വികസനവേലിയേറ്റത്തിൽ വംശനാശം അടഞ്ഞു കഴിഞ്ഞു എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന കേരളത്തിലെ തനത് കാലി ജനുസ്സാണ് വെച്ചൂർ പശു. അവസാനത്തെ ഏതാനും വെച്ചൂർ പശുക്കളെയും കാളന്മാരെയും തന്റെ കുറച്ചു വിദ്യാർത്ഥികളുടെ സഹായത്തോടെ തെരഞ്ഞു പിടിക്കുകയും ശാസ്ത്രീയ പ്രജനനത്തിലൂടെ ജനുസ്സിനെ വംശനാശത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തത് കേരള കാർഷിക സർവകലാശാലയിൽ ജനിതക - മൃഗപ്രജനന വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. ശോശാമ്മ ഐപ്പാണ്. വളർത്തുമൃഗ വൈവിധ്യസംരക്ഷണത്തിൽ ഇന്ത്യയ്ക്കാകെ മാതൃകയായിത്തീർന്ന വെച്ചൂർ സംരക്ഷണ പദ്ധതിയും ലോകത്തിലെ ഏറ്റവും ചെറിയ പശുവായ വെച്ചൂർ പശുവും അതോടെ ലോകപ്രശസ്തി നേടി. കാർഷിക സർവ്വകലാശാലയ്ക്കകത്തു നിന്നും പുറത്തു നിന്നും ഉയർന്ന രൂക്ഷമായ എതിർപ്പുകളെയും ഹീനമായ തേജോവധശ്രമങ്ങളെയും എല്ലാം നേരിട്ടുകൊണ്ട് വെച്ചൂർ പശുവിനെയും ഒപ്പം കാസർഗോഡ് പശുവിനെയും വംശനാശത്തിൽ നിന്ന് രക്ഷിച്ച കഥയും തുടർന്ന് സർവ്വകലാശാലയിൽ നടന്ന ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങളും വിവരിക്കുന്ന പുസ്തകമാണ് വെച്ചൂർപ്പശു: പുനർജ്ജന്മം.
 
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ ഐ എ എസ് വെച്ചൂർ നാരായണ അയ്യർക്ക് നൽകിക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കും. കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐ എ എസ് അധ്യക്ഷയായിരിക്കുന്ന ചടങ്ങിൽ സംരക്ഷണ പദ്ധതിക്ക് ആദ്യത്തെ വെച്ചൂർ പശുവിനെ നൽകിയ മനോഹരൻ - മേദിനി ദമ്പതിമാരെ ആദരിക്കും. ചെന്നൈ ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ സാബു കുര്യൻ ജോൺ പുസ്തകം പരിചയപ്പെടുത്തും. നാമക്കൽ വെറ്ററിനറി കോളേജ് മുൻ ഡീൻ   ശ്രീ. എൻ കന്തസാമി, ഇൻവിസ് മൾട്ടിമീഡിയയുടെ ശ്രീ. എം ആർ ഹരി, ശ്രീ. താഷ്ക്കന്റ് പൈകട എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ്, തൃശൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും യോഗം.