കണ്ണൂർ: നേതൃത്വങ്ങളുടെ അറിവോടെ സിപിഎമ്മും ബിജെപി- ആർ.എസ്.എസ് സംഘടനകളും കണ്ണൂർ ജില്ലയിൽ വ്യാപകമായി ബോബുകളും മറ്റു മാരകായുധങ്ങളും സംഭരിച്ചു വരുന്നതായി സൂചന. ആയുധങ്ങൾക്കും സ്‌ഫോടകവസ്തുക്കൾക്കും വേണ്ടി പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും ആയുധശേഖരം പൊലീസിന്റെ കണ്ണു വെട്ടിച്ച് കുഗ്രാമങ്ങളിലേക്ക് മാറുകയാണ്.

ചെറ്റക്കണ്ടി സ്‌ഫോടനത്തിനു കഴിഞ്ഞദിവസം സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും അറസ്റ്റിലായിരിക്കുകയാണ്. ബോംബു നിർമ്മാണത്തിൽ നേരിട്ടു പങ്കുള്ളതായി അറസ്റ്റിലായ ലോക്കൽ സെക്രട്ടറി വി എം. ചന്ദ്രൻ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. എന്നാൽ ബോംബു നിർമ്മിക്കുന്നതിൽ ആളും അർത്ഥവും നൽകി സഹായിക്കുന്നവരുടെ നേർക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.

ഡിജിപി സെൻകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ബോംബുകൾക്കായുള്ള തെരച്ചിൽ കണ്ണൂരിൽ ഊർജ്ജിതമാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പൊലീസ് റെയ്ഡിൽ ഉഗ്ര സ്‌ഫോടകശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയത്. കൊളവല്ലൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ കുന്നോത്ത് പറമ്പിലെ ആൾ താമസമില്ലാത്ത പറമ്പിൽ ഉഗ്രസ്‌ഫോടനശേഷിയുള്ള അഞ്ചുബോബുകളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു ഈ ബോംബുകൾ. പരിശോധനയിൽ ഇവ പുതുതായി നിർമ്മിച്ച ബോംബുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

രണ്ടുദിവസം മുൻപ് നടത്തിയ റെയ്ഡിൽ വിളക്കോട്ടൂരിൽനിന്ന് മൂന്നു നാടൻ ബോംബുകളും കുന്നോത്ത് പറമ്പിൽനിന്ന് ഒരു സ്റ്റീൽ ബോംബും പൊലീസ് കണ്ടെത്തിയിരുന്നു. പാനൂർ ചെറ്റക്കണ്ടിയിൽ ബോംബു നിർമ്മാണത്തിനിടെ രണ്ടു സിപിഐ(എം) പ്രവർത്തകർ മരിച്ച സംഭവത്തെ തുടർന്നാണ് ഈ മേഖലയിൽ പൊലീസ് റെയ്ഡ് വ്യാപകമാക്കിയത്. കൂത്തുപറമ്പ് ആയിത്തറ മേഖലയിൽനിന്നും കഴിഞ്ഞ ചൊവ്വാഴ്ച അതീവശേഷിയുള്ള മൂന്നു ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. സ്‌റ്റോൺ ക്രഷറിനു സമീപത്തും ആയിത്തറ മമ്പറം സ്‌ക്കൂളിനു പിറകിലുമായിട്ടാണ് ബോംബു സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിൽ ബോംബ്്് കണ്ടത്. പുതുതായി അക്രമത്തിനു കോപ്പു കൂട്ടുന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചെറ്റക്കണ്ടി സ്‌ഫോടനത്തിനു ശേഷവും സിപിഐ(എം), ആർ.എസ്.എസ് സംഘടനകൾ ആയുധങ്ങൾ സംഭരിക്കുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാത്രമല്ല കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായി ബോംബുകളുടെ സ്‌ഫോടനശേഷി കൂട്ടിയത് കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കും. ആയുധങ്ങൾ ശേഖരിക്കാനും നിർമ്മിക്കാനും രാഷ്ട്രീയനേതൃത്വങ്ങൾക്ക് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നു സമീപ ദിവസങ്ങളിലെ റെയ്ഡിൽ നിന്നും വൃക്തമാകുന്നുണ്ട്. സിപിഎമ്മും ബിജെപി യും ജില്ലയിൽ വീണ്ടും അക്രമത്തിനു കോപ്പു കൂട്ടുന്നതിന്റെ സൂചനയായി വേണം ഈ ആയുധ നിർമ്മാണത്തെ കരുതാൻ. സംഘർഷപ്രദേശത്ത് ഇനിയും ശക്തമായ പരിശോധന അനിവാര്യമായിരിക്കെയാണ് പുതിയ ബോംബു ശേഖരങ്ങളുടെ കണ്ടെത്തൽ.

ഇതോടെ ജില്ലിയിൽ ആകെ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. റെയ്ഡുകലും തുടരും. ഇതിനായി പ്രത്യേക സേനയേയും പൊലീസ് വിന്യസിച്ചിട്ടുണ്ട്. കമാണ്ടോ സേനയെ രംഗത്തിറക്കിയതും ഗുണം ചെയ്തു. രഹസ്യങ്ങൾ ചോരാതെ അതീവ ഗൗവരത്തോടെയാണ് നീക്കങ്ങൾ.