- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് എകെജി സെന്ററിന് നേരേ ബോംബേറ്; ആക്രമണം രാത്രി 11.30 ഓടെ; ബോംബെറിഞ്ഞത് സ്‌കൂട്ടറിൽ എത്തിയ യുവാവ്; മതിലിൽ തട്ടി വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് ഇ പി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആസൂത്രിതം എന്നും ഇപി; മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്. എകെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ബോംബാക്രമണമുണ്ടായത്. രാത്രി 11. 30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.
എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുന്നുകുഴി ഭാഗത്തു നിന്ന് എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോബു വീണത്. സ്‌കൂട്ടറിൽ എത്തിയ യുവാവ് ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായി ഇ പി ജയരാജൻ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
നാടൻ ബോംബാണെറിഞ്ഞത് എന്നാണ് വിവരം. കന്റോൺമെന്റ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്‌കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നുവെന്ന് സിപിഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകൾ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അടക്കം മുതിർന്ന നേതാക്കൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ, പികെ ശ്രീമതി, മന്ത്രി ആന്റണി രാജു, എഎ റഹീം എംപി എന്നിവർ സ്ഥലത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്നാണ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.
കെപിസിസി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ എ.കെ.ജി സെന്റർ അടക്കമുള്ള പ്രധാന പ്രധാന പാർട്ടി ഓഫീസുകൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോൺഗ്രസ് പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് മുതിർന്ന സിപിഎം നേതാക്കൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ചു നടത്തി.
പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട് സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ