- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചീകരണത്തിനെത്തിയവർ കണ്ടത് ഐസ്‌ക്രീം ബോളിൽ തിരിയും ലോഹവും ഘടിപ്പിച്ച വസ്തു; സംശയം തോന്നി പൊലീസിനെ അറിയിച്ചപ്പോൾ നാടൻ ബോംബ്; പുല്ലാട് കുറവൻകുഴി ഗവ. യുപി സ്കുളിലെ ക്ലാസ് മുറിയിൽ കണ്ടത് തെരഞ്ഞെടുപ്പിന് പൊട്ടിക്കാൻ വച്ചിരുന്ന ബോംബ്; പോളിങ് സ്റ്റേഷനായിരുന്ന സ്കൂളിലെ ബോംബിന് പിന്നിൽ ദുരൂഹത
പത്തനംതിട്ട: അടച്ചിട്ടിരുന്ന സർക്കാർ യുപി സ്‌കൂളിന്റെ കെട്ടിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഐസ്‌ക്രീം ബോളിൽ നിന്ന് നീണ്ടിരിക്കുന്ന തിരി കണ്ടത് വിവരം പൊലീസിനെ അറിയിക്കാൻ തോന്നിയത് അവരുടെ ഭാഗ്യം. ബോംബ് സ്‌ക്വാഡ് വന്ന് നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞത് ഐസ്‌ക്രീം ബോളിനുള്ളിലുള്ളത് ഉഗ്രശേഷിയുള്ള ബോംബ് എന്ന്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷൻ ആയിരുന്ന കോയിപ്രം പഞ്ചായത്തിലെ പുല്ലാട് കുറവൻകുഴി കിഴക്കേപ്പുറം ഗവ.യു.പി സ്‌കൂളിലാണ് വ്യാഴാഴ്ച ഉച്ചയോടെ ക്ലാസ് മുറി ശുചീകരിക്കുന്നതിനിടയിൽ നാടൻ ബോംബ് കണ്ടെത്തിയത്. കോയിപ്രം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധനയ്ക്ക് ശേഷം നിർവീര്യമാക്കി. ഉഗ്രസ്ഫോടക ശേഷിയുള്ളതാണ് ബോംബ് എന്ന്പരിശോധനയിൽ സ്ഥിരീകരിച്ചു.
ശുചീകരണത്തിനായി എത്തിയവർ കെട്ടിടത്തിന്റെ മുകളിലെ ഓട് പൊട്ടിയത് പരിശോധിക്കുന്നതിനിടയിലാണ് ഐസ്‌ക്രീം ബോൾ കണ്ടത്. ഇത് എപ്പോഴാണ് ഇവിടെ കൊണ്ടിട്ടിരുന്നത് എന്ന് മനസിലായിട്ടില്ല. സ്‌കൂൾ തുറക്കാത്ത സമയമായതു കൊണ്ട് വലിയ അപകടം ഒഴിവായി. ഇനി സ്‌കൂൾ തുറന്നിട്ടാണെങ്കിലും കുട്ടികൾ ഇത് എടുത്തിരുന്നെങ്കിൽ വൻ ദുരന്തം തന്നെയുണ്ടാകുമായിരുന്നു. ഐസ്‌ക്രീം പാത്രം പശ വച്ചു ഒട്ടിച്ച നിലയിൽ ആയിരുന്നു. തിരി പുറത്തേക്ക് നീണ്ട നിലയിലാണ്. കത്തിക്കാൻ ശ്രമിച്ചിരുന്നോ എന്ന് കൂടുതൽ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിർവീര്യമാക്കിയ ബോംബ് കോയിപ്പുറം പൊലീസ് സ്റ്റേഷന് പുറത്തു സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സമീപത്തെ പാറമടയിൽ എത്തിച്ച് സ്ഫോടനം നടത്തും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്