ന്യൂഡൽഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിൽ പലവിധ ചോദ്യങ്ങൾ സജീവമാകുന്നു. സംശയങ്ങൾ ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വമിയും സജീവമായി. മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെ വിശദീകരണത്തിനായി കാത്തിരിക്കാം. മാധ്യമങ്ങളിലെ വസ്തുതകൾക്ക് സ്ഥിരതയില്ലെന്നും എംപി പറഞ്ഞു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ചലച്ചിത്ര നടിമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു. അതിനിടെ അന്വേഷണം രണ്ടാഘട്ടത്തിലേക്ക് കടക്കുന്നുവെന്ന സൂചനയാണ് ദുബായ് പൊലീസ് നൽകുന്നത്.

ശ്രീദേവിയുടെ മരണത്തിൽ ആദ്യം മുതൽ സംശയമുണ്ടായിരുന്നു. ഇതിൽ കാര്യമുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ആദ്യ ഘട്ട അന്വേഷണം. ഹൃദയാഘാതമല്ല മരണ കാരണമെന്ന് വ്യക്തമായതോടെ അന്വേഷണം പുതിയ തലത്തിലെത്തി. അസ്വാഭാവികത എങ്ങനെ കണ്ടെത്തിയെന്ന് മനസ്സിലാക്കാനാണ് പുതിയ ശ്രമം. ഇതിനുള്ള രണ്ടാ ഘട്ട അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ വ്യക്തത വരും വരെ മൃതദേഹം ബന്ധുക്കൾക്ക് നൽകില്ലെന്നാണ് സൂചന. ദാവൂദ് ഇബ്രാഹിമുമായുയുള്ള ബന്ധം ചർച്ചയായ സാഹചര്യത്തിൽ കേസിനെ അതീവ ഗൗരവത്തോടെയാണ് ദുബായ് പൊലീസ് കാണുന്നത്. ഇക്കാര്യങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.

നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് ദുബായിലെ ഫോറൻസിക് ഫലം വെളിപ്പെടുത്തുന്നത്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിക്കുകയാണ്. ശ്രീദേവി അവർ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിൽ നടി മുങ്ങിമരിച്ചു എന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. ബാത്ത് ടബ്ബിലേക്കുള്ള വീഴ്‌ച്ചയിൽ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി രംഗത്ത് വരുന്നത്. ദാവൂദ് ഇബ്രഹിമുമായുള്ള ബന്ധവും ചർച്ചയാകുന്നതോടെ വിഷയത്തിന് പുതയ തലം വരികയാണ്.

ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കുടിക്കുമായിരുന്നില്ല. പിന്നെങ്ങനെ താരത്തിന്റെ ശരീരത്തിൽ അമിത അളവിൽ മദ്യം എത്തി. സിസിടിവി കാമറകൾക്ക് എന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഡോക്ടർമാർ മരണം ഹൃദയ സ്തംഭനത്തെ തുടർന്നാണെന്നു പറയുകയായിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണം കൊലപാതകമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. അതിനിടെ ബോണി കപൂറിന്റെ പാസ് പോർട്ട് കണ്ടു കെട്ടിയ ദുബായ് പൊലീസ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ എംബസിയേയും പൊലീസ് അറിയിച്ചിട്ടുണ്ട്.

ശ്രീദേവിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നും രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ കുളിമുറിയിലെ ബാത്ത് ടബ്ബിൽ വീണതാകാം എന്നാണ് നിലവിലെ അനുമാനം. ബാത്ത് ടബ്ബിൽ വീണുകിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. തുടർന്ന് ശ്രീദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്നാണ് ബന്ധുക്കൾ ആദ്യം അറിയിച്ചത്. എന്നാൽ ഈവാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോറൻസിക് പരിശോധനാഫലമാണ് പുറത്തുവന്നത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മർവയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനായിരുന്നു ശ്രീദേവി യുഎഇയിൽ എത്തിയത്. ശ്രീദേവിയുടെ മരണ സാഹചര്യത്തിൽ പോസ്റ്റുമാർട്ടത്തിന് ശേഷം വിദഗദ്ധർ ഇന്നലെ യോഗം ചേർന്നിരുന്നു.

ശനിയാഴ്ച രാത്രിയാണു ശ്രീദേവിയുടെ മൃതദേഹം ദുബായിലെ ഹോട്ടൽമുറിയിൽ കണ്ടെത്തിയത്. തലയിലെ മുറിവ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടി വരുന്നതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബായിയിൽ നിന്ന് ഉടൻ വിട്ടുനൽകില്ല. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിന്റെ മൊഴി നേരത്തേയും പൊലീസ് എടുത്തിരുന്നു. എന്നാൽ അതിൽ പല അവ്യക്തതകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്. ഇന്ത്യയിൽ നിന്നും ദുബായിൽ എത്തിയത് മുതലുള്ള സംഭവങ്ങൾ പടിപടിയായി ചോദിച്ചറിയുകയും ചെയ്തിരുന്നു. ഹോട്ടലിൽ കുളിക്കാൻ കയറിയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ വരികയും മുറിക്കുള്ളിൽ നിന്നും തട്ടലും മുട്ടലും കേട്ടെന്നും പിന്നീട് ശബ്ദവും ഇല്ലാതെവരികയും ചെയ്തതോടെയാണ് താൻ അകത്തു കടന്നു നോക്കിയതെന്നും അപ്പോൾ ശ്രീദേവി മരിച്ചു കിടക്കുകയായിരുന്നെന്നുമാണ് ബോണികപൂർ നൽകിയിരിക്കുന്ന മൊഴി.

ഫോറൻസിക് പരിശോധനകൾ എതിരാകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ബോണികപൂറിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാത്ത അവസ്ഥാ വിശേഷം സംജാതമാകൂ എന്നും പൊലീസ് പറയുന്നു. ദുബായ് യിലെ നിയമം അനുസരിച്ച് ആശുപത്രിക്ക് പുറത്തു വെച്ച് സാധാരണ മരണം സംഭവിച്ചാലും പൊലീസ് പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ കഴിയു. കേസുമായി ബന്ധപ്പെട്ടവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ജുമെയ്റാ എമിറേറ്റ്സ് ടവറിലെ 2201 മുറിയിൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള സംഭവങ്ങൾ അറിയുന്നതിനാണ് പൊലീസ് എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുപോകാൻ അനുമതി നൽകു. അന്വേഷണം നടക്കുന്നതിനാൽ ശ്രീദേവിയുടെ മൃതദേഹം അൽ ക്വാസിസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശ്രീദേവിയുടെ ഫോൺകോൾ റെക്കോഡ്സുകളും പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയിൽ എന്തു ചികിത്സ നടത്തിയിരുന്നു എന്തു മരുന്ന് കഴിച്ചിരുന്നു എന്തു സർജറികളാണ് നടന്നത് ഇവയിൽ എന്തെങ്കിലും മരണത്തിന് കാരണമായി മാറുന്നതായിരുന്നോ എന്നിങ്ങനെയെല്ലാമുള്ള മെഡിക്കൽ റെക്കോഡ്സുകളും പരിശോധനയ്ക്ക് ഇരയാക്കും. ദുബായ് നിയമപ്രകാരം ആദ്യം അറബിയിലുള്ള മരണസർട്ടിഫിക്കറ്റും പിന്നീട് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയും നൽകും. അതേസമയം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കപൂറിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.

ശ്രീദേവിയുടെ ശരീരം കൊണ്ടു വരുന്നതിനായി അനിൽ അംബാനിയുടെ റിലയൻസിന്റെ 13 സീറ്റ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തിൽ സജ്ജമായിരിക്കുകയാണ്. 4.30 യ്ക്ക് ഈ വിമാനം ഇവിടെ നിന്നും പുറപ്പെടുമെങ്കിലൂം നിലവിലെ സാഹചര്യത്തിൽ ശരീരം ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതി കിട്ടുമോ എന്ന ആശങ്ക നില നിൽക്കുകയാണ്.