരുന്നുണ്ട്. ഞായറാഴ്ച ബോക്കോ ഹറാം തീവ്രവാദിയെന്ന് സംശയിക്കുന്ന ആൾ കാമറൂണിൽ ആത്മഹത്യാബോംബ് സ്ഫോടനം നടത്തി രണ്ട് പേരെ വധിച്ചിരുന്നു. ഏഴ് വർഷത്തെ തങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങൾക്കിടെ ഈ തീവ്രവാദികൾ 15,000 പേരെ വധിച്ചിട്ടുണ്ട്. ഇവരുടെ ഉപദ്രവം കാരണം രണ്ട് മില്യൺ പേർക്ക് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഷരിയ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക് ഭരണകൂടം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം.