ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ആശുപത്രിയിൽ ബോംബ് സ്‌ഫോടനം. ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നൂറിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സിവിൽ ഹോസ്പിറ്റലിലാണ് സ്‌ഫോടനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താൻ ബാർ അസോസിയേഷൻ പ്രസിഡൻ് ബിലാൽ അൻവർ കാസിയെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.

ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവർത്തകർ ആശുപത്രിയിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതെന്നും പൊലീസ് അധികൃതർ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

30 ലധികം പേർ പൊട്ടിത്തെറിയിൽ തന്നെ മരിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്‌ച്ചയാണ് സംഭവിച്ചതെന്നും ബലൂചിസ്താൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗവും അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രി പരിസരത്ത് മൊബൈൽ ജാമർ ആക്ടീവ് ചെയ്തതിനാൽ സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ല.